ന്യൂഡൽഹി: ആധുനിക യുദ്ധോപകരണങ്ങളടക്കം ആയുധങ്ങൾ വാങ്ങാൻ സൈന്യത്തിന് 67,000 കോടി രൂപയുടെ പ്രാരംഭ അനുമതി നൽകി പ്രതിരോധമന്ത്രാലയം. 87 ഹെവി-ഡ്യൂട്ടി സായുധ ഡ്രോണുകളും 110 ലധികം എയർ - ലോഞ്ച്ഡ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളുമടക്കം ആയുധങ്ങളാണ് ഇതിലൂടെ സൈന്യത്തിന്റെ ഭാഗമാവുക.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ നിർദേശങ്ങൾ അംഗീകരിച്ചതോടെയാണ് പദ്ധതി യാഥാർഥ്യമാകുന്നത്. 87 മീഡിയം ആൾറ്റിട്യൂഡ് ലോങ് എൻഡ്യൂറൻസ് (എം.എ.എൽ.ഇ) ഡ്രോണുകൾ വാങ്ങുന്നതിനായി ഏകദേശം 20,000 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവ 40 ശതമാനം വിദേശ പങ്കാളിത്തത്തോടെ ഇന്ത്യൻ കമ്പനിയാവും നിർമിക്കുക.
വായുവിൽനിന്ന് തൊടുക്കാവുന്ന മിസൈലുകളും ലേസർ നിയന്ത്രിത ബോംബുകളും ഉപയോഗിക്കാൻ കഴിയുന്ന ഡ്രോണുകളാണ് വാങ്ങുന്നത്. ഓപറേഷൻ സിന്ദൂറിൽ ഇസ്രായേൽ നിർമിത ഹാരോപ്പ്, ഹാർപി കാമികാസെ ഡ്രോണുകൾ നിർണായക പങ്കുവഹിച്ചിരുന്നു. ഇതേത്തുടർന്നാണ് വിദേശ പങ്കാളിത്തത്തോടെ തദ്ദേശീയമായി ഡ്രോണുകൾ ഉൽപാദിപ്പിക്കാൻ രാജ്യം പദ്ധതിയിടുന്നത്. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്റോസ്പേസിൽനിന്ന് 110ൽ അധികം ബ്രഹ്മോസ് മിസൈലുകൾ സംഭരിക്കാൻ 10,800 കോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
450 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കാനാകും. സുഖോയ്-30 എം.കെ.ഐ പോർവിമാനങ്ങളുമായി ചേർത്ത് വിന്യസിക്കാനുമാകും. ബ്രഹ്മോസ് മിസൈൽ ഉപയോഗിക്കുന്ന പഴയ കപ്പലുകൾക്ക് എട്ട് ബ്രഹ്മോസ് ഫയർ കൺട്രോൾ സിസ്റ്റം സ്ഥാപിക്കും. ഇതിനായി 650 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ 220 ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ 19,519 കോടി രൂപയുടെ കരാർ ഒപ്പിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.