റാണ ദഗ്ഗുബതി
ഹൈദരാബാദ്: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് നടനും നിർമാതാവുമായ റാണ ദഗ്ഗുബതി. വാതുവെപ്പ് ആപ്പ് അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ടാണ് റാണ ഉൾപ്പെടെയുള്ള നടന്മാർക്ക് ഇ.ഡി സമൻസ് ലഭിച്ചത്. ജൂലൈ 23ന് ചോദ്യം ചെയ്യാൻ ഹാജരാകാനായിരുന്നു നിർദേശം. നേരത്തെ ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കാനുള്ളതിനാലാണ് അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടുണ്ട്. ഹാജരാകുന്നതിനുള്ള പുതിയ തീയതി ഏജൻസി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾ പ്രമോട്ട് ചെയ്തതായി ആരോപിക്കപ്പെടുന്ന നിരവധി സിനിമ താരങ്ങൾ ഉൾപ്പെട്ടതാണ് കേസ്. കേസിൽ ചോദ്യം ചെയ്യുന്നതിനായി റാണക്കൊപ്പം, നടന്മാരായ പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട എന്നിവരുൾപ്പെടെയുള്ളവർക്കും ഇ.ഡി സമൻസ് അയച്ചിരുന്നു. പ്രകാശ് രാജിനെ ജൂലൈ 30നും വിജയ് ദേവരകൊണ്ടയെ ആഗസ്റ്റ് ആറിനും ചോദ്യം ചെയ്യാനാണ് തീരുമാനം.
ഹൈദരാബാദ് പൊലീസ് സമർപ്പിച്ച എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ, കേസിൽ 29 സെലിബ്രിറ്റികൾക്കെതിരെ അന്വേഷണ ഏജൻസി നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബെറ്റിങ് ആപ്പ് പ്രൊമോട്ട് ചെയ്യുന്നതിലൂടെ വലിയ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമുണ്ടോ എന്നുമാണ് ഇ.ഡി അന്വേഷിക്കും. സിനിമാതാരങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ്, ലോക്കൽ ബോയ് നാനി എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാർ എന്നിവർക്കെതിരെ നിലവിൽ ഇ.ഡി അന്വേഷണങ്ങൾ നടത്തിവരികയാണ്.
അതേസമയം, റാണ ദഗ്ഗുബതി തന്റെ ലീഗല്‍ ടീം വഴി പ്രസ്താവന പുറത്തിറക്കിയിരുന്നു. സ്കില്ലിനെ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പുമായി തനിക്കുണ്ടായിരുന്ന ബന്ധം 2017ല്‍ അവസാനിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. 2016ല്‍ ജംഗിള്‍ റമ്മിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് നടന്‍ പ്രകാശ് രാജും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനുശേഷം റമ്മിയുമായി ബന്ധപ്പെട്ട ഒരു പ്ലാറ്റ്‌ഫോമിനെയും പ്രമോട്ട് ചെയ്തിട്ടില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.