ന്യുഡൽഹി: ഓപറേഷൻ സിന്ദൂർ വിഷയത്തിൽ ലോക്സഭയിലെ ചർച്ചയിൽ നിന്നും ഒഴിവാക്കിയതിനു പിന്നാലെ കോൺഗ്രസിനെ വെട്ടിലാക്കുന്ന പരാമർശങ്ങളുമായി മുതിർന്ന നേതാവും എം.പിയുമായ മനീഷ് തിവാരി. ചർച്ച ലോക്സഭയിൽ സജീവമാകുന്നതിനിടെ ‘എക്സ്’ പ്ലാറ്റ്ഫോമിൽ വാർത്താ കട്ടിങ്ങിനൊപ്പം പഴയ ബോളിവുഡ് ചിത്രത്തിലെ ദേശഭക്തിഗാനത്തിൽ നിന്നുള്ള നാലുവരി കുറിച്ചുകൊണ്ടായിരുന്നു കോൺഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷമായി മനീഷ് തിവാരിയുടെ ബൗൺസർ.
‘സ്നേഹം പാരമ്പര്യമാകുന്നത് എവിടെയാണോ..ആ നാടിന്റെ ഗാനമാണ് ഞാൻ പാടുന്നത്...ഞാൻ ഭാരതീയനാണ്.. ഞാൻ ഭാരതത്തിന്റെ മഹത്വം വാഴ്ത്തുന്നു..’
1970ൽ പുറത്തിറങ്ങിയ ‘പുരബ് ഓർ പശ്ചിം’ എന്ന ബോളിവുഡ് ചിത്രത്തിൽ നിന്നുള്ള ഹിന്ദി വരികൾക്കൊടുവിൽ ‘ജയ് ഹിന്ദ്’ കുറിച്ചാാണ് മനീഷ് തിവാരി അവസാനിപ്പിക്കുന്നത്.
ഒപ്പം ‘സർക്കാറിന് അനുകൂലമായി സംസാരിച്ചു; ഓപറേഷൻ സിന്ദുർ ചർച്ചയിൽ നിന്നും ശശി തരൂരിനെയും മനിഷ് തിവാരിയെയും കോൺഗ്രസ് ഒഴിവാക്കിയത് എന്ത്കൊണ്ട്’ എന്ന വാർത്തയുടെ കട്ടിങ്ങും തിവാരി പങ്കുവെച്ചു.
ചൊവ്വാഴ്ച പാർലമെന്റിലെത്തിയ മനീഷ് തിവാരിയെ ഇതുസംബന്ധിച്ച ചോദ്യങ്ങളുമായി മാധ്യമങ്ങൾ വളഞ്ഞപ്പോൾ ഇംഗ്ലീഷ് പഴമൊഴി ചൊല്ലിയായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവിന്റെ മറുപടി. ‘എന്റെ നിശബ്ദത നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ, എന്റെ വാക്കുകളും നിങ്ങൾക്ക് മനസ്സിലാവില്ല’ എന്നവാക്കുകളോടെ അദ്ദേഹം നടന്നു നീങ്ങി.
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടിയായ ഓപറേഷൻ സിന്ദൂർ വിശദീകരിക്കുന്നതായി വിദേശരാജ്യങ്ങളിലേക്കയച്ച പ്രതിനിധി സംഘങ്ങളിൽ ഇടം നേടിയ കോൺഗ്രസ് നേതാക്കളായിരുന്നു ശശി തരൂരും മനീഷ് തിവാരിയും. അമേരിക്ക ഉൾപ്പെടെ രാജ്യങ്ങളിലേക്കുള്ള സംഘത്തെ നയിച്ച തരൂർ, മോദിയെയും സർക്കാറിനെയും പ്രശംസിച്ചത് വിവാദമായിരുന്നു. എന്നാൽ, ഖത്തർ, ദക്ഷിണാഫ്രിക്ക ദൗത്യ സംഘത്തിലെ അംഗമായിരുന്ന മനീഷ് തിവാരിയിൽ നിന്ന് അത്തരമൊരു പ്രസ്താവനകൾ ഉയർന്നിരുന്നില്ല.
ഓപറേഷൻ സിന്ദൂർ പാർലമെന്റിൽ ചർച്ചക്ക് വന്നപ്പോൾ കോൺഗ്രസ് പട്ടികയിലെ ഇരുവരുടെ അസാന്നിധ്യമായിരുന്നു കഴിഞ്ഞ ദിവസത്തെ വലിയ വാർത്ത. ലോക്സഭയിൽ സംസാരിക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടും ശശിതരൂർ ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാൽ, സംസാരിക്കാൻ അവസരം ചോദിച്ചിട്ടും മനീഷ് തിവാരിയുടെ പേര് വെട്ടിയതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.