ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു
ന്യൂഡൽഹി: ഒരു രാജ്യത്തിന്റെയും നേതാക്കൾ ഇന്ത്യയോട് ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ചർച്ചയിൽ ലോക്സഭയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വെടിനിർത്തലിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ നുണയൻ എന്ന് വിളിക്കാനും പാകിസ്താനുമായുള്ള യുദ്ധത്തിൽ ഒരു വിമാനം പോലും നഷ്ടമായില്ലെന്ന് പറയാനും ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
മേയ് 9 ന് അമേരിക്കൻ വൈസ് പ്രസിഡന്റ് എന്നെ 3-4 തവണ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ ഞാൻ സായുധ സേനയുമായുള്ള ചർച്ചകളുടെ തിരക്കിലായിരുന്നു... ഞാൻ തിരിച്ചു വിളിച്ചപ്പോൾ, പാകിസ്താനിൽ നിന്നുള്ള ഒരു വലിയ ആക്രമണത്തെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. പാകിസ്താൻ ഇന്ത്യയെ ആക്രമിച്ചാൽ നമ്മുടെ ആക്രമണം വളരെ വലുതായിരിക്കുമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു -പ്രധാനമന്ത്രി പറഞ്ഞു.
വലിയ തിരിച്ചടി ഉണ്ടായതോടെ പാകിസ്താന്റെ ഡി.ജി.എം.ഒ ‘ഇനി ഞങ്ങളെ അടിക്കരുത്, ഞങ്ങൾക്ക് ഇനി സഹിക്കാൻ കഴിയില്ല’ എന്ന് അഭ്യർത്ഥിച്ചു... ഒരു രാജ്യത്തിന്റെയും നേതാക്കൾ ഇന്ത്യയോട് ഓപ്പറേഷൻ (സിന്ദൂർ) നിർത്താൻ ആവശ്യപ്പെട്ടിട്ടില്ല -പ്രധാനമന്ത്രി വ്യക്തമാക്കി.
ലോകത്തിന്റെ മുഴുവൻ പിന്തുണയും ഇന്ത്യയ്ക്ക് ലഭിച്ചു, പക്ഷേ നമ്മുടെ സൈനികരുടെ വീര്യത്തെ കോൺഗ്രസ് പിന്തുണയ്ക്കാത്തത് നിർഭാഗ്യകരമാണ്. അവരുടെ നിസ്സാരമായ പ്രസ്താവനകൾ നമ്മുടെ ധീരരായ സൈനികരെ നിരുത്സാഹപ്പെടുത്തുന്നതിലേക്ക് നയിച്ചു. കോൺഗ്രസിന് പ്രശ്നങ്ങൾ പാകിസ്താനിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടതുണ്ട്... നിർഭാഗ്യവശാൽ കോൺഗ്രസും സഖ്യകക്ഷികളും പാക് പ്രചാരണത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നു -പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.