ന്യൂഡൽഹി: ടേബിൾ ടോപ്പ് റൺവേയുള്ള കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ ഹൈ റിസ്ക് വിമാനത്താളവങ്ങളിലേക്ക് വിമാനം പറത്താനുള്ള സിമുലേറ്റർ പരിശീലനത്തിൽ വീഴ്ച വരുത്തിയ ഇൻഡിഗോ എയർലൈൻസിന്റെ 1700 പൈലറ്റുമാർക്ക് വ്യോമയാന ഡയറക്ടർ ജനറലിന്റെ (ഡി.ജി.സി.എ) കാരണം കാണിക്കൽ നോട്ടീസ്. കമാൻഡ്, ഫസ്റ്റ് ഓഫീസർമാർ ഉൾപ്പെടെയുള്ള പൈലറ്റുമാർക്കാണ് ഡി.ജി.സി.എ വിശദീകരണം തേടി നോട്ടീസ് നൽകിയത്. കാറ്റഗറി സിയും, ക്രിട്ടികൽ എയർഫീൽഡ് ട്രെയിനിങ്ങും ഉൾപ്പെടുന്ന സിമുലേറ്റർ പരിശീലനം പൈലറ്റുമാർക്ക് നൽകിയയെങ്കിലും ഹൈ റിസ്ക് വിമാനത്താവളങ്ങളിലേക്ക് പറക്കുന്നതിന് ആവശ്യമായ പരിശീലനത്തിന് ഈ സിമുലേറ്ററുകൾ യോഗ്യമല്ലെന്നാണ് ഡി.ജി.സി.എയുടെ കണ്ടെത്തൽ. ഇതേ തുടർന്നാണ് 1700 പൈലറ്റുമാർക്കും അധികൃതർ കാരണം കണിക്കൽ നോട്ടീസ് നൽകിയത്. 14 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും നിർദേശിച്ചു.
തങ്ങളുടെ പൈലറ്റുമാർക്ക് നോട്ടീസ് ലഭിച്ചതായി ഇൻഡിഗോയും സ്ഥിരീകരിച്ചു. സമയപരിധിക്കുള്ളിൽ തന്നെ പൈലറ്റുമാർ വിശദീകരണം നൽകുമെന്നും അധികൃതർ അറിയിച്ചു. കോഴിക്കോട്, ലേഹ്, കാഠ്മണ്ഡു ഉൾപ്പെടെ ഏറ്റവും വെല്ലുവിളി നിറഞ്ഞവിമാനത്താവളങ്ങളിലേക്കുള്ള പരിശീലനത്തിന് ഈ സിമുലേറ്റർ മതിയാവില്ലെന്നാണ് ഡി.ജി.സി.എയുടെ കണ്ടെത്തൽ.
ഡൽഹി, ചെന്നൈ, ഹൈദരാബാദ്, നോയ്ഡ, ഗുരുഗ്രാം, ബംഗളുരു എന്നിവടങ്ങളിലായുള്ള സിമിലേറ്ററുകൾ വഴിയാണ് പൈലറ്റുമാർ നിലവിൽ പരിശീലനം പൂർത്തിയാക്കിയത്. ഡി.ജി.സി.എ നിർദേശിക്കുന്ന പരിശീലനത്തിൽ വീഴ്ചകാണിക്കുന്ന എയർലൈൻ കമ്പനികൾക്കെതിരെ വൻതുക പിഴ ചുമത്തും. വെല്ലുവിളി നിറഞ്ഞ ടേബിൾ ടോപ്പ് റൺവേയുള്ള വിമാനത്താവളങ്ങളിലേക്ക് പറക്കാൻ പൈലറ്റുമാർ പ്രത്യേക സിമുലേറ്ററുകൾ ഉപയോഗിച്ചു തന്നെ പരിശീലനം നടത്തണമെന്നാണ് ചട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.