റിയാദ്: സൗദി അറേബ്യയിൽ ഔദ്യോഗിക ലൈസൻസോ വാണിജ്യ രജിസ്ട്രേഷനോ ഇല്ലാതെ വിദേശത്ത് നിന്ന് പ്രവർത്തിക്കുന്ന ഐ.ടി. കമ്പനികളിൽ നിന്ന് പ്രാദേശിക കമ്പനികൾക്ക് അനധികൃത മത്സരം നേരിടേണ്ടിവരുന്നുണ്ടെന്ന് റിയാദ് ചേംബറിലെ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മിറ്റി മുന്നറിയിപ്പ് നൽകി. ഈ സ്ഥാപനങ്ങൾ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകുന്നത് ലൈസൻസുള്ള കമ്പനികൾക്ക് വലിയ ദോഷമുണ്ടാക്കുന്നുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
ലൈസൻസുള്ള കമ്പനികൾക്ക് നികുതി, സകാത്, സർക്കാർ ഫീസ്, സൗദി പൗരന്മാരെ നിയമിക്കാനുള്ള സൗദിവത്ക്കരണ നിയമങ്ങൾ എന്നിവ പാലിക്കേണ്ടതുണ്ട്. എന്നാൽ, അനധികൃതമായി പ്രവർത്തിക്കുന്ന വിദേശ സ്ഥാപനങ്ങൾക്ക് ഇത്തരം സാമ്പത്തിക ബാധ്യതകളൊന്നും ഇല്ലാത്തതിനാൽ കുറഞ്ഞ നിരക്കിൽ സേവനം നൽകാൻ സാധിക്കുന്നു. ഇത് പ്രാദേശിക കമ്പനികളുടെ വരുമാനം കുറക്കുന്നതിനും മത്സരശേഷി ഇല്ലാതാക്കുന്നതിനും കാരണമാകുന്നു.
എ.ടി ജോലികൾ രാജ്യത്തിന് പുറത്തേക്ക് ഒഴുകിപ്പോകാനും ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്താനും സൗദിവത്ക്കരണത്തിനും ദേശീയ പ്രതിഭകളെ നിയമിക്കുന്നതിനും ഇത് തിരിച്ചടിയുണ്ടാകുന്നു. ഇത്തരത്തിലുള്ള കമ്പനികളുമായി ഇടപാടുകൾ നടത്തുന്നത് ഡേറ്റ ചോർച്ചയടക്കമുള്ള ഗുരുതരമായ സുരക്ഷ ഭീഷണികൾക്ക് കാരണമാകുമെന്ന് കമ്മിറ്റി ചെയർമാനായ സുലൈമാൻ അൽ അജ്ലാൻ മുന്നറിയിപ്പ് നൽകി. അനധികൃത വാണിജ്യ പ്രവർത്തനങ്ങൾക്കും കൂടുതൽ അപകടകരമായ കാര്യങ്ങൾക്കും ഈ ഡേറ്റ ദുരുപയോഗം ചെയ്യപ്പെടാം.
സൗദിയുടെ വലിയതും തുറന്നതുമായ വിപണി ഇത്തരം സ്ഥാപനങ്ങളെ ആകർഷിക്കുന്നുണ്ട്. ഔദ്യോഗികമായി വിപണിയിൽ പ്രവേശിക്കാനുള്ള നിയമപരമായ മാർഗങ്ങൾ അറിയാത്തവരും, നിയമത്തിലെ പഴുതുകൾ മനഃപൂർവം മുതലെടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. സോഷ്യൽ മീഡിയ വഴി ഉപഭോക്താക്കളുമായി ബന്ധപ്പെടുക, ബിസിനസ് ആവശ്യങ്ങൾക്കായി സന്ദർശക, ടൂറിസ്റ്റ്, ഉംറ വിസകളിൽ പ്രതിനിധികളെ അയക്കുക, വ്യാപാര മേളകളിൽ സന്ദർശകരായി എത്തി കമ്പനികളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ അനധികൃത മാർഗങ്ങളാണ് ഇവർ ഉപയോഗിക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾ ഇത്തരം സ്ഥാപനങ്ങളുമായി നേരിട്ട് ഇടപാടുകൾ നടത്തുന്നില്ലെങ്കിലും ചില ലൈസൻസുള്ള കമ്പനികൾ അവരുടെ പ്രോജക്ടുകൾ അനധികൃത വിദേശ ഓപ്പറേറ്റർമാർക്ക് സബ്കോൺട്രാക്റ്റ് നൽകുന്നത് നിയമലംഘനമാണെന്നും അൽ-അജ്ലാൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.