ന്യൂഡല്‍ഹി: ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയെത്തുടര്‍ന്ന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ആരെത്തും എന്ന ചർച്ചയിലാണ് രാഷ്ട്രീയ നിരീക്ഷകർ. നിരവധി പേരുകളാണ് ഈ പദവിയിലേക്ക് ഉയർന്നുകേൾക്കുന്നത്. അനാരോഗ്യമാണ് രാജിക്ക് കാരണമായി ധന്‍കര്‍ പറയുന്നതെങ്കിലും അത് മാത്രമാണോ ഈ നീക്കത്തിന് പിന്നിലെന്ന തരത്തിലും അഭ്യൂഹങ്ങൾ ഉയരുന്നു. കേരളത്തിന്റെ മുന്‍ ഗവര്‍ണറും നിലവില്‍ ബിഹാര്‍ ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാന്റെ പേരും സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
ബി.ജെ.പിയുടെ രാഷ്ട്രീയ നയങ്ങളോട് കൂറ്, ആരിഫ് മുഹമ്മദ് ഖാന്‍റെ വിപുലമായ അനുഭവ ജ്ഞാനം എന്നിവ കണക്കിലെടുക്കുമ്പോൾ ശക്തനായ സ്ഥാനാർഥി ആണെങ്കിലും പ്രായക്കൂടുതലായിരിക്കും അദ്ദേഹത്തിനെതിരെ ഉയർന്നുവരുന്ന വലിയ ഘടകമെന്നാണ് കണക്കാക്കുന്നത്.
1951 നവംബർ 18ന് ജനിച്ച അദ്ദേഹത്തിന് ഇപ്പോൾ 74 വയസായി. ഭരണഘടന പ്രകാരം ഉപരാഷ്ട്രപതിക്ക് പ്രായപരിധിയില്ല എങ്കിലും 75 വയസ് കഴിഞ്ഞാൽ സജീവ രാഷ്ട്രീയ പദവികളിലേക്ക് പരിഗണിക്കുന്നതിന് എതിരാണ് ബി.ജെ.പിയുടെ ഔദ്യോഗിക നയമെന്നും അതിനാൽ ആരിഫ് മുഹമ്മദ് ഖാനെ പരിഗണിക്കില്ല എന്ന് കരുതുന്നവരുണ്ട്.
ബി.ജെ.പിയുടെ മുസ്ലിം മുഖമാണ് ആരിഫ് മുഹമ്മദ് ഖാൻ ഉത്തര്‍പ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. 2019 മുതല്‍ 2024 വരെ കേരള ഗവര്‍ണറായിരുന്നു. 2024 ഡിസംബര്‍ 24 നാണ് ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറായി നിയമിതനാകുന്നത്.
ധന്‍കറിന്റെ പിന്‍ഗാമിസ്ഥാനത്തേക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശശി തരൂര്‍, ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, ജെ.ഡി.യു എം.പി ഹരിവംശ് നാരായണ്‍ സിങ്, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡ തുടങ്ങി പല നേതാക്കളുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.