സുപ്രീം കോടതി
ന്യൂഡൽഹി: ബീഹാറിൽ അരങ്ങേറുന്നത് വോട്ടർപട്ടിക പരിഷ്‍കരണമല്ലെന്നും കൂട്ടത്തോടെയുള്ള വോട്ടുവെട്ടിമാറ്റലാണെന്നും ഹരജിക്കാരുടെ ഭാഗത്ത് നിന്നുയർന്ന ശക്തമായ വാദമുഖങ്ങൾക്ക് വഴങ്ങാത്ത നിലപാടാണ് അന്തിമ വാദത്തിൽ ചൊവ്വാഴ്ച സുപ്രീംകോടതി സ്വീകരിച്ചത്. വാദം ബുധനാഴ്ചയും തുടരുമെന്ന് വ്യക്തമാക്കിയ ബെഞ്ച് ആവലാതി പറയാൻ കോടതി അവസരം നൽകിയില്ലെന്ന് ഒരാളും പറയേണ്ടി വരില്ലെന്നും പറഞ്ഞു.
വോട്ടർ പട്ടിക തീവ്ര പരിശോധന(എസ്.ഐ.ആർ)യുടെ പ്രശ്നം അതിന്റെ രൂപകൽപനയിലാണെന്നും അല്ലാതെ പ്രായോഗികതയിൽ അല്ലെന്നും പ്രമുഖ സെഫോളജിസ്റ്റ് യോഗോന്ദ്ര യാദവ് ഡാറ്റകളുടെ പിൻബലത്തിൽ സമർഥിച്ചു. ഒരു ജനാധിപത്യ രാജ്യത്തെ വോട്ടർപട്ടികയിലും സംഭവിക്കാത്ത ലോകത്തെ ഏറ്റവും വലിയ വെട്ടിമാറ്റലാണിത്. വോട്ടു കൂട്ടിച്ചേർക്കലില്ലാത്ത കൂട്ടത്തോടെ വെട്ടിക്കളഞ്ഞുള്ള പട്ടികയും ചരിത്രത്തിലാദ്യം. സാർവത്രികമായ പുറന്തള്ളലുണ്ടായ ഒരു വോട്ടർപട്ടിക പരിഷ്കരണം ഇന്ത്യ രാജ്യത്തുണ്ടായിട്ടില്ല. എസ്.ഐ.ആറുമായി മുന്നോട്ടുപോയാൽ വോട്ടർ പട്ടികയിൽനിന്ന് പുറത്താകുന്നവരുടെ എണ്ണം ചുരുങ്ങിയത് ഒരു കോടി കവിയും.
വോട്ടർപട്ടികക്ക് അടിസ്ഥാനമാക്കേണ്ടത് പ്രായപൂർത്തിയായ ജനങ്ങളുടെ എണ്ണമാണ്. അല്ലാതെ 2003ലെ വോട്ടർപട്ടികയല്ല. ബീഹാറിൽ താമസക്കാരായ 8.80 കോടി പ്രായപൂർത്തിയായ പൗരനമാർ ഉണ്ടെന്നാണ് കേന്ദ്ര സർക്കാറിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ സർവേ കണക്ക്. പൂർണമായും തെറ്റാണ് ഈ സങ്കൽപം. ഇത് മൂലം പാർശ്വവൽകൃതരാകും വോട്ടർപട്ടികയിൽനിന്ന് പുറത്താകുക. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു വോട്ടർപട്ടിക പരിഷ്‍കരണത്തിലും ഒരു അപേക്ഷ സമർപ്പിക്കാനോ സർട്ടിഫിക്കറ്റ് സമർപ്പിക്കാനോ ആവശ്യപ്പെട്ടില്ല. 2003ൽ എസ്.ഐ.ആർ നടപ്പാക്കിയപ്പോൾ ആരും അപേക്ഷ നൽകിയിട്ടില്ല. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ രണ്ട് പ്രിന്റൗട്ടുകൾ എടുത്ത് വീടുകളിലേക്ക് പോയാണ് ചെയ്തത്. എന്നാൽ, 2003ലെ എസ്.ഐ.ആർ ഉത്തരവ് കമീഷൻ എവിടെയും കാണിക്കുന്നില്ല -അദ്ദേഹം വ്യക്തമാക്കി.
വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റിയവരുടെ പട്ടിക കാണാൻ ബീഹാറിലെ ഒരു സാധാരണ പൗരന് അവകാശമില്ലെന്ന് കമീഷൻ പറയുന്നതെങ്ങിനെയാണെന്ന് പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ചോദിച്ചു. ആ പട്ടിക രജിസ്ട്രേഡ് രാഷ്ട്രീയ പാർട്ടിയുടെ ബൂത്ത് തല ഏജന്റിന് മാത്രമേ നൽകൂ എന്ന് പറയുന്നതിന്റെ ന്യായമെന്താണ്? ഒരു രാഷ്ട്രീയ പാർട്ടിയിലുമില്ലാത്ത പൗരന് ഈ വിവരം എവിടെ നിന്നു കിട്ടും? അയാളെന്തിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ പിറകെ പോകണം? അപേക്ഷകൾ സ്വീകരിക്കാനും തള്ളാനും ഫോം പൂരിപ്പിച്ചുകൊടുക്കുന്ന ബി.എൽ.ഒമാർ തന്നെ ശിപാർശ ചെയ്യുകയാണ്. 10-12 ശതമാനം വോട്ടർമാരെ ഒരു കാരണവും കാണിക്കാതെയാണ് ഓരോ ബൂത്ത് തല ഓഫിസർമാരും പുറന്തള്ളിയത്. കംപ്യൂട്ടറിൽ വായിക്കാൻ കഴിയുന്ന വോട്ടർപട്ടിക വെബ്സൈറ്റിൽ നിന്ന് കമീഷൻ നീക്കം ചെയ്തുവെന്നും ഭൂഷൺ പറഞ്ഞു.
1950ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 28ാം വകുപ്പിന്റെ ലംഘനമായ ഈ പ്രക്രിയ തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രമുഖ അഭിഭാഷക വൃന്ദാ ഗ്രോവർ സമർഥിച്ചു. ഇതനുസരിച്ച് കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കമീഷനുമായി കൂടിയലോചിച്ച് വിജ്ഞാപനം ഇറക്കുകയും പാർലമെന്റ് പാസാക്കിയ ചട്ടങ്ങൾ പ്രകാരം പ്രക്രിയ നടത്തുകയും വേണം. ഫോം 6ന്റെ കൂടെ കൊടുക്കാൻ പറഞ്ഞ ഒരു രേഖയും കൊടുക്കാൻ പാർലമെന്റ് പറഞ്ഞിട്ടില്ല. അത് പറയാൻ എന്തധികാരമാണ് തെരഞ്ഞെടുപ്പ് കമീഷനുള്ളത്? -വൃന്ദ ചോദിച്ചു.
ഭരണഘടനയുടെ 10ാം അനുഛേദം അനുസരിച്ച് ഇന്ത്യൻ പൗരനായ ഒരാളുടെ പൗരത്വം സ്വമേധയാ റദ്ദാകില്ലെന്ന് കപിൽ സിബൽ ബോധിപ്പിച്ചു. ഫോം 6 പ്രകാരം പുതുതായി വോട്ടു ചേർക്കുമ്പോൾ പോലും താൻ ഇന്ത്യൻ പൗരനാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലം മതി. എന്നിട്ട് ആർക്കെങ്കിലും ഒരാളെ കുറിച്ച് പരാതിയുെണ്ടങ്കിൽ ഫോം 7 പ്രകാരം പരാതി സമർപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വോട്ടറോട് പൗരത്വ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയും വേണം. ആ പ്രക്രിയയാണ് കമീഷൻ അട്ടിമറിച്ചിരിക്കുന്നത് -കപിൽ സിബൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.