ബദ്‌റുദ്ദീൻ ജമാലുദ്ദീൻ കാസി എങ്ങനെയാണ് ജോണി വാക്കറായത്‍? മിസ്റ്റർ ആൻഡ് മിസ്സിസ് 55 (1955),സി.ഐ.ഡി (1956),പ്യാസ (1957), ചൽത്തി കാ നാം ഗാഡി (1958), കാഗസ് കെ ഫൂൽ (1959), ബാസിഗർ (1993) എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജോണി വാക്കർ ഹാസ്യനടനുമായിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ നെയ്ത്ത് അധ്യാപകന്റെ പന്ത്രണ്ട് മക്കളിൽ ഒരാളായി ബദ്‌റുദ്ദീൻ ജമാലുദ്ദീൻ കാസി ജനിച്ചു.
പിതാവിന് ജോലി നഷ്ടപ്പെട്ടപ്പോൾ കുടുംബം മുംബൈയിലേക്ക് താമസം മാറി.സിനിമയിൽ എത്തുന്നതിന് മുമ്പ് അദ്ദേഹം ഒരു ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്നു. തമാശകളും മിമിക്രിയും ഉപയോഗിച്ച് യാത്രക്കാരെ രസിപ്പിക്കുന്നതിൽ അദ്ദേഹം പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ സ്വാഭാവികമായ ഹാസ്യാത്മകതയും ശൈലിയും സിനിമാ മേഖലയിലെ പ്രമുഖരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒടുവിൽ ബോളിവുഡ് അദ്ദേഹത്തിന് അവസരം നൽകി.
അക്കാലത്തെ സ്ലാപ്പ്സ്റ്റിക് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ജോണി വാക്കറുടെ കോമഡി സൂക്ഷ്മവും, കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതും, സാമൂഹിക പ്രസക്തവുമായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്നതായിരുന്നു. പ്യാസ, കാഗസ് കെ ഫൂൽ, ചൗധ്വിൻ കാ ചന്ദ്, സാഹിബ് ബീബി ഔർ ഗുലാം തുടങ്ങിയ ക്ലാസിക്കുകളിൽ പ്രത്യക്ഷപ്പെട്ടതോടെ ബദ്‌റുദ്ദീൻ ജമാലുദ്ദീൻ കാസി ഏറെ ശ്രദ്ധിക്കാൻ തുടങ്ങി. മദ്യപിച്ച ഒരാളുടെ വേഷം ബദ്‌റുദ്ദീൻ അവതരിപ്പിച്ചതിൽ വളരെയധികം ആകൃഷ്ടനായ ഗുരു ദത്താണ് അദ്ദേഹത്തിന് ജോണി വാക്കർ എന്ന പേര് നൽകിയത്. അതിനുശേഷം ദത്തിന്റെ ഒരു സിനിമ ഒഴികെയുള്ള എല്ലാ സിനിമകളിലും ജോണിവാക്കർ പ്രത്യക്ഷപ്പെട്ടു. വിരോധാഭാസമെന്ന് പറയട്ടെ കാസി ജീവിതത്തിൽ ഒരിക്കലും മദ്യം തൊട്ടിട്ടില്ല.
വാക്കറിന്റെ വിജയത്തിന് സംഗീതം ഒരു പ്രധാന ഘടകമായിരുന്നു. ഇവിടെ ദത്ത് മാത്രമല്ല ഗായകൻ മുഹമ്മദ് റാഫിയും ജോണിവാക്കറുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. ക്ലീൻ കോമഡിയിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. പിന്നീട് കോമഡിയിൽ അശ്ലീലത കടന്നുവന്നപ്പോഴാണ് അദ്ദേഹം വേഷങ്ങൾ തെരഞ്ഞെടുക്കാൻ തുടങ്ങി. 2003 ജൂലൈ 29 നാണ് ജോണി വാക്കർ ലോകത്തോട് വിട പറഞ്ഞത്. പക്ഷേ അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ ഇന്നും വാഴ്ത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.