ദുബൈ: അഫ്ഗാനിസ്താനിൽ താലിബാൻ ഭരണത്തിലേറിയ ശേഷം 17,619 പേർക്ക് അഭയമൊരുക്കി യു.എ.ഇ. അഫ്ഗാനിസ്താനിൽനിന്നുള്ള അഭയാർഥികളെ സംരക്ഷിക്കുന്നതിന് 135 കോടി ദിർഹം ചെലവഴിച്ചതായും വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. മറ്റു രാജ്യങ്ങളിലേക്ക് മാറുന്നതു വരെ അബൂദബിയിലെ എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലാണ് ഇവർക്ക് അഭയമൊരുക്കിയത്.
യു.എസ് സേനയുടെ പിന്മാറ്റത്തെ തുടർന്ന് താലിബാൻ അധികാരത്തിലേറിയതോടെ നിരവധിപേരാണ് രാജ്യം വിട്ടത്. ഇത്തരത്തിൽ എത്തിയവർക്കാണ് യു.എ.ഇ അഭയമൊരുക്കിയത്.അഫ്ഗാൻ പൗരന്മാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന രീതിയിലാണ് സഹായം നൽകിവന്നത്. ആരോഗ്യം, ലോജിസ്റ്റിക്സ്, നയതന്ത്രപരമായ സേവനങ്ങൾ, താമസം, ഭക്ഷണം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. എല്ലാവർക്കും സന്തോഷകരവും ക്ഷേമപൂർണവുമായ ജീവതം ഉറപ്പുവരുത്താനാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അതോടൊപ്പം എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റി അഭയാർഥികൾ പോകാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിന് 17 ഓഫിസുകളും തുറന്നു. സിറ്റിയിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കിയതിനൊപ്പം സ്കൂളുകളിലേക്ക് വാഹനഗതാഗതവും സജ്ജീകരിച്ചിരുന്നു. ട്രെയിനിങ്, പ്രഫഷനൽ കോഴ്സുകൾ 2600 പേർക്ക് ഉപകാരപ്പെട്ടിട്ടുണ്ട്.
അഫ്ഗാൻ ജനതയെ സഹായിക്കാനുള്ള ഒരു പരിശ്രമവും യു.എ.ഇ നഷ്ടപ്പെടുത്തിയില്ലെന്നും, ഇത് രാജ്യത്തിന്റെ ജീവകാരുണ്യ കാഴ്ചപ്പാടിന്റെയും സമാധാനവും സഹവർത്തിത്വവും സഹിഷ്ണുതയും മാനവിക സാഹോദര്യവും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാണെന്നും പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.