ന്യൂഡൽഹി: നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്റെ ഭരണഘടനാപരമായ അധികാരം സംബന്ധിച്ച അഭിപ്രായം തേടിക്കൊണ്ടുള്ള രാഷ്ട്രതി ദ്രൗപദി മുർമുവിന്റെ പ്രസിഡൻഷ്യൽ റഫറൻസിൽ (രാഷ്ട്രപതി മുന്നോട്ട് വെച്ച ചോദ്യം) കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് സുപ്രീംകോടതി ഭരണഘടന ബെഞ്ച് നോട്ടീസ് അയച്ചു. വിശദ വാദം കേൾക്കൽ ആഗസ്റ്റ് പകുതിയോടെ ആരംഭിക്കും. വിഷയത്തിൽ കോടതിയെ സഹായിക്കാൻ അറ്റോണി ജനറൽ ആർ. വെങ്കിട്ടരമണിയെ ബെഞ്ച് നിയമിച്ചു.
തമിഴ്നാട് ഗവർണർക്കെതിരെ പുറപ്പെടുവിച്ച സുപ്രീംകോടതിയുടെ സുപ്രധാന വിധിയിൽ സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പുവെക്കാൻ രാഷ്ട്രപതിക്ക് മൂന്നു മാസത്തെ സമയപരിധി വെച്ചതിനെ തുടർന്നാണ് 14 ചോദ്യങ്ങളുള്ള റഫറൻസിന് മറുപടി തേടി രാഷ്ട്രപതി ഉന്നത കോടതിയിലെത്തിയത്.
കേരളവും തമിഴ്നാടും പ്രസിഡൻഷ്യൽ റഫറൻസിനെ എതിർത്ത് ഹരജി നൽകിയിട്ടുണ്ട്. തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുമായി ബന്ധപ്പെട്ട കേസിൽ നിയമസഭ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കുന്നതിന് സുപ്രീംകോടതി ഇതിനകം ഉത്തരവിറക്കിയതിനാൽ പ്രസിഡൻഷ്യൽ റഫറൻസ് നിലനിൽക്കില്ലെന്ന് കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ കോടതിയിൽ ചൂണ്ടിക്കാട്ടി.
വിശദമായ വാദം കേൾക്കൽ ആരംഭിക്കാത്ത സാഹചര്യത്തിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും ആവശ്യം നിലനിൽക്കില്ലെന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
നിശ്ചയിച്ച സമയപരിധിക്കകം രാഷ്ട്രപതിയും ഗവർണറും ഒപ്പുവെച്ചില്ലെങ്കിൽ ആ ബിൽ നിയമമായി പ്രാബല്യത്തിൽ വന്നതായി കണക്കാക്കുമെന്ന സുപ്രീംകോടതിയുടെ തീർപ്പാണ് രാഷ്ട്രപതി ചോദ്യം ചെയ്ത വിഷയങ്ങളിൽ സുപ്രധാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.