മുംബൈ: 189പേരുടെ മരണത്തിനിടയാക്കിയ 2006ലെ മുംബൈ ട്രെയിൻ സ്ഫോടന പരമ്പയിലെ പ്രതികളെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടു. 12 പേരെയാണ് വെറുതെ വിട്ടത്. 2015ൽ കുറ്റക്കാരെന്ന് കണ്ട് പ്രതികളിൽ 5 പേർക്ക് വധശിക്ഷയും 7 പേർക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചിരുന്നു.
പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്ന കാരണത്താൽ ജസ്റ്റിസുമാരായ അനിൽ കിലോർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങുന്ന ബഞ്ച് വിചാരണക്കോടതി ഉത്തരവ് റദ്ദാക്കുകയും പ്രതികളെ വെറുതെ വിടാൻ ഉത്തരവിടുകയുമായിരുന്നു. മറ്റു കേസുകളൊന്നുമില്ലെങ്കിൽ ഇവരെ ജയിൽ മോചിതരാക്കാമെന്ന് കോടതി ഉത്തരവിട്ടു.
2006ൽ ജൂലൈ 11ന് വിവിധ മുംബൈ ലോക്കൽ ട്രെയിനുകളിൽ 11 മിനിട്ടുകൾക്കുള്ളിൽ 7 ബോംബ് സ്ഫോടനങ്ങൾ ഉണ്ടായി. സ്ഫോടനത്തിന്‍റെ ആഘാതം കൂട്ടുന്നതിനുവേണ്ടി പ്രഷർ കുക്കർ ബോംബുകളാണ് ഉപയോഗിച്ചത്. ആദ്യത്തെ സ്ഫോടനം വൈകുന്നേരം 6.24നായിരുന്നു. അവസാനത്തെ സ്ഫോടനം 6.35നായിരുന്നു. ആളുകൾ ജോലി കഴിഞ്ഞ് തിരികെ പോകുന്ന തിരക്കുള്ള സമയത്താണ് സ്ഫോടനം ഉണ്ടായത്. ചർച്ച് ഗേറ്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന്‍റെ ഫസ്റ്റ് ക്ലാസ് കംപാർട്മെന്‍റിലാണ് ബോംബ് വെച്ചത്. മാട്ടുംഗ റോഡ്, മഹീം ജങ്ഷൻ, ബാന്ദ്ര, ഖർ രോഡ്, ജോഗേശ്വരി, ഭയന്തർ, ബോറിവാലി സ്റ്റേഷനുകളിലായാണ് പൊട്ടിത്തെറി ഉണ്ടായത്.
2015ൽ വിചാരണക്കോടതി 12 പേർ കുറ്റം ചെയ്തതായി കണ്ടെത്തി. തുടർന്ന് മഹാരാഷ്ട്ര കോടതി ഫൈസൽ ഷേഖ്, ആസിഫ് ഖാൻ, കമൽ അൻസാരി, എഹ്തേഷാം സിദ്ദിഖി, നവീദ് ഖാൻ എന്നിവർക്ക് വധ ശിക്ഷ വിധിച്ചു. മുഹമ്മദ് സജിദ് അൻസാരി, മുഹമ്മദ് അലി, ഡോക്ടർ തൻവീർ അൻസാരി, മജിദ് ഷാഫി, മുസമ്മിൽ ഷെയ്ഖ്, സൊഹൈൽ ഷെയ്ഖ്, സമാർ ഷെയ്ഖ് എന്നിവർക്ക് ജീവ പര്യന്തം ശിക്ഷയും വിധിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഈ 12 പ്രതികളും ജയിൽ മോചിതരാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.