ധാക്ക: ബംഗ്ലാദേശിലെ സൈനിക ജെറ്റ് അപകടത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി വിദഗ്ദ്ധരായ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സംഘത്തെ ധാക്കയിലേക്ക് അയക്കുമെന്ന് ഇന്ത്യ. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ സ്കൂളും കോളജും പ്രവർത്തിക്കുന്ന ഇടത്തേക്ക് സൈനിക ജെറ്റ് തകർന്നുവീണ് 25 കുട്ടികൾ ഉൾപ്പെടെ 31 പേരാണ് മരിച്ചത്.
'പൊള്ളൽ ചികിത്സയിൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ഒരു സംഘം ഉടൻ തന്നെ ധാക്ക സന്ദർശിക്കും' എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇവർ രോഗികളുടെ അവസ്ഥ വിലയിരുത്തുകയും ആവശ്യമെങ്കിൽ ഇന്ത്യയിലെ തുടർ ചികിത്സക്കും പ്രത്യേക പരിചരണത്തിനും വേണ്ടിയുള്ള ശുപാർശകൾ നൽകുകയും ചെയ്യും. കൂടുതൽ മെഡിക്കൽ സംഘങ്ങളെയും ധാക്കയിലേക്ക് അയച്ചേക്കാമെന്നാണ് റിപ്പോർട്ട്.
മെഡിക്കൽ സംഘത്തിൽ ഡൽഹി ആസ്ഥാനമായുള്ള രണ്ട് ഡോക്ടർമാർ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഒരാൾ റാം മനോഹർ ലോഹ്യ ആശുപത്രിയിലും മറ്റൊരാൾ സഫ്ദർജങ് ആശുപത്രിയിലും സേവനമനുഷ്ഠിക്കുന്നവരാണ്. ഡോക്ടർമാരുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, ഇന്ത്യയിലെ ആശുപത്രികളിൽ പരിക്കേവർക്ക് ചികിത്സ ക്രമീകരിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു.
അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബംഗ്ലാദേശ് വ്യോമസേന ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചു. രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വിമാനദുരന്തമാണ് സംഭവിച്ചത്. ചൈനീസ് നിർമിത എഫ്-7 ബി.ജി.ഐ വിമാനമാണ് പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ മൂലം ധാക്കയിലെ സ്കൂളിനുമേൽ തകർന്നുവീണത്.
കൊല്ലപ്പെട്ട വിദ്യാർഥികളിലേറെയും 12 വയസ്സിൽ താഴെയുള്ളവരാണെന്നും തീപ്പൊള്ളലേറ്റാണ് മരണമെന്നും ഇടക്കാല ഭരണാധികാരിയുടെ പ്രത്യേക ഉപദേഷ്ടാവ് സൈദു റഹ്മാൻ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ധാക്കയിലെ 10 ആശുപത്രികളിലായി ചികിത്സയിലുള്ള 165 പേരിൽ പലരുടെയും നില അതിഗുരുതരമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.