ന്യൂഡൽഹി: സിവിൽ വ്യോമയാന മേഖലയിൽ എയർലൈൻ പ്രവർത്തനങ്ങളുടെ മേൽനോട്ടം മുതൽ വിമാനത്താവളുടെ സർട്ടിഫിക്കേഷൻവരെ മേൽനോട്ടം വഹിക്കുന്ന ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡി.ജി.സി.എ) ഒഴിഞ്ഞുകിടക്കുന്നത് പകുതിയോളം തസ്തികകൾ. ലോകത്ത് വേഗത്തിൽ വളരുന്ന വ്യോമയാന ഗതാഗത മേഖലയിലൊന്നായ രാജ്യത്ത് ഡി.ജി.സി.എയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആകെയുള്ളത് 553 ജീവനക്കാർ മാത്രമാണെന്ന് ഓദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. സാങ്കേതിക തസ്തികകളിൽ 50 ശതമാനത്തോളം നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.
സിവിൽ വ്യോമയാന ഗതാഗതത്തിലെ സുരക്ഷാ വിലയിരുത്തലുകൾമുതൽ പരിശോധനകൾ നടത്തി വിമാനത്താവളങ്ങളുടെ സർട്ടിഫിക്കേഷൻവരെ ഭാരിച്ച ഉത്തരാവാദിത്തമാണ് ഡി.ജി.സി.എക്കുള്ളത്. സ്ഥാപനത്തിൽ മതിയായ ജീവനക്കാരില്ലാതായത് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആശങ്കയുമുണ്ട്.
ഔദ്യോഗിക രേഖകൾ പ്രകാരം ഡി.ജി.സി.എയിൽ 1,063 സാങ്കേതിക തസ്തികകളാണുള്ളത്. ഇതിൽ 48 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്. ഇത് മേഖലയിൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനും സുരക്ഷാ ഓഡിറ്റുകൾ ഫലപ്രദമായി നടത്തുന്നതിനും വെല്ലുവിളിയാണെന്ന് വിലയിരുത്തപ്പെടുന്നു. 400 തസ്തികകൾ 2022ൽ അനുവദിക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്തവയാണ്. ഇവയിൽ നിയമനമായിട്ടില്ല.
എയർലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട് മേൽനോട്ടം വഹിക്കുന്ന ഫ്ലൈറ്റ് ഓപറേഷൻസ് ഇൻസ്പെക്ടർമാർ, വിമാനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന എയർവർത്തിനസ് ഓഫിസർമാർ, വിവിധ സംഭവങ്ങൾ അന്വേഷിക്കുന്ന എയർ സേഫ്റ്റി ഓഫിസർമാർ, സാങ്കേതിക മേൽനോട്ടം നൽകുന്ന എയ്റോനോട്ടിക്കൽ എൻജിനീയർമാർ എന്നിങ്ങനെ സാങ്കേതിക തസ്തികകളിൽ വലിയ പങ്കും ഒഴിഞ്ഞുകിടക്കുകയാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
ഉയർന്ന തസ്തികകളിലടക്കം നാമമാത്രമായ ആൾബലത്തിലാണ് ഡി.ജി.സി.എ മുന്നോട്ടുപോകുന്നതെന്നാണ് വ്യക്തമാകുന്നത്. നിലവിൽ, ഡി.ജി.സി.എയിലെ 18 ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഡി.ഡി.ജി) തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. ചിലത് അഞ്ച് വർഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുകയാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ചില തസ്തികകളിൽ മൂന്ന് വർഷം മുമ്പാണ് അവസാനമായി സ്ഥാനക്കയറ്റം വഴി നിയമനം നടത്തിയത്. ഒഴിവുള്ള ഡെപ്യൂട്ടി ഡയറക്ടർ ജനറൽ തസ്തികകളിൽ ആറെണ്ണം എയർവർത്തിനെസ് ഡയറക്ടറേറ്റിൽനിന്നും ആറ് എണ്ണം ഓപറേഷൻസിൽ നിന്നും രണ്ടെണ്ണം എയർ സേഫ്റ്റിയിൽനിന്നും നാലെണ്ണം ഫ്ലൈയിങ് ട്രെയിനിങ്, റെഗുലേഷൻ ഇൻഫർമേഷൻ ഉൾപ്പെടെ മറ്റ് ഡയറക്ടറേറ്റുകളിൽനിന്നുമാണ്.
മൂന്നുവർഷത്തിലധികം പ്രവർത്തന പരിചയമുള്ള ഡെപ്യൂട്ടി ഡയറക്ടർ ജനറൽമാരിൽനിന്ന് സ്ഥാനക്കയറ്റം മുഖേനയാണ് ജോയന്റ് ഡയറക്ടർ ജനറൽ (ജെ.ഡി.ജി) തസ്തികയിലേക്ക് നിയമനം നടക്കുന്നത്. എന്നാൽ, ഡി.ഡി.ജി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതുകൊണ്ടുതന്നെ ഇതിന് യോഗ്യരായ ഉദ്യോഗസ്ഥരുടെ അഭാവവുമുണ്ട്. ഒരു ജെ.ഡി.ജി തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇതേ സ്ഥിതി തുടർന്നാൽ വരും വർഷങ്ങളിൽ തസ്തികയിൽ ഓഫിസർമാരില്ലാത്ത സാഹചര്യമുണ്ടാവുമെന്നും ആശങ്കയുയരുന്നുണ്ട്.
സിവിൽ ഏവിയേഷൻ സുരക്ഷയുമായി ബന്ധപ്പെട്ട് ജൂലൈ ഒമ്പതിന് നടന്ന പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ യോഗത്തിൽ പ്രതിസന്ധികൾ ചർച്ചയായിരുന്നു. ഒച്ചിഴയും മട്ടിലുള്ള നിയമന നടപടികളും ആവശ്യമായ ബജറ്റിന്റെ അഭാവവുമാണ് ഡി.ജി.സി.എയിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ സുരക്ഷാ റാങ്കിങ് മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയ വെല്ലുവിളിയായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.