സൗദി-ഫ്രാൻസ് സംയുക്തനേതൃത്വത്തിൽ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ആരംഭിച്ച ദ്വിരാഷ്ട്ര പരിഹാര സമ്മേളനം
റിയാദ്: സൗദി അറേബ്യയുടെയും ഫ്രാൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ‘ദ്വിരാഷ്ട്ര പരിഹാര’ അന്താരാഷ്ട്ര സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. ഫലസ്തീൻ വിഷയത്തിൽ ശാശ്വത പരിഹാരം നടപ്പാക്കണമെന്ന ഉറച്ച നിലപാടിനെ അടിസ്ഥാനമാക്കിയാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.
ഫ്രാൻസുമായി ചേർന്നും ഇതര രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പങ്കാളിത്തത്തോടെയും ഫലസ്തീൻ പ്രശ്നം സമാധാന മാർഗങ്ങളിലൂടെ പരിഹരിക്കുന്നതിനുള്ള സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സൗദി പ്രസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ മന്ത്രി വ്യക്തമാക്കി. ഫലസ്തീൻ വിഷയത്തിലുള്ള സൗദിയുടെ ഉറച്ച നിലപാടുമായി യോജിക്കുന്ന സമ്മേളനമാണിത്. ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ പിന്തുണക്കുന്നതിനും 1967ലെ അതിർത്തികളിൽ കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി ഒരു ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും മന്ത്രി പറഞ്ഞു.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിൽ മിഡിലീസ്റ്റിൽ നീതിയുക്തമായ സമാധാനം സ്ഥാപിക്കാൻ സൗദി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ അവസാനിപ്പിക്കുന്നതിനും പതിനായിരക്കണക്കിന് നിരപരാധികളായ സാധാരണക്കാരുടെ ജീവൻ അപഹരിക്കുകയും മേഖലയിലെയും ലോകത്തിലെയും ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയും ചെയ്ത ഇസ്രായേൽ അധിനിവേശത്തിനെതിരെയുള്ള തുടർച്ചയായ അക്രമപരമ്പര അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന് സൗദി എപ്പോഴും ശ്രമിക്കുന്നു.
ഈ കാഴ്ചപ്പാടിൽനിന്നാണ് സമാധാനപരമായ പരിഹാരങ്ങളിലൂടെ ഫലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിനും മന്ത്രിതലത്തിൽ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുമുള്ള ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തിന് ഫ്രാൻസുമായി സഹകരിച്ച് സൗദി നേതൃത്വം നൽകുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഫലസ്തീൻ ജനതക്ക് ഒരു സ്വതന്ത്ര രാഷ്ട്രം എന്ന നിലയിൽ രണ്ട് രാഷ്ട്രങ്ങൾ സ്ഥാപിക്കുന്നതിനും മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനും വികസനത്തിലേക്കും സമൃദ്ധിയിലേക്കും ഫലസ്തീനെ മുന്നോട്ട് നയിക്കുന്നതിനും ആവശ്യപ്പെടുന്ന അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങൾ നടപ്പാക്കുന്നതിനായി ഞങ്ങൾ മുന്നോട്ട് പോകുമെന്നും അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി.
2024 സെപ്തംബറിൽ സൗദി അറേബ്യ, നോർവേ, യൂറോപ്യൻ യൂനിയൻ എന്നീ രാജ്യങ്ങൾ ചേർന്ന് ആരംഭിച്ച ദ്വിരാഷ്ട്ര പരിഹാരം ലക്ഷ്യമാക്കിയുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ ശ്രമങ്ങളെയാണ് സമ്മേളനം പിന്തുണക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ അവസാനിപ്പിക്കുക, അവരുടെ ന്യായമായ അവകാശങ്ങൾ വീണ്ടെടുക്കുക, മിഡിലീസ്റ്റിൽ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സംയുക്ത അറബ്-ഇസ്ലാമിക് മന്ത്രിതല സമിതിയുടെ ശ്രമങ്ങളുടെ തുടർച്ചയായാണ് ദ്വിരാഷ്ട്ര സമ്മേളനമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.