മംഗളൂരു: ധർമസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചിട്ടതായി ആരോപിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചൊവ്വാഴ്ച നേത്രാവതി നദീതീരത്തെ കാട്ടിൽ അന്വേഷണം തുടങ്ങി. വെളിപ്പെടുത്തൽ നടത്തിയ പരാതിക്കാരൻ തിങ്കളാഴ്ച ചൂണ്ടിക്കാണിച്ച 13 സ്ഥലങ്ങളിലാണ് പരിശോധന. രാവിലെ തൊഴിലാളികളുമായെത്തി എസ്.ഐ.ടി മേൽനോട്ടത്തിൽ കുഴിക്കാൻ തുടങ്ങി. കനത്ത പൊലീസ് സുരക്ഷയിലാണ് ഓപറേഷൻ നടക്കുന്നത്. അന്വേഷണം നടക്കുന്ന പ്രദേശത്തേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്.
ആഭ്യന്തര സുരക്ഷ വിഭാഗം എസ്.പി ജിതേന്ദ്ര കുമാർ ദയാമ, ഇ.ഡി മംഗളൂരു സോൺ എസ്.പി സി.എ. സൈമൺ, പുത്തൂർ അസി. കമീഷണർ സ്റ്റെല്ല വർഗീസ് തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം. അസ്ഥികൂട അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കാൻ മംഗളൂരു കെ.എം.സി ആശുപത്രിയിൽനിന്നുള്ള ഡോ. ജഗദീഷ് റാവു, ഡോ. രശ്മി എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘവും പ്രത്യേക അന്വേഷണ സംഘത്തിൽ ചേർന്നിട്ടുണ്ട്.
പുത്തൂർ അസി. കമീഷണർ സ്റ്റെല്ല വർഗീസാണ് കുഴിക്കുന്ന 12 തൊഴിലാളികൾക്ക് മാർഗനിർദേശം നൽകുന്നത്. റവന്യൂ, വനം, ഫോറൻസിക് (എഫ്.എസ്.എൽ, സോകോ), നക്സൽ വിരുദ്ധ സേന, ആഭ്യന്തര സുരക്ഷ, പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംയുക്ത പ്രവർത്തനത്തിന്റെ ഭാഗമായി സ്ഥലത്തുണ്ട്. നേത്രാവതി നദിക്കടുത്തുള്ള നിബിഡ വനമേഖലയിൽ തിങ്കളാഴ്ച മുതൽ 24 മണിക്കൂർ സായുധ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. നക്സൽ വിരുദ്ധ സേനയിലെ 30 സായുധ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. തെളിവുകൾ നശിപ്പിക്കുന്നത് തടയുന്നതിനായി ഓരോ പോയന്റിലും രണ്ട് ഗാർഡുകളെ നിയോഗിച്ചിട്ടുണ്ട്. തോക്കേന്തിയ സേന രാത്രി മുഴുവൻ നിരന്തര ജാഗ്രത പാലിക്കുമ്പോൾ മറ്റൊരു സംഘം അടയാളപ്പെടുത്തിയ മേഖലകൾക്ക് ചുറ്റുമുള്ള ഇടതൂർന്ന വനപ്രദേശത്ത് പട്രോളിങ് നടത്തുകയും ചെയ്യുന്നു. ഫോറൻസിക് സംഘങ്ങൾ അവരുടെ വിലയിരുത്തലുകൾ പൂർത്തിയാക്കുന്നതുവരെ വിന്യാസം തുടരുമെന്ന് സുരക്ഷാ സേന അറിയിച്ചു.
ധർമസ്ഥലയിൽ നേരത്തെ ശുചീകരണ ജോലി ചെയ്തിരുന്ന ദലിത് തൊഴിലാളി നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ നിർബന്ധത്തിനുവഴങ്ങി താൻ കുഴിച്ചുമൂടിയതായാണ് ബംഗളൂരുവിലെ രണ്ട് അഭിഭാഷകർ മുഖേന ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ മുമ്പാകെ നൽകിയ മൊഴി. എസ്.പിയുടെ നിർദേശം അനുസരിച്ച് ധർമസ്ഥല പൊലീസ് കേസെടുത്തു. ഈ മാസം 19ന് ഡി.ജി.പി പ്രണബ് കുമാർ മൊഹന്തി തലവനായി സർക്കാർ എസ്.ഐ.ടി രൂപവത്കരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയും വിഡിയോയിൽ പകർത്തുകയും ചെയ്ത എസ്.ഐ.ടി തിങ്കളാഴ്ചയാണ് പരാതിക്കാരനുമായി സ്ഥലം പരിശോധനക്കിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.