മബേല ഇൻഡസ്ട്രിയൽ ഏരിയയിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

ഇ-പേയ്‌മെന്റ് സേവനങ്ങളില്ല; 300 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

മസ്കത്ത്: ഇലക്ട്രോണിക് പേയ്‌മെന്റ് സേവനങ്ങൾ നൽകാത്തതിനെ തുടർന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം സീബ് വിലായത്തിലെ മബേല ഇൻഡസ്ട്രിയൽ ഏരിയയിലെ 300 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. വിപണി നിയന്ത്രണവും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി മന്ത്രാലയം നടത്തിയ പരിശോധനാ കാമ്പയിനിന്റെ ഭാഗമായാണ് ഈ നടപടി. വാണിജ്യ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പരിശോധനാ കാമ്പയ്‌നുകൾ ശക്തമാക്കുന്നത് തുടരുന്ന മന്ത്രാലയത്തിന്റെ പരിശോധന വകുപ്പാണ് നടപടികൾ സ്വീകരിച്ചത്.

2022 ജനുവരിയിലാണ്​ വ്യാപാര സ്ഥാപനങ്ങളിൽ ഇ-പേമെന്‍റ്​ സംവിധാനം അധികൃതർ നിർബന്ധമാക്കി തുടങ്ങിയത്​​. ഇതനുസരിച്ച് പല സ്ഥാപനങ്ങളും ഇ-പേയ്​മെൻറ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതുവരെയും സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപങ്ങൾക്കെതിരൊയണ്​ നടപടികൾ എടുത്തുകൊണ്ടിരിക്കുന്നത്​. ഫുഡ് സ്റ്റഫ് സ്ഥാപനങ്ങൾ, സ്വർണ്ണം-വെള്ളി വ്യാപാര സ്ഥാപനങ്ങൾ, റസ്റ്ററൻറുകൾ, കഫേകൾ, പച്ചക്കറി പഴ വർഗ്ഗ വ്യാപാര സ്ഥാപനങ്ങൾ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ, കെട്ടിട നിർമാണ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായ മേഖല, കോംപ്ലക്സുകൾ, മാളുകൾ, ഗിഫ്റ്റ് ഇനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയിലാണ് ഇ-പേയ്മെൻറ് സംവിധാനം നടപ്പിലാക്കിയത്.

അതേസമയം, വ്യാപാരികൾക്ക് ഈ പെയ്​മെന്‍റ്​ സംവിധാനത്തിനുള്ള ഉപകരണം നേടുന്നതിനുള്ള വെല്ലുവിളികൾ മറികടക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇത്​ വേഗത്തിൽ ലഭ്യമാക്കാൻ ബാങ്കുകളുമായും കമ്പനികളുമായും ഏകോപനം നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്​തമാക്കി. ക്രയവിക്രയ പ്രവർത്തനങ്ങൾ, കസ്റ്റമർ സർവിസ് മാനേജ്‌മെന്റ്, ഫിനാൻഷ്യൽ എന്നിവ ത്വരിതപ്പെടുത്തുന്നതിന് പുറമേ, പണമിടപാടിലെ സുരക്ഷാ അപകടസാധ്യതകൾ കുറക്കുന്നതിനും, സമഗ്രമായ ഡിജിറ്റൽ പരിവർത്തനം കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായണ്​ ഇ-പേമെന്‍റ്​ സംവിധാനം ഒരുക്കിയിരിക്കുന്നത്. മോഷണം, വഞ്ചന, വ്യാജ ബില്ലിങ്ങ്​ എന്നിവ തടയലും ഇതിന്‍റെ ലക്ഷ്യങ്ങളൊന്നാണ്​.

ബിനാമി ഇടപാടുകൾ, നികുതി വെട്ടിപ്പ് എന്നിവ തടയുന്നതിന് ഇ-പേയ്‌മെന്റ് സംവിധാനം പൂർണമായും നടപ്പിലക്കേണ്ടതാണെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.

ഇലക്ട്രോണിക് പേയ്‌മെന്റ് ഓപ്ഷനുകൾ നൽകാതിരിക്കുകയോ ഡിജിറ്റൽ ഇടപാടുകൾക്ക് അന്യായമായ അധിക ഫീസ് ചുമത്തുന്നതോ ആയ ഏതെങ്കിലും വാണിജ്യ സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർഥിച്ചു. എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഇലക്ട്രോണിക് പേയ്‌മെന്റ് സേവനങ്ങൾ നൽകണമെന്നും ഫോൺ നമ്പറുകൾ വഴി ബാങ്ക് ട്രാൻസ്ഫറുകൾ അഭ്യർഥിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും വാണിജ്യവ്യവസായ നക്ഷേപക പ്രോത്സാഹന മന്ത്രാലയം ആവശ്യപ്പെട്ടു.

ഇലക്ട്രോണിക് പേയ്‌മെന്റ് ഓപ്ഷനുകൾ നൽകാത്ത സ്ഥാപനങ്ങക്കെതിരെ തജാവുബ് പ്ലാറ്റ്‌ഫോം വഴി റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഉ​പഭോക്​താക്കൾക്ക്​ ഇ-പേമെന്‍റ്​ സേവനം നൽകുന്നതുമായി ബന്ധപ്പെട്ട്​ കട ഉടമകൾക്കായി നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തിയിരുന്നു.

Tags:    
News Summary - No e-payment services; 300 commercial establishments fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.