ഒ.ഐ.സി.സി മക്ക ഏരിയ കമ്മിറ്റി ഭാരവാഹികൾ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
മക്ക: ഒ.ഐ.സി.സി മക്ക ഏരിയ കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണവും വിദ്യാഭ്യാസ, ആരോഗ്യ, പൊതുപ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചവർക്ക് പുരസ്കാര സമർപ്പണവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘ഓർമ്മയിൽ കുഞ്ഞൂഞ്ഞ്’ എന്ന പേരിൽ ഈ മാസം 27ന് ഞായറാഴ്ച രാത്രി 7.30ന് മക്ക നവാരിയയിലെ നജ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ചാണ്ടി ഉമ്മൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും.
മക്കയിലെ 16 ഓളം സർക്കാർ, സ്വകാര്യ ആശുപത്രികളിൽ മികച്ച സേവനം നടത്തുന്ന 60 മലയാളി നഴ്സുമാരെ 'ഉമ്മൻചാണ്ടി മെമ്മോറിയൽ സേവാ പുരസ്കാരം' നൽകി ആദരിക്കും. മക്കയിൽ നിന്നും ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ പഠിച്ച് പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ 'ഉമ്മൻചാണ്ടി മെമ്മോറിയൽ അക്കാദമിക് എക്സലൻസ്' അവാർഡ് നൽകിയും ആദരിക്കും. ആതുര ശുശ്രൂഷ രംഗത്തും പൊതുരംഗത്തും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് അബീർ മെഡിക്കൽ ഗ്രൂപ്പ് വൈസ് പ്രസിഡന്റും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. അഹമ്മദ് ആലുങ്ങലിനെ പ്രഥമ 'ഉമ്മൻചാണ്ടി മെമ്മോറിയൽ വിശിഷ്ട സേവ' പുരസ്കാരത്തിന് തിരഞ്ഞെടുത്തതായും ചടങ്ങിൽ ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഡോ. അഹമ്മദ് ആലുങ്ങൽ
നാട്ടിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ, മക്ക, ജിദ്ദ എന്നിവിടങ്ങളിൽ നിന്നുള്ള ഒ.ഐ.സി.സി നേതാക്കൾ, മക്കയിലെ മറ്റ് സംഘടനാ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, സ്വദേശി, വിദേശി പൗരപ്രമുഖന്മാർ, കലാ, സാംസ്കാരിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ അടക്കം ഏകദേശം 250 ഓളം ആളുകൾ പരിപാടിയിൽ സംബന്ധിക്കും.
ഒ.ഐ.സി.സി മക്ക പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ, ജനറൽ സെക്രട്ടറിമാരായ സലീം കണ്ണനാകുഴി, യാസർ പുളിക്കൽ, ട്രഷറര്‍ റഹീഫ് കണ്ണൂർ, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ മനാഫ് വയ്യാനം, ഹബീബ് കോഴിക്കോട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.