ന്യൂഡൽഹി: ഭരണഘടനാപരമായ പ്രോട്ടോകോളിൽ മുകളിലായേക്കാമെങ്കിലും കേന്ദ്ര സർക്കാറിന്റെ അജണ്ടക്ക് മുകളിലല്ല ഒരു ഭരണഘടനാ സ്ഥാപനവുമെന്ന ശക്തമായ സന്ദേശമാണ് ജഗ്ദീപ് ധൻഖറിന്റെ രാജി. ആർ.എസ്.എസിന്റെ ഏകലവ്യനാണ് താനെന്ന് സ്വയം പ്രഖ്യാപിച്ച് തന്റെ ഭരണഘടനാ പദവിയെ സ്വയം ഇടിച്ചുതാഴ്ത്തി രാജാവിനെക്കാൾ വലിയ രാജഭക്തി കാണിച്ച ധൻഖറിന് പദവി തന്നെ നഷ്ടപ്പെടുന്നതിലാണ് കാര്യങ്ങളെത്തിയത്.
താനൊരു ഭരണഘടനാപദവിയിലാണെന്ന അത്യാവേശത്തിൽ മുന്നോട്ടുപോയ ധൻഖർ തങ്ങളുടെ നിയന്ത്രണരേഖക്കപ്പുറം കടന്നുവെന്ന് നരേന്ദ്ര മോദിക്കും അമിത് ഷാക്കും തോന്നിയ ഘട്ടത്തിലാണ് ചുവപ്പുകൊടി കണ്ടത്.
രണ്ട് ഹൈകോടതി ജഡ്ജിമാർക്കെതിരായ രണ്ട് ഇംപീച്ച്മെന്റ് നോട്ടീസുകളിൽ കാണിച്ച ഈ അത്യാവേശം കേന്ദ്ര സർക്കാറിന്റെ അജണ്ട പൊളിച്ചതോടെ സർക്കാർ ധൻഖറിന് പുറത്തേക്കുള്ള വഴി കാണിക്കുകയായിരുന്നു.
മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയ ഹൈകോടതി ജഡ്ജി ശേഖർ യാദവിന്റെ കാര്യത്തിൽ സർക്കാർ വിലങ്ങടിച്ചു നിൽക്കുമ്പോഴാണ് വീട്ടിൽ നിന്ന് നോട്ടുകൂമ്പാരം കണ്ടെത്തിയതിന് കേന്ദ്ര സർക്കാർ മുൻ കൈയെടുത്ത് ജസ്റ്റിസ് യശ്വന്ത് വർമയുടെ ഇംപീച്ച്മെന്റിന് തീരുമാനിച്ചത്.
എന്നാൽ, സർക്കാർ ലോക്സഭയിൽ നോട്ടീസ് നൽകാനിരിക്കെ ജസ്റ്റിസ് വർമക്കെതിരെ പ്രതിപക്ഷ എം.പിമാർ മാത്രം ചേർന്ന് രാജ്യസഭയിൽ നൽകിയ നോട്ടീസ് ജഗ്ദീപ് ധൻഖർ സ്വീകരിച്ചതായി അറിയിച്ചു. അതോടെ സർക്കാർ മേൽനോട്ടത്തിൽ ലോക്സഭാ സ്പീക്കറുടെ നിയന്ത്രണത്തിൽ നിന്ന് ജസ്റ്റിസ് വർമയുടെ ഇംപീച്ച്മെന്റ് നടപടികൾ പ്രതിപക്ഷ മേധാവിത്തത്തിൽ രാജ്യസഭാ ചെയർമാന്റെ നിയന്ത്രണത്തിലേക്ക് മാറി.
ഓർക്കാപ്പുറത്തേറ്റ ഈ തിരിച്ചടിക്കിടയിലാണ് ജസ്റ്റിസ് യാദവിനെ വിദ്വേഷ പ്രസംഗത്തിൽ ഇംപീച്ച് ചെയ്യാനുള്ള നോട്ടീസിൽ തുടർനടപടി കൈക്കൊള്ളുമെന്ന് തിങ്കളാഴ്ച നടന്ന രാജ്യസഭയുടെ കാര്യോപദേശക സമിതി യോഗത്തിൽ ധൻഖർ പ്രതിപക്ഷ നേതാക്കളോട് പറഞ്ഞത്. ആ വിവരം ഉടൻ പ്രധാനമന്ത്രിയുടെ ഓഫിസിലെത്തുകയും ചെയ്തു.
തിങ്കളാഴ്ച ഉച്ചക്കു ശേഷം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പാർലമെന്റിലെ ഓഫിസിലേക്ക് എൻ.ഡി.എ എം.പിമാരെ ഓരോരുത്തരെയായി വിളിച്ചു കൊണ്ടുവന്ന് ഒപ്പുവെപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. ജസ്റ്റിസ് വർമക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസിൽ ഒപ്പുവെക്കാനെന്നാണ് എം.പിമാരോട് പറഞ്ഞിരുന്നതെങ്കിലും ആ ഒപ്പുകൾ ജഗ്ദീപ് ധൻഖറിനെ തന്നെ ഇംപീച്ച് ചെയ്യാനുള്ള നോട്ടീസിനുള്ളതാണ് എന്ന ഒരു സന്ദേശം തിങ്കളാഴ്ച വൈകുന്നേരത്തോടെ ബി.ജെ.പി കേന്ദ്രങ്ങൾ ബോധപൂർവം ഉപരാഷ്ട്രപതിയിലെത്തിച്ചു.
രാജിവെച്ചില്ലെങ്കിൽ ഇവരുടെ ഒപ്പുകളുള്ള ഇംപീച്ച്മെന്റ് നോട്ടീസ് ജഗ്ദീപ് ധൻഖറിനെതിരെ നൽകുമെന്ന ഭീഷണി വന്നതോടെ അദ്ദേഹം രാജിവെക്കുകയായിരുന്നുവെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. എന്നാൽ തന്നെ അപമാനിക്കുന്നതിൽ പ്രതിഷേധിച്ച് ധൻഖർ ഭീഷണിയില്ലാതെ രാജിവെച്ചതാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും പറയുന്നു.
മറ്റൊരു വഴിയുമില്ലാതെ വന്ന ഘട്ടത്തിൽ സ്വയം രാജിവെച്ചതോ പാർട്ടി രാജി ചോദിച്ചുവാങ്ങിയതോ എന്ന സംശയം മാത്രമേ ധൻഖറിന്റെ കാര്യത്തിൽ ഇനിയറിയാനുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.