അബൂദബി: അഡ്മിനിസ്ട്രേറ്റീവ്, ടീച്ചിങ് സ്റ്റാഫുകള്‍ക്ക് വേനലവധി തുടങ്ങിയതിനാല്‍ യു.എ.ഇയിലുടനീളമുള്ള സ്കൂളുകളുടെ ഔദ്യോഗിക ആശയവിനിമയ ചാനലുകള്‍ നിരീക്ഷിക്കണമെന്ന് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്കി അധികൃതർ. സ്കൂള്‍ അധികൃതരോ വിദ്യാഭ്യാസ മന്ത്രാലയമോ അവധിക്കാലത്ത് പുറപ്പെടുവിക്കുന്ന അറിയിപ്പുകള് മാതാപിതാക്കള്‍ അറിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. സ്കൂളുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങളോ മറ്റ് അറിയിപ്പുകളോ ഉണ്ടായാല്‍ അവ പ്രധാനമായും നല്‍കുന്നത് ഔദ്യോഗിക ആശയവിനിമയ മാര്ഗങ്ങളിലൂടെയാവുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
കുട്ടികളുടെ പരീക്ഷാഫലങ്ങള്‍ പ്രത്യേകിച്ച് പുനപ്പരീക്ഷ എഴുതിയവരുടെ ഫലം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോര്‍ട്ടലിലെ കുട്ടികളുടെ അക്കൗണ്ട് മുഖേന മാതാപിതാക്കള്‍ക്ക് പരിശോധിക്കാം. ഔദ്യോഗികമായി ഫലം അംഗീകരിക്കുന്നതിനു പിന്നാലെ ഇവ പ്രസിദ്ധീകരിക്കുമെന്നും സ്കൂളുകള്‍ മാതാപിതാക്കളെ ഓര്‍മിപ്പിച്ചു. പരമാവധി നേരത്തേ തന്നെ വരുന്ന അക്കാദമിക് വര്‍ഷത്തേക്കുള്ള വിദ്യാര്‍ഥികളുടെ യൂണിഫോമുകള്‍ വാങ്ങണമെന്ന് സ്കൂള്‍ അധികൃതര്‍ മാതാപിതാക്കളോട് പറഞ്ഞു. ഔദ്യോഗിക ഔട്ട്ലെറ്റുകളില് എല്ലാ വലിപ്പങ്ങളിലുമുള്ള യൂണിഫോമുകളുടെ ശേഖരം വിദ്യാഭ്യാസ മന്ത്രാലയം ഉറപ്പുവരുത്തിയിട്ടുണ്ട്. മന്ത്രാലയം നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി അംഗീകൃത വിതരണക്കാരില്‍ നിന്നാവണം യൂണിഫോമുകള്‍ വാങ്ങേണ്ടത്. അതേസമയം അബൂദബിയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകരോട് തങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ ഉള്ള വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും നീക്കം ചെയ്യുകയോ അല്ലെങ്കില്‍ ഇവരെ ഫോളോ അല്ലെങ്കില്‍ കോണ്ടാക്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കാനും മെസേജിങ് ആപ്പുകളിലൂടെ ആശയവിനിമയം നടത്തുന്നത് ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
സ്വകാര്യ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ജോലി ചെയ്യുന്ന സ്ഥാപനം വെളിപ്പെടുത്തുന്നതിനും സ്വകാര്യ ഇമെയില്‍ വിലാസത്തിലൂടെ വിദ്യാര്‍ഥികളോടോ മാതാപിതാക്കളോടോ ആശയവിനിമയം ചെയ്യുന്നതിനും വിലക്കുണ്ട്. സ്കൂളുകള്‍ അനുവദിച്ചു നല്കുന്ന ഇമെയില്‍ വിലാസങ്ങള്‍ ഉപയോഗിച്ച് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ സൃഷ്ടിക്കരുത്, സാധ്യമാവുന്ന ഉയര്‍ന്ന പ്രൈവസി സെറ്റിങ്ങുകള് ഉപയോഗിക്കണം, പ്രൊഫഷനല്‍ പ്ലാറ്റ് ഫോമായ ലിങ്കഡിന്‍ പോലുള്ളവ ഒഴികെയുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ സ്കൂളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന വിവരം നല്‍കരുത്, നിലവിലുള്ള വിദ്യാര്‍ഥികളുടെയോ 18 വയസ്സില്‍ താഴെയുള്ള പൂര്‍വ വിദ്യാര്‍ഥികളുടെയും ഫോളോ, കോണ്ടാക്ട് അപേക്ഷകള്‍ സ്വീകരിക്കുകയോ അവര്‍ക്ക് അത്തരം കാര്യങ്ങള്‍ അയയ്ക്കുകയോ ചെയ്യരുത്, നിലവിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നുള്ള ഫോളോ/കോണ്ടാക്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കരുത്, നിലവിലെ വിദ്യാര്‍ഥികള്‍ അവരുടെ മാതാപിതാക്കള്‍, 18 വയസ്സില്‍ താഴെയുള്ള പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവരോട് വ്യക്തിഗത അക്കൗണ്ടുകള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്തരുത് തുടങ്ങിയ പത്തോളം നിബന്ധനകളും അധികൃതര്‍ അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്.
നിർദേശങ്ങളിൽ ചിലത്
● സ്കൂളുകള്‍ അനുവദിച്ചു നല്കുന്ന ഇമെയില്‍ വിലാസങ്ങള്‍ ഉപയോഗിച്ച് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ സൃഷ്ടിക്കരുത്
● സാധ്യമാവുന്ന ഉയര്‍ന്ന പ്രൈവസി സെറ്റിങ്ങുകള് ഉപയോഗിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.