വെറ്ററൻസ് വിഭാഗത്തിലെ ചാമ്പ്യന്മാർ അബീർ ഫ്രൈഡേ
എഫ്.സി
ജിദ്ദ: ഒരു മാസത്തിലധികമായി ജിദ്ദ ഖാലിദ് ബിൻ വലീദ് അൽ റുസൂഫ് സ്റ്റേഡിയത്തിൽ നടന്നുവരുന്ന ആറാമത് 'അബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ് 2025' ന് ആവേശകരമായ സമാപനം. സൂപ്പർ ലീഗ് ഫൈനലിൽ കരുത്തരായ ബ്ലാസ്റ്റേഴ്സ് എഫ്.സിയെ സഡൻ ഡെത്തിലൂടെ പരാജയപ്പെടുത്തി എൻകംഫർട് എ.സി.സി ടീം ജേതാക്കളായി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും തുടർന്ന് നടന്ന ടൈബ്രേക്കറിലും സമനില തുടർന്നതിനാൽ സഡൻ ഡെത്തിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്.
സൂപ്പർ ലീഗിൽ ജേതാക്കളായ എൻകംഫർട് എ.സി.സി എ ടീം
ഗോകുലം എഫ്.സി നായകൻ റിഷാദിന്റെ നേതൃത്വത്തിൽ ഐ ലീഗ് താരങ്ങളായ ആസിഫ് ചെറുകുന്നൻ, അർഷദ് എന്നിവരൊപ്പം സനൂപ്, ആഷിഖ്, ശിഹാബ് തുടങ്ങി ജിദ്ദയിലെ തന്നെ ഏറ്റവും പരിചയ സമ്പന്നമായ പ്രതിരോധ നിരയെ കൂടി അണിനിരത്തി എൻ കംഫർട് എ.സി.സി എ ടീം ഒരു ഭാഗത്തും, കേരള പ്രീമിയർ ലീഗ് താരങ്ങളായ മുഹമ്മദ് ജിയാദ്, ആശിഫ് എന്നിവരോടൊപ്പം മുഹമ്മദ് ഫാസിൽ, സുബിൻ കൃഷ്ണ, ജിൻഷാദ് തുടങ്ങിയവർ അണിനിരന്ന ശക്തമായ താരനിരയുമായി ബ്ലാസ്റ്റേഴ്സ് എഫ്.സി മറുഭാഗത്തും അണിനിരന്നതോടെ വാശിയേറിയ ഫൈനൽ മത്സരം തടിച്ചു കൂടിയ ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളെ അവസാന സെക്കൻഡ് വരെ ആവേശത്തിന്റെയും ഉദ്വോഗത്തിന്റെയും മുൾമുനയിൽ നിർത്തി. നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞു ടൈബ്രേക്കറിലും ഇരുടീമുകളും സമനില തുടർന്നപ്പോൾ അവസാന സഡൻ ഡെത്തിൽ ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ഏഴാമത് കിക്ക് തട്ടി തെറിപ്പിച്ചു കൊണ്ട് എ.സി.സി ഗോൾകീപ്പർ ആഷിക്ക് ടീമിന് വിജയവും കിരീടവും സമ്മാനിക്കുകയായിരുന്നു.
എ.സി.സി ടീം ഡിഫൻഡർ സനൂപ് ആണ് ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ച്. ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ മുഹമ്മദ് ജിയാദ് ടൂർണമെന്റിലെ ടോപ് സ്കോറർ ആയും മുഹമ്മദ് ജുനൈസ് ഏറ്റവും നല്ല ഗോൾകീപ്പറായും, എ.സി.സി എ ടീമിന്റെ ആസിഫ് ചെറുകുന്നൻ ടൂർണമെന്റിലെ മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു. അബീർ മെഡിക്കൽ ഗ്രൂപ് മാർക്കറ്റിങ് മാനേജർ ഡോ. ഇമ്രാൻ, സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര എന്നിവർ ചേർന്ന് ജേതാക്കൾക്കുള്ള ട്രോഫിയും, ബ്ലൂ സ്റ്റാർ ടീം മാനേജർ അസ്കർ ജൂബിലി കാഷ് അവാർഡും സമ്മാനിച്ചു.
ബി ഡിവിഷൻ ഫൈനലിൽ യാസ് എഫ്.സിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഡക്സോപാക്ക് ന്യൂ കാസിൽ എഫ്.സി ചാമ്പ്യന്മാരായി. ബി ഡിവിഷൻ ഫൈനലും ഏതാണ്ട് തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു. ഡക്സോപാക്ക് ന്യൂ കാസിൽ എഫ്.സിക്ക് വേണ്ടി മുഹമ്മദ് ഷുഹൈബ്, മുഹമ്മദ് ഫഹൂദ് എന്നിവർ ഗോളുകൾ നേടി. ന്യൂ കാസിലിന്റെ മുഹമ്മദ് ഫഹൂദിനെ മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് ആയും മുഹമ്മദ് ഷുഹൈബിനെ ബി ഡിവിഷനിലെ ടോപ് സ്കോററായും തിരഞ്ഞെടുത്തു. യാസ് എഫ്.സിയുടെ ഷുഹൈബ് മുഹമ്മദ് മികച്ച ഗോൾകീപ്പറും ജംസീർ മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു. സിഫ് സീനിയർ വൈസ് പ്രസിഡന്റ് സലിം മമ്പാട് ചാമ്പ്യൻസ് ട്രോഫിയും സെക്രട്ടറി അബൂ കട്ടുപ്പാറ റണ്ണേഴ്സ് ട്രോഫിയും സമ്മാനിച്ചു. ബ്ലൂ സ്റ്റാർ ക്ലബ് ഭാരവാഹികളായ കുഞ്ഞാലി അബീർ, ശംസുദ്ദീൻ കൊണ്ടോട്ടി എന്നിവർ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.
ബി ഡിവിഷനിലെ വിജയികൾ ഡക്സോപാക്ക് ന്യൂ കാസിൽ
എഫ്.സി
വെറ്ററൻസ് വിഭാഗത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് സീനിയേഴ്സിനെ പരാജയപ്പെടുത്തി അബീർ ഫ്രൈഡേ എഫ്.സി ചാമ്പ്യന്മാരായി. നൗഷാദ്, ശിഹാബ് എന്നിവരാണ് ഫ്രൈഡേ എഫ്.സിയുടെ ഗോളുകൾ നേടിയത്. ഫ്രൈഡേ എഫ്.സിയുടെ നൗഷാദിനെ വെറ്ററൻസ് വിഭാഗം ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് ആയും ഹബീബ് റഹ്മാനെ മികച്ച ഗോൾകീപ്പറായും, സനൂപിനെ മികച്ച കളിക്കാരനായും തിരഞ്ഞെടുത്തു. ബ്ലാസ്റ്റേഴ്സ് സീനിയേഴ്സിന്റെ മുഹമ്മദ് ശിഹാബ് ആണ് വെറ്ററൻസ് വിഭാഗത്തിലെ ടോപ് സ്കോറർ. ജീവകാരുണ്യ പ്രവർത്തകൻ വാസു വെളുത്തേടത് വിന്നേഴ്സ് ട്രോഫിയും പാലക്കാട് ജില്ല കൂട്ടായ്മ ജനറൽ സെക്രട്ടറി മുജീബ് മൂത്തേടത് റണ്ണേഴ്സ് ട്രോഫിയും സമ്മാനിച്ചു. ബ്ലൂസ്റ്റാർ ക്ലബ് ഭാരവാഹികളായ രജീഷ് അരിപ്ര, ഷരീഫ് പാണക്കാട് എന്നിവർ ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. സിഫ് ഭാരവാഹികളായ നാസർ ശാന്തപുരം, യാസർ അറഫാത്, അൻവർ കരിപ്പ, ഫിറോസ് ചെറുകോട്, സലാം കാളികാവ്, നിസാം പാപ്പറ്റ, സഫീറുദ്ദീൻ കോട്ടപ്പുറം തുടങ്ങിയവർ വ്യക്തിഗത അവാർഡുകൾ സമ്മാനിച്ചു. കാണികൾക്കായി ഒരുക്കിയ ലക്കി ഡ്രോയിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഷാഫി പവർ ഹൗസ്, സെഡ്പ്രൊ എം.ഡി മുസ്തഫ കുട്ടശ്ശേരി, വിജയ് മസാല മാർക്കറ്റിങ് മാനേജർ മുസ്തഫ എന്നിവർ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.