സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് അതോറിറ്റിയും മക്വാരി അസറ്റ് മാനേജ്‌മെന്റും തമ്മിൽ വിവിധ പദ്ധതികൾക്കായി ധാരണാപത്രത്തിൽ ഒപ്പുവെച്ചപ്പോൾ
റിയാദ്: സൗദി അറേബ്യയിലെ നിക്ഷേപ അവസരങ്ങൾ വികസിപ്പിക്കുന്നതിനും പ്രധാന മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളിലും ഊർജ പരിവർത്തനത്തിലും സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും മക്വാരി അസറ്റ് മാനേജ്‌മെന്റും തമ്മിലാണ് കഴിഞ്ഞ ദിവസം കരാറിൽ ഉപ്പിട്ടത്.
ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഇലക്ട്രിക് വാഹന ഇൻഫ്രാസ്ട്രക്ചർ, ഊർജ സംഭരണം തുടങ്ങിയ മേഖലകളിലെ സാധ്യതയുള്ള സംയുക്ത നിക്ഷേപ ങ്ങളിൽ വിവിധ പദ്ധതികൾക്കായി കരാർ ലക്ഷ്യം വെക്കുന്നതായി അധികൃതർ അറിയിച്ചു.ധാരണാപത്രത്തിന്റെ ഭാഗമായി, റിയാദിൽ ഒരു പ്രാദേശിക ഓഫീസ് സ്ഥാപിക്കാൻ മക്വാരി അസറ്റ് മാനേജ്‌മെന്റ് പദ്ധതിയിടുന്നു.
ഇതുവഴി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പദ്ധതികൾ പ്രാദേശികവൽക്കരിക്കുന്നതിനും പ്രമുഖ ആഗോള നിക്ഷേപകരുമായി പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമുള്ള തന്ത്രത്തെ കൂടുതൽ പിന്തുണക്കുമെന്നും വിലയിരുത്തുന്നു.
ഏകദേശം 925 ബില്യൺ ഡോളർ ആസ്തികൾ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സോവറിൻ വെൽത്ത് ഫണ്ടുകളിൽ ഒന്നായ സൗദിയുടെ ഫണ്ട് സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യ വൽക്കരണം ത്വരിതപ്പെടുത്തുന്നതിനൊപ്പം സുസ്ഥിരമായ വരുമാനം സൃഷ്ടിക്കുന്നതിനും വഴിവെക്കും.
600 ബില്യൺ ഡോളറിലധികം ആസ്തികൾ കൈകാര്യം ചെയ്യുന്ന മക്വാരി അസറ്റ് മാനേജ്‌മെന്റ് ലോകമെമ്പാടുമുള്ള 175 ലധികം പോർട്ട്‌ഫോളിയോ കമ്പനികളുള്ള ആഗോള തലത്തിൽ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ചർ സംവിധാനമുള്ള ഒന്നാണ്.
സൗദി അറേബ്യയുടെ സാമ്പത്തിക പരിവർത്തനം നൽകുന്ന അവസരങ്ങളിലും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായുള്ള ഞങ്ങളുടെ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്ന തിലൂടെയും ഞങ്ങൾ ആവേശഭരിതരാണ്.
രാജ്യത്തിന്റെ ധീരമായ കാഴ്ചപ്പാടുമായി ഞങ്ങളുടെ വൈദഗ്ധ്യം സംയോജിപ്പിച്ചുകൊണ്ട്, രാജ്യത്തിന്റെ ഭാവി വികസനത്തിന് അടിവരയിടുന്ന ലോകോത്തര പദ്ധതികൾ നൽകാനുള്ള ഗണ്യമായ സാധ്യത ഞങ്ങൾ കാണുന്നുവെന്ന് മക്വാരി അസറ്റ് മാനേജ്‌മെന്റിന്റെ ആഗോള തലവൻ ബെൻ വേ പറഞ്ഞു.
സൗദിയെ ഒരു ആഗോള നിക്ഷേപ കേന്ദ്രമായും സുസ്ഥിര വളർച്ചയുടെ ഒരു ചാലകമായും സ്ഥാപിക്കുന്നതിലൂടെ, വിഷൻ 2030 ന്റെ ലക്ഷ്യങ്ങളിൽ ചിലത് പൂർത്തിയാക്കാനും പുതിയ കരാറിൽ ഒപ്പുവെച്ചതിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.