മസ്കത്ത്: ഗൃഹാതുരത്വ സ്മരണകളുണർത്തി ഒമാനിലെ മലയാളി പ്രവാസികളും ഓണാഘോഷത്തെ വരവേൽക്കാനൊരുങ്ങി. പൊതുഅവധി ദിനമായതിനാൽ ഇത്തവണ പൊന്നോണത്തിന് പൊലിമയേറും. പ്രമുഖ വ്യാപാര സ്ഥാപനങ്ങളിലും ഹൈപർ മാർക്കറ്റുകളിലും വൻ തോതിൽ ഓണവിഭവങ്ങൾ എത്തിക്കഴിഞ്ഞു. ഹൈപർമാർക്കറ്റുകളിൽ ഓണവിഭവങ്ങൾക്ക് പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓണവിഭവങ്ങളായ മട്ട അരി, തേങ്ങ, വിവിധ ഇനം പച്ചക്കറികൾ, പായസത്തിന് ആവശ്യമായ വിഭവങ്ങൾ, അച്ചാറുകൾ, പഴ വർഗങ്ങൾ എന്നിവക്കെല്ലാം പ്രത്യേക ഓഫറുണ്ട്. ഓണ വസ്ത്രങ്ങൾക്കും ഇതര വസ്ത്രങ്ങൾക്കും പ്രത്യേക ഓഫറാണ് വ്യപാര സ്ഥപനങ്ങൾ നൽകുന്നത്.
ഓണാഘോഷത്തിരക്ക് പലയിടത്തും അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളിൽ തിരക്കേറും. പ്രവാസലോകത്തെ ചെറുതും വലുതുമായ സംഘടനകൾ ഓണാഘോഷം സംഘടിപ്പിക്കുന്നുണ്ട്. വാരാന്ത്യദിനങ്ങളിലാണ് ആഘോഷങ്ങൾ നടക്കാറുള്ളത്. അതുകൊണ്ടുതന്നെ പാർട്ടി ഹാളുകളും മറ്റും ബുക്ക് ചെയ്യുന്ന തിരക്കിലാണ് സംഘടനകൾ.
ഇന്ത്യൻ സോഷ്യൽ ക്ലബ് അടക്കം വലിയ പ്രവാസ സംഘടനകളുടെ പ്രധാന ആഘോഷവും ഓണമാണ്. ഇത്തരം ആഘോഷങ്ങളിൽ നാട്ടിൽനിന്നുള്ള കലാകാരന്മാരും സാംസ്കാരിക പ്രമുഖരും പങ്കെടുക്കാറുണ്ട്. വരുംദിവസങ്ങളിൽ നാട്ടിൽനിന്നുള്ള നിരവധി കലാകാരന്മാർ മസ്കത്തിലെ മണ്ണിലെത്തും. ഇത്തരം സംഘടനകൾക്ക് പുറമെ വിവിധ ജില്ല അസോസിയേഷനുകളും വിവിധ സഥാപനങ്ങളും അലുമ്നികളും ഓണം ആഘോഷിക്കാറുണ്ട്. എന്നാൽ വാരാന്ത്യങ്ങളിൽ ഹാളുകൾ ലഭിക്കുന്നതും മറ്റും അടക്കമുള്ള നിരവധി പ്രശ്നങ്ങളാൽ ആഘോഷങ്ങൾ രണ്ട് മൂന്ന് മാസംവരെ നീളാറുണ്ട്.
ഇത്തവണ ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്നവരുടെ എണ്ണം താരതമേന്യ കുറവായിരിക്കും. വേനലവധി കഴിഞ്ഞ് മിക്കവാറും കുടുംബങ്ങൾ നാട്ടിൽനിന്ന് മടങ്ങിയെത്തിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. ഹൈപ്പർ മാർക്കറ്റുകളിൽ നാട്ടിലേതിന് സമാനമായ ഓണച്ചന്തകൾ ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ ഓണസദ്യക്കായി ഹോട്ടലുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇതാണ് ഓണസദ്യകൾ നൽകുന്ന ഹോട്ടലുകളുടെ എണ്ണത്തിൽ ഉണ്ടായ വർധന കാണിക്കുന്നത്. ചെറിയ ഹോട്ടലുകൾ മുതൽ സ്റ്റാർ ഹോട്ടലുകൾ വരെ ഓണസദ്യ ഒരുക്കിയിട്ടുണ്ട്.
ഇരുപത്തിയഞ്ചോളം വിഭവങ്ങൾ കൂട്ടിയുള്ള സദ്യക്ക് രണ്ടര റിയാൽ മുതൽ അഞ്ച് റിയാൽ വരെയാണ് ഈടാക്കുന്നത്. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാനുള്ള ബുക്കിങ്ങുകൾക്കും പാർസലുകൾക്കും ഒട്ടേറെ ഓർഡറുകൾ ഇതിനോടകം ലഭിച്ചുകഴിഞ്ഞതായാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.
ബാച്ചിലേഴ്സിന് പുറമെ കുടുംബങ്ങളും സദ്യക്കായി ഹോട്ടലുകളെ തന്നെ ആശ്രയിക്കുകയാണ്. ഇതിനുപുറമെ ഹൈപ്പർ മാർക്കറ്റുകളും ഓണസദ്യ പാർസലായി നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.