രാജിവെച്ച് പോയ ജഗ്ദീപ് ധൻകറിനെക്കുറിച്ച് ഒരു വിവരവുമില്ല, ആരും ഒന്നും പറയുന്നില്ല -കപിൽ സിബൽ

ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചൊഴിഞ്ഞ ജഗ്ദീപ് ധൻകറിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും അദ്ദേഹം എവിടെയെന്ന് പറയണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യമുന്നയിച്ചും എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. ധൻഖറിന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് അദ്ദേഹം എവിടെയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് സിബൽ ആവശ്യപ്പെട്ടു.

അപ്രതീക്ഷിതമായാണ് പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 21 നാണ് ധൻഖർ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞായിരുന്നു രാജി. എന്നാൽ നിർബന്ധിച്ച് രാജിവെപ്പിച്ചതാണെന്നാണ് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചത്.

ജൂലൈ 22 ന് ഞങ്ങളുടെ വൈസ് പ്രസിഡന്റ് ജഗഗ്ദീപ് ധൻഖർ രാജിവച്ചു. ഇന്ന് ആഗസ്റ്റ് 9 ആണ്, അന്നുമുതൽ അദ്ദേഹം എവിടെയാണെന്ന് ഞങ്ങൾക്ക് അറിയില്ല. അദ്ദേഹം ഔദ്യോഗിക വസതിയിലില്ല. ആദ്യ ദിവസം തന്നെ ഞാൻ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചു, അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി ഫോൺ എടുത്ത് അദ്ദേഹം വിശ്രമിക്കുകയാണെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പല രാഷ്ട്രീയ സഹപ്രവർത്തകർക്കും അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും കപിൽ പറഞ്ഞു.

‘ലാപതാ ലേഡീസ്’ എന്ന സിനിമയെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്, പക്ഷേ ‘ലാപതാ വൈസ് പ്രസിഡന്റ്’ എന്ന് ഞാൻ ഒരിക്കലും കേട്ടിട്ടില്ല. തന്‍റെ കാലായളവിൽ മുഴുവൻ സർക്കാറിനെ പിന്തുണച്ച ധൻഖറിനെ ഇനി പ്രതിപക്ഷം സംരക്ഷിക്കേണ്ടി വരുമെന്നാണ് തോന്നുന്നതെന്നും സിബൽ പറഞ്ഞു.

ഹേബിയസ് കോർപസ് ഫയൽ ചെയ്യേണ്ടി വരുമോ? ധൻഖർ എവിടെയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയണം. അദ്ദേഹത്തിന്റെ ആരോഗ്യം മോശമായതിനാൽ അത് വെളിപ്പെടുത്തണം. അദ്ദേഹത്തിന് എവിടെയെങ്കിലും ചികിത്സ ലഭിക്കുന്നുണ്ടോ? അദ്ദേഹത്തിന്റെ കുടുംബത്തിലെ ആളുകളും ഒന്നും പറഞ്ഞിട്ടില്ല. എന്താണ് പ്രശ്നം? മറ്റ് രാജ്യങ്ങളിൽ മാത്രമേ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ കേട്ടിട്ടുള്ളൂ. ആഭ്യന്തരമന്ത്രിയോട് അഭ്യർഥിക്കുകയാണ്, നിങ്ങൾക്ക് ധാരാളം റിസോഴ്സുകളുണ്ടല്ലോ. നിങ്ങൾ ബംഗ്ലാദേശികളെ തിരിച്ചയയ്ക്കുന്നുണ്ടല്ലോ. എല്ലാത്തിനുമുപരി അദ്ദേഹം നമ്മുടെ വൈസ് പ്രസിഡന്റായിരുന്നു. അതിനാൽ ദയവായി അദ്ദേഹം എവിടെയാണെന്ന് ഒരു പ്രസ്താവന നൽകണം -സിബൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Kapil Sibal Questions Jagdeep Dhankhar's Whereabouts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.