ന്യൂഡൽഹി: ഉപരാഷ്ട്രപതി പദവിയിൽനിന്നും ജഗദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജിയിൽ സർക്കാറിനെതിരെ ചോദ്യമുന ഉയർത്തി പ്രതിപക്ഷം. രാഷ്ട്രപതിക്ക് നൽകിയ രാജിക്കത്തിൽ ധൻഖർ ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും പ്രതിപക്ഷ നേതാക്കൾ ഇക്കാര്യം തള്ളിക്കളയുന്നു.
ഭരണപക്ഷ രാജ്യസഭ നേതാവ് ജെ.പി. നഡ്ഡ, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു എന്നിവർ രാജ്യസഭ ചെയർമാൻ കൂടിയായ ധൻഖറിനെ അപമാനിച്ചുവെന്നാണ് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് അടക്കമുള്ളവരുടെ ആരോപണം. രാജിക്കുപിന്നില്‍ കണ്ണില്‍ കാണുന്നതിലും അപ്പുറം എന്തോ ഉണ്ടെന്നും തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്കും വൈകീട്ട് നാലിനുമിടയില്‍ ഗൗരവമായ എന്തോ സംഭവിച്ചിട്ടുണ്ടെന്നും ജയ്റാം രമേശ് എക്സിൽ കുറിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് ധൻഖറിന്റെ അധ്യക്ഷതയിൽ നടന്ന രാജ്യസഭ കാര്യോപദേശക സമിതി യോഗത്തിൽ നഡ്ഡ, റിജിജു അടക്കമുള്ളവർ പങ്കെടുത്തിരുന്നു. കുറച്ചുനേരത്തെ ചര്‍ച്ചകള്‍ക്കുശേഷം വൈകീട്ട് നാലരക്ക് വീണ്ടും ചേരാമെന്ന ധാരണയില്‍ പിരിഞ്ഞു. ആ യോഗത്തിൽ നഡ്ഡക്കും റിജിജുവിനും വേണ്ടി കാത്തിരുന്നുവെങ്കിലും അവര്‍ എത്തിയില്ല. വരാത്തത് അറിയിച്ചതുമില്ല. തുടർന്ന് ചൊവ്വാഴ്ച ഉച്ചക്ക് ചേരാമെന്ന് തീരുമാനമെടുത്ത് പിരിയുകയാണ് ഉണ്ടായതെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച രാവിലെ സഭയിൽ പ്രതിപക്ഷവുമായുള്ള വാക്കേറ്റത്തിനിടെ, താൻ പറയുന്നത് മാത്രമേ ഇവിടെ രേഖപ്പെടുത്തൂ, നിങ്ങൾ പറയുന്നത് രേഖപ്പെടുത്തില്ലെന്നും നഡ്ഡ പറഞ്ഞിരുന്നു. ഇത് ധൻഖറിന്റെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹത്തെ അപമാനിക്കലാണെന്നും പ്രതിപക്ഷം അപ്പോൾ തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തു. രാജിയിൽ ഒറ്റനോട്ടത്തിൽ തോന്നുന്നതിനേക്കാൾ വളരെയേറെ കാര്യങ്ങൾ ഉണ്ടെന്ന് വ്യക്തമാണെന് കോൺഗ്രസ് എം.പി മനീഷ് തിവാരി പറഞ്ഞു.
തിരശ്ശീലക്കുപിന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് തനിക്കറിയില്ലെന്ന് എസ്.പി നേതാവ് രാംഗോപാൽ യാദവ് വ്യക്തമാക്കി. എന്നാൽ, പ്രധാന പാർലമെന്ററി ജോലികളിൽ മുഴുകിയിരുന്നതിനാലാണ് ഉപരാഷ്ട്രപതി വിളിച്ച യോഗത്തിൽ താനും കിരൺ റിജിജുവും പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹത്തിന്റെ ഓഫിസിനെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്നുമാണ് നഡ്ഡയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.