‘കുറ്റവിമുക്തരാക്കിയാൽ നീതി​ നിഷേധമാകും’ ഭോപ്പാൽ ദുരന്തം പുനരന്വേഷിക്കണമെന്ന ഹരജിയിൽ സി.ബി.ഐ

ഭോപ്പാൽ: രാജ്യത്തെ നടുക്കിയ 1984ലെ ഭോപ്പാൽ വാതക ദുരന്തത്തിൽ പുനർവിചാരണ എതിർത്ത് സി.ബി.ഐ. ശിക്ഷിക്കപ്പെട്ട പ്രതികളെ കുറ്റവിമുക്തരാക്കിയാൽ നീതി പരാജയപ്പെടുമെന്ന് സി.ബി.ഐ പറഞ്ഞു. ഭോപ്പാൽ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ പുനർവിചാരണ തേടി യൂണിയൻ കാർബൈഡ് കമ്പനിയിലെ (യു.സി.സി) മൂന്ന് മുതിർന്ന മുൻ ഉദ്യോഗസ്ഥരാണ് കോടതിയെ സമീപിച്ചത്. നിലവിൽ കേസിൽ ശിക്ഷിക്കപ്പെട്ടവരാണ് ഹരജിക്കാർ.

‘തെറ്റായി വിധിയിലൂടെ മാത്രമല്ല, നീതീകരിക്കാനാവാത്ത രീതിയിൽ, കാലങ്ങൾക്ക് ശേഷം, മതിയായ തെളിവുകൾ ഹാജരാക്കാനാവാത്ത പക്ഷം കുറ്റവാളികളെ വെറുതെ വിടുന്നതും നീതി നിർവഹണത്തെ പരാജയപ്പെടുത്തും. കുറ്റാരോപിതരുടെ അവകാശങ്ങൾ സംരക്ഷിക്കുമ്പോൾ തന്നെ, ഇരകളു​ടെ അവകാശങ്ങളും ഉറപ്പാ​ക്കേണ്ടതുണ്ട്. മുൻവിധിയുടെ വാദം അന്വേഷണവുമായോ വിചാരണയുമായോ ബന്ധപ്പെട്ടതായിരിക്കണം, അവയുടെ പരിധിക്ക് പുറത്തുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടാവരുത്- ഭോപ്പാലിലെ പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി മനോജ് കുമാർ ശ്രീവാസ്തവയ്ക്ക് മുമ്പിൽ സമർപ്പിച്ച മറുപടിയിൽ സി.ബി.​ഐ വ്യക്തമാക്കി.

യൂണിയൻ കാർബൈഡ് ഇന്ത്യൻ വിഭാഗം വൈസ് പ്രസിഡന്റായിരുന്ന കിഷോർ കാംദാർ, വർക്ക്സ് മാനേജർ ജെ. മുകുന്ദ്, പ്രൊഡക്ഷൻ മാനേജർ എസ്.പി ചൗധരി എന്നിവരാണ് സി.ബി.ഐ അന്വേഷിച്ച കേസിൽ ശിക്ഷിക്കപ്പെട്ടതിനെതിരെ അവർ അപ്പീൽ നൽകിയത്. കേസിൽ പുനഃപരിശോധന വേണമെന്നായിരുന്നു ആവശ്യം.

ഈ പശ്ചാത്തലത്തിൽ പ്രതികൾക്ക് ശിക്ഷാനടപടികളിൽ വിവേചനം നേരിട്ടെന്നും നിയമത്തിന് കീഴിൽ തങ്ങൾക്ക് ലഭ്യമാകേണ്ട അവകാശം നിഷേധിക്കപ്പെട്ടുവെന്നും തെളിയിക്കാനായാൽ കോടതിയുടെ ഉത്തരവുകൾ പ്രകാരം പ്രതിക്ക് ആനുകൂല്യം തേടാമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.

1997 ഓഗസ്റ്റ് 29-ന് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, കുറ്റപത്രത്തിലെ പിശകുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതികൾ നൽകിയ ഹരജി വിചാരണ കോടതി പരിഗണിച്ചിരുന്നുവെന്നും സി.ബി.ഐ വ്യക്തമാക്കി.

1984 ഡിസംബർ ആറിനാണ് സി.ബി.ഐ കേസിൽ അന്വേഷണം ഏറ്റെടുത്തത്. 2010 ജൂൺ ഏഴിന് വിചാരണ കോടതി യൂണിയൻ കാർബൈഡിന്റെ (യു.സി.ഐ.എൽ) ഇന്ത്യൻ വിഭാഗത്തിന്റെ ചെയർമാൻ കേശുബ് മഹീന്ദ്ര, മാനേജിംഗ് ഡയറക്ടർ വി.പി. ഗോഖലെ, വൈസ് പ്രസിഡന്റ് കിഷോർ കാംദാർ, വർക്ക്സ് മാനേജർ ജെ. മുകുന്ദ്, പ്രൊഡക്ഷൻ മാനേജർ എസ്.പി ചൗധരി, പ്ലാന്റ് സൂപ്രണ്ട് കെ.വി. ഷെട്ടി, പ്രൊഡക്ഷൻ അസിസ്റ്റന്റ് എസ്.ഐ. ഖുറേഷി എന്നിവരെ കുറ്റക്കാരായി വിധിച്ചു.

1984 ഡിസംബർ രണ്ട്, മൂന്ന് തീയതികളിലെ രാത്രിയിൽ, ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിലെ ടാങ്ക് നമ്പർ 610 ൽ നിന്ന് മീഥൈൽ ഐസോ സൈനേറ്റ് (എം.ഐ.സി) എന്ന വിഷ രാസവസ്തു വലിയ അളവിൽ പുറത്തേക്ക് ഒഴുകി. ഇത് ആയിരക്കണക്കിന് മനുഷ്യരുടെയും മൃഗങ്ങളുടെയും മരണത്തിനും ലക്ഷക്കണക്കിന് മനുഷ്യർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയെന്നുമായിരുന്നു എഫ്.ഐ.ആർ.

തുടർന്ന്, ബിസിനസ് നഷ്ടം മൂലം, ഭോപ്പാൽ പ്ലാന്റ് അടച്ചുപൂട്ടാനും പൊളിച്ചുമാറ്റാനും തുടർന്ന് ഇന്തോനേഷ്യ/ബ്രസീലിലേക്ക് മാറ്റാനും മെസ്സേഴ്സ് യു.സി.സി അധികൃതർ തീരുമാനിച്ചു. ഇതോടെ അപകടമുണ്ടായ പ്ളാന്റുമായി ബന്ധപ്പെട്ട് അനുബന്ധ നടപടികൾ വൈകിയതായും സി.ബി.ഐ ​ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    
News Summary - Bhopal tragedy CBI opposes re investigation in court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.