പട്ന: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തെച്ചൊല്ലിയുള്ള തർക്കത്തിൽ പുതിയൊരു വഴിത്തിരിവ് നൽകി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ വെളിപ്പെടുത്തൽ. ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് കുമാർ സിൻഹക്ക് രണ്ട് ‘എപിക്’ കാർഡുകൾ ഉണ്ടെന്ന് തേജസ്വി അവകാശപ്പെട്ടു. യോഗ്യരായ ഓരോ വോട്ടർക്കും തിരഞ്ഞെടുപ്പ് കമീഷൻ ഒരു എപിക് ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡാണ് നൽകുന്നത്. ഒരു വോട്ടർക്ക് ഒരു എപിക് നമ്പർ മാത്രമേ ഉണ്ടായിരിക്കാവൂ.
ഒരു നിയോജകമണ്ഡലത്തിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യണമെന്ന് താൻ ഇതിനകം അഭ്യർഥിച്ചിട്ടുണ്ടെന്നും യാദവ് തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നുമാണ് സിൻഹയുടെ ഇതിനോടുള്ള മറുപടി.
ഇന്ന് രാവിലെ നടന്ന ഒരു പത്രസമ്മേളനത്തിലാണ് ഉപമുഖ്യമന്ത്രി സിൻഹക്ക് രണ്ട് എപിക് നമ്പറുകൾ ഉണ്ടെന്ന് യാദവ് അവകാശപ്പെട്ടത്. ഈ നമ്പറുകൾ രണ്ട് വ്യത്യസ്ത നിയമസഭാ മണ്ഡലങ്ങളിലാണ്. കൂടാതെ ഈ കാർഡുകളിലും അദ്ദേഹത്തിന്റെ പ്രായവും വ്യത്യസ്തമാണ്. ഒരു എപിക് നമ്പർ ബങ്കിപൂർ സെഗ്‌മെന്റിലാണ്. അതിൽ പ്രായം 60 ഉം ലഖിസരായിലുള്ള മറ്റൊരു നമ്പറിൽ പ്രായം 57 ഉം ആണ്. ഒന്നുകിൽ ഈ രണ്ട് എപിക് നമ്പറുകളും ഇഷ്യൂ ചെയ്യാനുള്ള രേഖകളിൽ അദ്ദേഹം ഒപ്പിട്ടിരിക്കാം അല്ലെങ്കിൽ മുഴുവൻ സ്പെഷ്യൽ ഇന്റൻസിവ് റിവിഷൻ പ്രക്രിയയും ഒരു തട്ടിപ്പാണ് എന്ന് യാദവ് പറഞ്ഞു.
‘ആരാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊതുജനങ്ങൾ അറിയണം. ലഖിസരായ് അസംബ്ലിയുടെ എപിക് നമ്പർ IAF3939337 ഉം ബങ്കിപൂർ അസംബ്ലിയുടേതിൽ AFS0853341 ഉം ആണ്. ബൂത്ത് ലെവൽ ഓഫിസർ ലഖിസരായിലേക്ക് പോയപ്പോൾ അദ്ദേഹം ഒപ്പിട്ടിട്ടുണ്ടാവണം. ഓഫിസർ ബങ്കിപൂരിലേക്ക് പോയപ്പോൾ അദ്ദേഹം അവിടെയും ഒപ്പിട്ടുണ്ടാവണം. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് രണ്ട് സ്ഥലങ്ങളിലെയും പ്രത്യേക വോട്ടർ പട്ടികയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിഹാറിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആർ നടപടി ഒരു തട്ടിപ്പാണ്. അല്ലെങ്കിൽ ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ഒരു തട്ടിപ്പ് നടത്തുകയാണ്. അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യണമെന്നും ആർ.ജെ.ഡി നേതാവ് പറഞ്ഞു.
യാദവ് ആരോപണം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ നടത്തിയ പത്രസമ്മേളനത്തിൽ ഉപമുഖ്യമന്ത്രി സിൻഹ തന്റെ കുടുംബം മുമ്പ് ബങ്കിപൂർ അസംബ്ലി ഏരിയയിലാണ് താമസിച്ചിരുന്നതെന്ന് പറഞ്ഞു. രണ്ട് ലിസ്റ്റുകളിലും തന്റെ പേര് കണ്ടെത്തിയതിനെത്തുടർന്ന് ബങ്കിപൂർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതിനുള്ള ഒരു ഫോം പൂരിപ്പിച്ചതായും പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾക്ക് മുമ്പ് ബിഹാറിൽ നടന്ന വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്രമായ പരിഷ്കരണം വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്. ഈ പ്രക്രിയ വോട്ടർമാരെ കൂട്ടത്തോടെ ഇല്ലാതാക്കുമെന്നാണ് പ്രതിപക്ഷമായ ആർ.ജെ.ഡിയുടെയും കോൺഗ്രസിന്റെയും ആരോപണം. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ ഈ ആരോപണങ്ങൾ തള്ളിക്കളയുകയാണ്. അതേസമയം, യാദവിന്റെ കൈവശം ‘വ്യാജ’ എപിക് കാർഡ് ഉണ്ടെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമീഷൻ അദ്ദേഹത്തോട് വിശദീകരണം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.