ചെന്നൈ: 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും വീടുകളിൽ വാഹനങ്ങളിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്ന ‘തായുമാനവർ’ പദ്ധതി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തുടനീളമുള്ള 70 വയസ്സിന് മുകളിലുള്ള 20,42,657 പൗരന്മാർക്കും പൊതുവിതരണ സമ്പ്രദായത്തിന് കീഴിലുള്ള 1,27,797 ഭിന്നശേഷിക്കാർക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ 34,809 ന്യായവില കടകളിലൂടെയാണ് ഈ പദ്ധതി നടപ്പാക്കുക.
എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും റേഷൻ കടകളിൽ നിന്നുള്ള അവശ്യവസ്തുക്കൾ ഗുണഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തിക്കും.
'തായുമാനവർ ' തന്റെ പ്രിയപ്പെട്ട പദ്ധതികളിലൊന്നാണെന്ന് സ്റ്റാലിൻ പറഞ്ഞു. പ്രായമായവർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കിയ ശേഷമാണ് തങ്ങൾ ഈ പദ്ധതിക്ക് രൂപം കൊടുത്തത്. 30.16 കോടി രൂപയുടെ അധിക ചെലവ് സഹകരണ വകുപ്പിന് വരുമെങ്കിലും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതും സേവിക്കുന്നതും കടമയായി ഞങ്ങൾ ഇതിനെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ പദ്ധതി രാജ്യത്തിന് ഒരു മാതൃകയാണെന്നും ഡി.എം.കെ സർക്കാരിന്റെ കഴിഞ്ഞ നാല് വർഷത്തിനിടെ 2,394 റേഷൻ കടകൾ തുറന്നതായും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.