ശിൽപ ശിരോദ്കർ
1989ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ശിൽപ ശിരോദ്കർ. മിഥുൻ ചക്രവർത്തിക്കൊപ്പം രമേശ് സിപ്പിയുടെ ഭ്രഷ്ടാച്ചാർ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ശിൽപ നിരവധി ഹിറ്റുകൾ സമ്മാനിച്ചെങ്കിലും 2000ൽ, ഗജ ഗാമിനി എന്ന ചിത്രത്തിനുശേഷം ശിൽപ അഭിനയത്തിൽനിന്ന് പിൻവാങ്ങി. കരിയറിന്‍റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് ശിൽപ സിനിമ വിട്ടത്. ബാങ്കർ അപരേഷ് രഞ്ജിത്തിനെ വിവാഹം കഴിച്ച്, വിദേശത്തേക്ക് മാറി. ആദ്യം നെതർലാൻഡ്‌സിലേക്കും പിന്നീട് ന്യൂസിലൻഡിലേക്കും. ഇപ്പോഴിതാ ശ്രദ്ധയിൽപ്പെടാത്ത തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ശിൽപ ശിരോദ്കർ.
'ഒരു ഇടവേള എടുത്തതിൽ ഞാൻ ഖേദിക്കുന്നില്ല. ഞാൻ വളരെ ലളിതമായ ഒരു മനുഷ്യനെയാണ് വിവാഹം കഴിച്ചത്. നിർഭാഗ്യവശാൽ ഞാൻ ഇന്ത്യ വിട്ടു. അതുകൊണ്ടാണ് എനിക്ക് ജോലിയിൽ തുടരാൻ ബുദ്ധിമുട്ടായത്. ഇന്ത്യയിൽ വിവാഹം കഴിച്ചിരുന്നെങ്കിൽ ഞാൻ നൂറ് ശതമാനം ജോലിയിൽ തുടരുമായിരുന്നു. എന്റെ മാതാപിതാക്കളുമായി വളരെ അടുപ്പമുള്ളതിനാൽ ഞാൻ ഒരിക്കലും മുംബൈ വിടാൻ ആഗ്രഹിച്ചില്ല, പക്ഷേ പിന്നീട് ഞാൻ എന്റെ ഭർത്താവിനെ കണ്ടുമുട്ടി. അദ്ദേഹത്തെ കണ്ടുമുട്ടിയതിനുശേഷം എന്‍റെ കാഴ്ചപ്പാട് മാറി. വിദേശത്തേക്ക് പോകാൻ ഞാൻ തയാറെടുത്തിരുന്നു. അത് എളുപ്പമുള്ള തീരുമാനമായിരുന്നു. അദ്ദേഹം വിദേശത്ത് പഠിക്കാൻ പോകുന്നതിനാൽ ഞാനും ഇന്ത്യ വിടുകയായിരുന്നു'ശിൽപ പറഞ്ഞു.
ഞാൻ പത്താം ക്ലാസിൽ പഠനം ഉപേക്ഷിച്ചതാണ്. ഭർത്താവിന് ഡബ്ൾ എം.ബി.എയുണ്ട്. ഞങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകൾ വ്യത്യസ്തമാണെങ്കിലും അദ്ദേഹത്തിന്റെ മുന്നിൽ ഒരിക്കലും ചെറുതാണെന്ന് എനിക്ക് തോന്നിയിട്ടില്ല. വിവാഹശേഷം സിനിമ ഓഫറുകൾ ലഭിച്ചിരുന്നില്ല. അക്കാലത്ത്, വിവാഹശേഷം സ്ത്രീകൾക്ക് നിയമങ്ങൾ ലഭിക്കുന്ന ഇടമായിരുന്നില്ല ന്യൂസിലൻഡ്. മാത്രവുമല്ല ഞാൻ അത്ര വലിയ താരവുമല്ലായിരുന്നു. അതിനാൽ ആരും എന്നെ സമീപിച്ചിട്ടില്ല.
ന്യൂസിലൻഡിൽ താമസിക്കുന്ന സമയത്ത് സ്വയം തിരക്കായിരിക്കാൻ വേണ്ടി ഹെയർഡ്രെസ്സിങ് കോഴ്‌സ് ചെയ്തു. അഭിനയ ജീവിതവുമായി അടുത്ത ബന്ധമുള്ള ഒന്നായിരുന്നു അത്. കോഴ്‌സിന് ശേഷം രണ്ട് മാസം ഒരു സലൂണിൽ ജോലി ചെയ്തു. എന്നാൽ, ജോലി അത്ര ലളിതമായിരുന്നില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അധികം നാളായിരുന്നില്ല. ഹെയർഡ്രെസ്സർ ജോലി വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. ഭർത്താവിന് വാരാന്ത്യങ്ങളിൽ അവധി ലഭിക്കുമ്പോൾ അതേ ദിവസങ്ങളിൽ ഞാൻ ജോലി ചെയ്യണമായിരുന്നു. പരസ്പരം അറിയാൻ ഞങ്ങൾക്ക് സമയം ആവശ്യമായിരുന്നു. അതിനാൽ ഈ ജോലി അനുയോജ്യമല്ലെന്ന് എനിക്ക് തോന്നി. അങ്ങനെ ആ ജോലി ഉപേക്ഷിച്ചു ശിൽപ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.