കശ്മീരിൽ നിരോധിച്ച ചില പുസ്കങ്ങൾ

ജമ്മു കശ്മീരിലെ പുസ്തക നിരോധനം: രാജ്യസഭയിൽ അടിയന്തര ചർച്ച അനുവദിച്ചില്ല, ഡോ. ശിവദാസന്റെ നോട്ടീസ് തള്ളി

ന്യൂഡൽഹി: ബുക്കർ പ്രൈസ് ജേത്രി അരുന്ധതി റോയിയുടെയും പ്രമുഖ ചരിത്രകാരൻ എ.ജി നൂറാനിയുടെയും അടക്കം 25 പുസ്തകങ്ങൾക്ക് ജമ്മു കശ്മീർ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയ വിഷയം സഭ നിർത്തിവെച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. വി. ശിവദാസൻ എം.പി രാജ്യസഭയിൽ നോട്ടീസ് നൽകി. അന്താരാഷ്ട്രതലത്തിൽ ബഹുമാനിക്കപ്പെടുന്ന അക്കാദമിക് പ്രസാധകർ പ്രസിദ്ധീകരിച്ച കൃതികൾ പോലും നിരോധിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തെ തൃണവൽഗണിക്കുന്ന സമീപനമാണെന്ന് ശിവദാസൻ രാജ്യസഭാചട്ടം 267 പ്രകാരം നൽകിയ നോട്ടീസിൽ ചൂണ്ടിക്കാട്ടി. എന്നാൽ അടിയന്തര ചർച്ച അനുവദിക്കില്ലെന്ന് വ്യക്തമാക്കി രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് നോട്ടീസ് തള്ളി.

അരുന്ധതി റോയിയുടെ 'ആസാദി', മുതിർന്ന ഭരണഘടനാ വിദഗ്ദ്ധനും ചരിത്രകാരനുമായിരുന്ന എ.ജി. നൂറാനിയുടെ 'ദി കശ്മീർ ഡിസ്പ്യൂട്ട് 1947–2012' എന്നിവ നിരോധിത പുസ്തകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ജമ്മു കശ്മീർ സംബന്ധിച്ച ഭരണഘടനാ സംഭവവികാസങ്ങളും നയതന്ത്ര ചരിത്രവും സൂക്ഷ്മമായി ശ്രദ്ധാപൂർവ്വം രേഖപ്പെടുത്തുന്ന നൂറാനിയുടെ പുസ്തകം പോലും നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയതിൽ ഡോ. ശിവദാസൻ ആശങ്ക പ്രകടിപ്പിച്ചു. അക്കാദമിക് സ്വാതന്ത്ര്യത്തെയും അറിവിനെയും വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സമീപനമാണിത്.

സുതാര്യമായ ജുഡീഷ്യൽ പരിശോധനയോ പൊതുചർച്ചയോ ഇല്ലാതെ നടപ്പിലാക്കിയ നിരോധനം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) പ്രകാരം ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ ഗുരുതര ലംഘനമാണ്. രാജ്യത്ത് ബൗദ്ധിക അന്വേഷണത്തിനും ജനാധിപത്യ വിയോജിപ്പിനുമുള്ള ഇടം ഇല്ലാതാക്കുകയാണ് ബി.ജെ.പി സർക്കാർ ചെയ്യുന്നത്. അക്കാദമിക് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയും മേലുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്, വിഷയം സഭ ഉടൻ ചർച്ചയ്ക്ക് എടുക്കണമെന്ന് ഡോ. വി. ശിവദാസൻ ആവശ്യപ്പെട്ടു.

തെറ്റായ വിവരങ്ങളും വിഘടനവാദവും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ജമ്മു കശ്മീരിൽ പുസ്തകങ്ങൾ നിരോധിച്ചത്.ലഫ്റ്റന്റ് ഗവർണറുടെ നിർദേശപ്രകാരമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.