മുസന്ദം വിമനത്താവളത്തിന്റെ രൂപരേഖ
മസ്കത്ത്: മുസന്ദം വിമാനത്താവളനിർമാണ പ്രവർത്തനങ്ങളുടെ നടപടികൾക്ക് വേഗമേറുന്നു. ഖസബിലുള്ള നിർദിഷ്ട മുസന്ദം വിമാനത്താവളത്തിന്റെ രൂപകൽപനക്കും നിർമാണത്തിനുമുള്ള കരാറുകാരുടെ പ്രീ-ക്വാളിഫൈ ചെയ്യലിനായി നിരവധി പ്രാദേശിക, അന്തർദേശീയ കമ്പനികൾ ബിഡ് സമർപ്പിച്ചു. ടെൻഡർ നടപടികളിലേക്ക് കടന്നപ്പോൾ ഇരുപതോളം കമ്പനികൾ ബിഡുകൾ സമർപ്പിച്ചിട്ടുണ്ട്. ജൂലൈ 28 ആയിരുന്നു ബിഡുകൾ സമർപ്പിക്കാനുള്ള അവസാനതീയതി. വിമാനത്താവളത്തിന്റെ അന്തിമ രൂപകൽപന പൂർത്തിയായിട്ടുണ്ട്.
നിലവിലെ ഖസബ് വിമാനത്താവളം നിരവധി പ്രവർത്തനപരമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ വിമാനത്താവളത്തിന് ഏറെ സാധ്യതയാണ് അധികൃതർ കണക്കുകൂട്ടുന്നത്. ക്രൂസ് ടൂറിസ്റ്റുകളുൾപ്പെടെ പ്രതിവർഷം 200,000ലധികം വിനോദസഞ്ചാരികളെ ആകർഷിക്കാൻ മുസന്ദത്തിന് കഴിയുമെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. മികച്ച എയർ കണക്റ്റിവിറ്റി ഉപയോഗിക്കുകയാണെങ്കിൽ ഇത് ഇരട്ടിയാക്കാനും സാധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.
2028 രണ്ടാംപാദത്തോടെ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാക്കും. മേഖലയുടെതന്നെ വികസനത്തിന് പുതിയ വേഗം കൈവരിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന വിമാനത്താവളം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. റൺവേ, ടാക്സിവേ, ടെർമിനൽ, സർവിസ് ഏരിയ തുടങ്ങിയ നൂതന സൗകര്യങ്ങളോടെയാണ് മുസന്ദം വിമാനത്താവളം ഒരുങ്ങുന്നത്. കൂടാതെ നിലവിലെ ഖസബ് വിമാനത്താവളം നേരിടുന്ന പ്രവർത്തനവെല്ലുവിളികൾ, പ്രത്യേകിച്ച് 24 മണിക്കൂറും സർവിസ് നടത്താനുള്ള സാധ്യത എന്നിവ കാരണം പദ്ധതിക്ക് പ്രാധാന്യം ലഭിക്കുന്നുണ്ട്.
പദ്ധതിയെ ഘട്ടങ്ങളായി വിഭജിക്കും. ആദ്യഘട്ടത്തിൽ 45 മീറ്റർ വീതിയുള്ള റൺവേ ഉൾപ്പെടും. പ്രതിവർഷം 2,50,000 യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനായി ഒരു പാസഞ്ചർ കെട്ടിടം നിർമിക്കും. കൂടാതെ ഒരു എയർ ട്രാഫിക് കൺട്രോൾ ടവർ, 2520 മീറ്റർ നീളവും 45 മീറ്റർ വീതിയിലും റൺവേ, ടാക്സിവേകൾ, ഫയർ സ്റ്റേഷൻ, ഉപകരണങ്ങൾ നന്നാക്കുന്ന കടകൾ, ഒരു മറൈൻ റെസ്ക്യൂ സ്റ്റേഷൻ, വിമാനങ്ങൾക്കുള്ള പാർക്കിങ് സ്ഥലങ്ങൾ എന്നിവ നിർമിക്കും. വിമാനത്താവളത്തിലേക്ക് ഏഴ് കിലോമീറ്റർ നീളത്തിൽ പുതിയ റോഡും ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ, റൺവേ 3300 മീറ്ററായി വികസിപ്പിക്കും. എയർബസ് 330, 350, ബോയിങ് 787, 777 എന്നിവക്ക് പറക്കാൻ കഴിയും. കൂടാതെ ടാക്സിവേകളുടെയും വിമാന പാർക്കിങ് സ്ഥലങ്ങളുടെയും എണ്ണം വർധിപ്പിക്കും. മുസന്ദമിലെ വികസനങ്ങൾ നേരിട്ടറിയുന്നതിനായി നേരത്തേ സുൽത്താൻ ഹൈതം ബിൻ താരിഖ് ഗവർണറേറ്റ് സന്ദർശിച്ചിരുന്നു. മുസന്ദമിലെ ശൈഖുമാരുമായും പൗരപ്രമുഖരുമായും കൂടിക്കാഴ്ച നടത്തുകയും ആവശ്യങ്ങളും നിർദേശങ്ങളും ചോദിച്ചറിയുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.