ഫ്ളോറിഡ: അപൂർവയിനം ‘മാംസഭോജി’ എന്നറിയപ്പെടുന്ന ബാക്ടീരിയ മൂലമുണ്ടായ അണുബാധയെ തുടർന്ന് രണ്ടുമരണം. കടൽ വിഭവമായ ഓയ്സ്റ്റർ പാകം ചെയ്യാതെ കഴിച്ചതാണ് മരണകാരണമായതെന്നാണ് റിപ്പോർട്ടുകൾ. യു.എസിലെ ലൂസിയാനയിലും ഫ്ളോറിഡയിലുമായാണ് അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിവിധ ലക്ഷണങ്ങളുമായി 22 ആളുകളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഉപ്പുവെള്ളത്തിലും കടൽ ജീവികളിലും കാണപ്പെടുന്ന വൈബ്രിയോ വൾനിഫികസ് എന്ന ബാക്ടീരിയയാണ് അണുബാധക്ക് കാരണമെന്ന് ലൂസിയാന ആരോഗ്യവിഭാഗം അധികൃതർ സ്ഥിരീകരിച്ചു. കോളറയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുടെ അതേ കുടുംബത്തിൽപ്പെട്ടതാണ് വിബ്രിയോ വൾനിഫിക്കസ്. ഈ വർഷം ഇതുവരെ ബാക്ടീരിയ ഉള്ളിൽ ചെന്ന് നാലുപേരാണ് മരിച്ചത്.
പാകം ചെയ്യാത്ത കടൽ വിഭവങ്ങൾ കഴിക്കുന്നതിലൂടെയും മുറിവുള്ള ശരീരഭാഗങ്ങൾ ബാക്ടീരിയ സാന്നിധ്യമുള്ള വെള്ളവുമായി സമ്പർക്കത്തിൽ വരുന്നതിലൂടെയുമാണ് അണുബാധയുണ്ടാവുന്നത്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഭൂരിഭാഗവും മുറിവുകളിലൂടെ ബാക്ടീരിയ ഉള്ളിലേക്ക് കടന്ന് അണുബാധയേറ്റവരാണെന്നും മേഖലയിൽ ജാഗ്രത നിർദേശം നൽകിയതായും അധികൃതർ വ്യക്തമാക്കി.
മാംസഭോജിയെന്ന് അറിയപ്പെടുന്നുവെങ്കിലും ബാക്ടീരിയ മാംസം കഴിക്കുന്ന സ്വഭാവമുള്ളതല്ല. മറിച്ച് മുറിവിലൂടെയോ ഭക്ഷണത്തിലൂടെയോ അകത്തെത്തിയാൽ സമീപമുള്ള കലകളെ നശിപ്പിക്കും. ഇത് അവയവങ്ങൾ മുറിച്ചുമാറ്റേണ്ട സാഹചര്യത്തിന് വരെ കാരണമാവും. കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതോടെ ജീവൻവരെ അപകടത്തിലായേക്കും.
ഓരോ വർഷവും ഏകദേശം 80,000 ആളുകൾക്ക് വിബ്രിയോ അണുബാധ ഉണ്ടാകുന്നവെന്നാണ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) പുറത്തുവിട്ട കണക്കുകൾ. മെയ്, ഒക്ടോബർ മാസങ്ങളിൽ തീരപ്രദേശത്തോട് ചേർന്ന് നേരിയ ചൂടുള്ള വെള്ളത്തിലാണ് ഇവയുടെ സാന്നിധ്യം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അമേരിക്കയിൽ ബാക്ടീരിയ മൂലം അണുബാധയുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന 500 പേരിൽ 100 പേര് മരിക്കുന്നുണ്ടെന്ന് സി.ഡി.സി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.