ഈ അഞ്ച് സൂക്ഷ്മ പോഷകങ്ങൾ കഴിക്കൂ; ഡിമൻഷ്യയും സ്​ട്രോക്കും ചെറുക്കാം...

സ്ട്രോക്ക്, ഡിമൻഷ്യ എന്നീ രോഗങ്ങളുടെ എണ്ണം വർധിച്ചുവരികയാണ് ഇന്ത്യയിൽ. 40കളിലുള്ളവർക്ക് പോലും ഡിമൻഷ്യ ബാധിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ജീനുകളും ജീവിത രീതികളിൽ വന്ന മാറ്റവുമാണ് അതിന്റെ പ്രധാന കാരണമെന്ന് ഡൽഹി എയിംസിലെ ന്യൂറോസർജനായ ഡോ. അരുൺ എൽ. നായിക് പറയുന്നു. സൂക്ഷ്മ പോഷകങ്ങളുടെ അഭാവമാണ് ഈ​ രോഗങ്ങൾ വർധിക്കാനുള്ള പ്രധാനകാരണമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. ഈ കുഞ്ഞുപോഷകങ്ങളുടെ അഭാവം ശരീരത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുകയെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നുമുണ്ട്. ഏതൊക്കെയാണ് അവ എന്ന് നോക്കാം.

മെഗ്നീഷ്യം

ഒരു ന്യൂറോപ്രൊട്ടക്റ്റീവ് ധാതുവായിട്ടാണ് മെഗ്നീഷ്യത്തെ കണക്കാക്കുന്നത്. രക്ത സമ്മർദം ശരിയായ അനുപാതത്തിലായിരിക്കാൻ മെഗ്നീഷ്യം നമ്മെ സഹായിക്കുന്നു. അതുപോലെ നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തെ ഭൂരിഭാഗം ആളുകൾക്കും മെഗ്നീഷ്യത്തിന്റെ ഉപയോഗത്തെ കുറിച്ച് അറിയില്ല. ആവശ്യമായ തോതിൽ മെഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാനും ആരും മുതിരാറില്ലെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. കൂടുതലായും പോളിഷ് ചെയ്ത അരിയാണ് ഇന്ത്യക്കാർ ഭക്ഷണമായി ഉപയോഗിക്കുന്നത്. അതുപോലെ പാലക് പോലുള്ള പച്ചക്കറികളും നട്സും കഴിക്കുന്നതും കുറവാണ് താനും. മത്തങ്ങവിത്തുകൾ, തവിടരി, അവകാഡോ, നേന്ത്രപ്പഴം, ഡാർക്ക് ചോക്കളേറ്റ് എന്നിവയിൽ മെഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.

ഇ​തെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ശരീരത്തിലെ മെഗ്നീഷ്യത്തിന്റെ അളവ് കൂട്ടാം.

ഡി.എച്ച്.എ

തലച്ചോറിലെ കോശ സ്തരങ്ങളിൽ കാണപ്പെടുന്ന ഒരു നിർണായക ഒമേഗ-3 കൊഴുപ്പാണ് ഡി.എച്ച്.എ (ഡോകോസഹെക്സെനോയിക് ആസിഡ്). കുറഞ്ഞ ഡി.എച്ച്.എ അളവ് തലച്ചോറിന്റെ വാർധക്യം, ഓർമക്കുറവ്, മാനസികാവസ്ഥയിലെ തകരാറുകൾ എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ സസ്യാഹാരികളിലും ഡി.എച്ച്.എ അപര്യാപ്തത കൂടുതലാണ്. കാരണം സസ്യാഹാരങ്ങളിൽ ഇതുണ്ടാകില്ല എന്നതു തന്നെ. കൊഴുപ്പുള്ള മത്സ്യം, കടൽപ്പായൽ, മുട്ടയുടെ മഞ്ഞക്കരു എന്നിവയിലാണ് ഈ കൊഴുപ്പ് അടങ്ങിയിട്ടുള്ളത്.

ക്രിയേറ്റിൻ

തലച്ചോറ് ഊർജത്തോടെ പ്രവർത്തിക്കാൻ ക്രിയേറ്റിൻ അത്യാവശ്യമാണ്. മസ്തിഷ്ക കോശങ്ങൾ അവയുടെ ഊർജ്ജ ശേഖരം കൈകാര്യം ചെയ്യാൻ ക്രിയേറ്റിൻ ഉപയോഗിക്കുന്നു. അതില്ലെങ്കിൽ, ന്യൂറോണുകൾ മന്ദഗതിയിലാകുകയും അകായ വാർധക്യത്തിനും പക്ഷാഘാതത്തിനും ഇരയാകുകയും ചെയ്തേക്കാം. ആട്ടിറച്ചി, ചിക്കൻ, മുട്ട, പാലുൽപ്പന്നങ്ങൾ എന്നിവയാണ് ക്രിയേറ്റിന്റെ മികച്ച സ്രോതസ്.

വിറ്റാമിൻ ബി കോംപ്ലക്സ്

ഓരോ ബി വിറ്റാമിനും (ബി1 മുതൽ ബി12 വരെ) തലച്ചോറിന്റെ രസതന്ത്രത്തിൽ സവിശേഷമായ പങ്കു വഹിക്കുന്നു. അവ ന്യൂറോ ട്രാൻസ്മിറ്ററുകളെ നിയന്ത്രിക്കുന്നു. നഗരങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരിൽ ഏകദേശം 47 ശതമാനം ആളുകൾക്കും ബി12​ന്റെ കുറവുണ്ടെന്നാണ് ഒരു പഠനത്തിൽ പറയുന്നത്. മാസ-പാൽ ഉൽപ്പന്നങ്ങളുടെ കുറവ് മൂലമാണിത് സംഭവിക്കുന്നത്. പാലുൽപ്പന്നങ്ങൾ, മുട്ട, കൂൺ, പയറ്, മധുരക്കിഴങ്ങ്, ചീര, വാഴപ്പഴം, സിട്രസ് പഴങ്ങൾ, വിത്തുകൾ എന്നിവയും വിറ്റാമിൻ ബി കോംപ്ലക്സ് ഉറവിടങ്ങളാണ്.

വിറ്റാമിൻ ഡി

വിറ്റാമിൻ ഡി ഒരു ന്യൂറോസ്റ്റീറോയിഡായും പ്രവർത്തിക്കുന്നുണ്ട്. ഇത് തലച്ചോറിന്റെ വികാസത്തിന് ഗുണകരമാണ്. വിറ്റാമിൻ ഡിയുടെ കുറവും അൽഷിമേഴ്സ് രോഗത്തിനും പക്ഷാഘാതത്തിനും ഉയർന്ന സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്നാണ് സമീപകാലത്ത് നടന്ന പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. ഇന്ത്യയിൽ വൈറ്റമിൻ ഡി അപര്യാപ്തത ഉള്ളവരുടെ എണ്ണം കൂടി വരികയാണ്. നഗര ജീവിതശൈലി, സൺസ്ക്രീൻ ഉപയോഗം, ഇൻഡോർ ജീവിതം എന്നിവയൊക്കെയാണ് ഇതിന് കാരണം.

കൊഴുപ്പുള്ള മത്സ്യം, മുട്ടയുടെ മഞ്ഞക്കരു, പാലുൽപ്പന്നങ്ങൾ, ധാന്യങ്ങൾ എന്നിവ വിറ്റാമിൻ ഡിയുടെ ഉറവിടങ്ങളാണ്. രാവിലെ മിതമായ രീതിയിൽ സൂര്യപ്രകാശമേൽക്കുന്നതും നല്ലതാണ്.

Tags:    
News Summary - 5 micronutrients most people are deficient that can prevent stroke and dementia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.