രക്ത സാമ്പിളുകൾ സുരക്ഷിതമായി ആശുപത്രികളിലേക്ക് കൊണ്ടു പോകാൻ ഡ്രോണുകളുമായി ഐ.സി.എം.ആറിലെ ഒരു സംഘം ഗവേഷകർ

നോയിഡയിലെ ജിംസ് ഹോസ്പിറ്റലിൽനിന്ന് ഡൽഹിയിലെ കൊണാട്ട് പ്ലേസിലുള്ള ലേഡി ഹാർഡിങ് മെഡിക്കൽ കോളജിലേക്ക് കുറച്ച് രക്ത സാമ്പിളുകൾ അടിയന്തരമായി എത്തിക്കണം. രണ്ട് സംസ്ഥാനങ്ങളിലാണെങ്കിലും ആശുപത്രികൾ തമ്മിൽ 35 കിലോമീറ്റർ അകലെമേയുള്ളൂ; പക്ഷേ, ആംബുലൻസിൽ വെച്ചുപിടിച്ചാൽ പോലും നഗരത്തിന്റെ ട്രാഫിക് തടസ്സങ്ങൾ നീങ്ങി ലക്ഷ്യസ്ഥല​ത്തെത്താൻ സാധാരണഗതിയിൽ ഒന്നേകാൽ മണിക്കൂറെങ്കിലും വേണ്ടിവരും. ഈ പരിമിതി എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് ഐ.സി.എം.ആറിലെ ഒരു സംഘം ഗവേഷകർ ഒരു പരീക്ഷണം നടത്തിയത്. ആംബുലൻസിനുപകരം, ഡ്രോൺ ഉപയോഗിച്ച് ആകാശമാർഗം രക്തസാമ്പിളുകൾ എത്തിക്കുക.

സാമ്പിളുകൾ കൊണ്ടുപോകാനായി പ്രത്യേകം പെട്ടിയും അവർ തയാറാക്കി. 15 മിനിറ്റുകൊണ്ട് സാമ്പിൾ ലക്ഷ്യസ്ഥലത്തെത്തി. 2023ലായിരുന്നു ഈ പരീക്ഷണം. അതിനുശേഷം, ഈ സാ​ങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന്റെ വിവിധ വശങ്ങൾ സംഘം വിശദമായി പഠിച്ചു. ഇപ്പോൾ, ഐ.സി.എം.ആർ ആ പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നു. നഗരങ്ങളിലും വിദൂര ഗ്രാമങ്ങളിലേക്കുമെല്ലാം ഡ്രോൺ സംവിധാനം ഏർപ്പെടുത്തുകയാണെങ്കിൽ അത് പൊതുജനാരോഗ്യ മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നതാണ് പഠനഫലത്തിന്റെ സംഗ്രഹം.

കുറഞ്ഞ സമയത്തിനുള്ളിൽ ആവശ്യമായ വസ്തുക്കൾ ആശുപത്രികളിലെത്തിക്കാൻ കഴിയും എന്നതാണ് ഈ സാ​ങ്കേതിക വിദ്യയുടെ പ്രധാന സവിശേഷത. പലപ്പോഴും ഇത്തരത്തിൽ സമയം ലാഭിക്കുന്നത് ജീവൻവരെ രക്ഷിക്കാൻ സാധിക്കും. അതേസമയം, ഇപ്പോഴും ചില വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട്. അത് ഡ്രോണിൽ കൊണ്ടുപോകുന്ന സാമ്പിളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ്.

കാലാവസ്ഥയാണ് മറ്റൊരു ഘടകം. ഡ്രോണുകളെ ആശ്രയിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്ന പ്രശ്നവുമുണ്ട്. എങ്കിലും, സവിശേഷഘട്ടങ്ങളിൽ ഡ്രോൺ വാഹനങ്ങളുടെ ആംബുലൻസ് സർവിസ് പൊതുജനാരോഗ്യ മേഖലയിൽ ഉപ​കാരപ്പെടുമെന്നതിൽ തർക്കമില്ല. 

Tags:    
News Summary - A team of researchers at ICMR is using drones to safely transport blood samples to hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.