ലബുബു കളിപ്പാട്ടങ്ങൾ

ലബുബു കളിപ്പാട്ടങ്ങൾക്ക് ഒമാനിൽ നിരോധനമില്ല -സി.പി.എ

മസ്കത്ത്: ലബുബു കളിപ്പാട്ടങ്ങൾ ഒമാനിൽ നിരോധിച്ചിട്ടില്ലെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഈ ഉൽപന്നങ്ങൾ മസ്കത്ത് മുനിസിപ്പാലിറ്റിയും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിരോധിച്ചതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ പശ്ചാതലത്തിലാണ് അധികൃതർ വിശദീകരണവുമായി എത്തിയിരിക്കുന്നത്.

അതേസമയം, ലബുബുവിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, ‘കുറോമി’ എന്നറിയപ്പെടുന്ന പാവ, അനുബന്ധ ഉപകരണങ്ങൾ, സ്കൂൾ ബാഗുകൾ എന്നിവയുൾപ്പെടെ തലയോട്ടിയുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന 347 കുട്ടികളുടെ കളിപ്പാട്ടങ്ങളും സ്കൂൾ സാധനങ്ങളും അധികൃതർ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.മതപരമായ മൂല്യങ്ങള്‍ക്ക് നിരക്കാത്തതിനെ തുടർന്നായിരുന്നു മസ്‌കത്ത് ഗവര്‍ണറേറ്റിൽനിന്ന് 347 വസ്തുക്കൾ കണ്ടുകെട്ടിയത്.

ഉപഭോക്തൃ നിയമങ്ങളും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും ലംഘിച്ചതിനാണ് നടപടി. സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും സാധനങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. കമ്യൂണിറ്റി മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ദേശീയ നിയമങ്ങളും സാംസ്‌കാരിക മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പിക്കുന്നതില്‍ വ്യാപാരികള്‍ക്ക് പ്രതിബദ്ധതയുണ്ടാകണമെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം ആവശ്യപ്പെട്ടു.എന്നാൽ, ലബുബു കളിപ്പാട്ടങ്ങൾക്ക് യതൊരു നിരോധനവും രാജ്യത്ത് ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഇന്റര്‍നെറ്റിലെ പുതിയ തരംഗമാണ് ലബുബു പാവകള്‍. ഓൺലൈനിൽ ഒരു പാവക്ക് 5,000 മുതൽ 6,000രൂപ വരെ വിലയുണ്ട്. കൂർത്ത പല്ലുള്ള, വിചിത്ര മുഖമുള്ള ഒരു കളിപ്പാട്ടം ആഡംബര സ്വകാര്യ ശേഖരമെന്ന നിലയില്‍ ലോകമെങ്ങും ട്രെന്‍ഡായി മാറുകയായിരുന്നു.ഹോങ്കോങ്-ബെൽജിയൻ കലാകാരനായ കാസിങ് ലുങ് 2015 ൽ തന്റെ ഗ്രാഫിക്-നോവൽ പരമ്പരയായ ദി മോൺസ്റ്റേഴ്‌സിന്റെ ഭാഗമായി സൃഷ്ടിച്ച കഥാപാത്രമാണ് ലബുബു. വൃത്താകൃതിയിലുള്ള രോമമുള്ള ശരീരം, വീതിയേറിയ കണ്ണുകൾ, കൂർത്ത ചെവികൾ, കൃത്യം ഒമ്പത് മൂർച്ചയുള്ള പല്ലുകൾ എന്നിവ ഈ പാവയുടെ സവിശേഷതകളാണ്.

Tags:    
News Summary - There is no ban on Labubu toys in Oman - CPA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.