ഓട്ടിസം ബാധിതനായ പി.എച്ച്.ഡി ഗവേഷകന്റെ ആത്മഹത്യ: ആന്റി റാഗിങ് സെൽ അംഗങ്ങൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കൊൽക്കത്ത ‘ഐസർ’ വിദ്യാർഥികൾ

കൊൽക്കത്ത: മാസങ്ങൾക്കു മുമ്പ് ആന്റി റാഗിങ് സെല്ലിനു നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കൊൽക്കത്ത ഐസറിലെ ഗവേഷണ വിദ്യാർഥിയായ അനമിത്ര റോയിക്കുവേണ്ടി സഹപാഠികൾ രംഗത്ത്. സ്ഥാപനത്തിന്റെ ആന്റി റാഗിങ് കമ്മിറ്റി അംഗങ്ങൾക്കെതിരെ അന്വേഷണം നടത്തണമെന്ന് ഐസർ വിദ്യാർഥികൾ ആവശ്യപ്പെട്ടു.

റോയിയുടെ മരണത്തിലേക്ക് നയിച്ചത് അശ്രദ്ധയാണെന്ന് വിശേഷിപ്പിച്ച റാഗിങ് വിരുദ്ധ കമ്മിറ്റി ഉടൻ പിരിച്ചുവിടണമെന്നും അംഗങ്ങൾ മാപ്പ് പറയണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. മൂന്നാംവർഷ പി.എച്ച്.ഡി വിദ്യാർഥിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പുറത്തുനിന്നുള്ള അംഗങ്ങളും വിദ്യാർഥി പ്രതിനിധിയും ഉൾപ്പെടുന്ന ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം. അനാമിത്രയുടെ സൂപ്പർവൈസർ ആയ അനിന്ദിത ഭദ്രയുടെ സംരക്ഷണം ആസ്വദിച്ചിരുന്ന സീനിയർ റിസർച്ച് സ്കോളർ സൗരഭ് ബിശ്വാസ് തുടർച്ചയായി ഭീഷണിപ്പെടുത്തലിനും ദുരുപയോഗത്തിനും അദ്ദേഹ​ത്തെ വിധേയനാക്കിയെന്ന് അവർ ആരോപിച്ചു.

അനാമിത്രയുടെ മരണം സ്ഥിരീകരിച്ച എയിംസ് കല്യാണിയിൽ നിന്നുള്ള ഒരു പ്രതിനിധി ഉൾപ്പെടെ ബാഹ്യ, ആന്തരിക അംഗങ്ങളുള്ള ഒരു വസ്തുതാന്വേഷണ സമിതി ഇപ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിച്ചിട്ടുണ്ടെന്നും ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. അന്വേഷണ സംഘത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കിടാൻ ‘ഐസർ’ വക്താവ് വിസമ്മതിച്ചു. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയവും ഒരു വസ്തുതാന്വേഷണ സംഘത്തെ അയക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.

വിദ്യാർഥികൾ 16 ആവശ്യങ്ങൾ ഉന്നയിച്ച് ഒരു പ്രമേയം സമർപ്പിച്ചു. പ്രഫസർമാർക്കും സ്റ്റാഫ് അംഗങ്ങൾക്കും വേണ്ടി ഒരു അച്ചടക്ക നടപടി സമിതി രൂപീകരിക്കുക, ബിശ്വാസിന്റെ പി.എച്ച്.ഡി തീസിസിലെ ശാസ്ത്രീയമായ ദുരുപയോഗം അന്വേഷിക്കാൻ ഒരു ബാഹ്യ പാനൽ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ അതിലുൾപെടുന്നു.

‘എയിംസ്’ കല്യാണിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം അനാമിത്ര റോയിയുടെ മൃതദേഹം മോഹൻപൂരിലെ ഐസർ ഗവേഷണ സമുച്ചയത്തിലേക്ക് കൊണ്ടുവന്നതോടെ ശനിയാഴ്ച കാമ്പസിൽ പ്രതിഷേധം ശക്തമായി. ക്രമസമാധാന പ്രശ്‌നം ഭയന്ന് പൊലീസിനെ വിളിച്ച അധികാരികളുടെ എതിർപ്പ് അവഗണിച്ചാണ് വിദ്യാർഥികൾ അനാമിത്ര റോയിയുടെ മൃതദേഹം കൊണ്ടുവന്നത്.

‘റാഗിങ് വിരുദ്ധ സമിതിയുടെ ചെയർമാനായ വിദ്യാർഥി കാര്യ ഡയറക്ടർ (ഡോസ) റോയിയുടെ പരാതി ഗൗരവമായി എടുക്കാൻ മെനക്കെട്ടില്ല എന്നത് വളരെ നിർഭാഗ്യകരമാണ്. ഇത് കഴിവില്ലായ്മ മാത്രമല്ല, നിസ്സംഗതയുമാണ്. ആരോപണങ്ങൾ ഒരു മുതിർന്ന ഗവേഷകനെതിരെ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയായ സൂപ്പർവൈസറിനെതിരെയും ആയിരുന്നുവെന്ന് വിദ്യാർഥികളിൽ ഒരാൾ പറഞ്ഞു.

‘റാഗിങ് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് പരിഗണിച്ച് പരാതി ലഭിച്ച ഉടൻ തന്നെ വിദ്യാർഥിയെ സമീപിച്ച് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതായിരുന്നു’വെന്ന് മറ്റൊരു വിദ്യാർഥി പറഞ്ഞു. സുപ്രീംകോടതി നിർദേശപ്രകാരം ഇരയോ സ്ഥാപനമോ സ്വീകരിച്ച ആഭ്യന്തര നടപടികളിൽ തൃപ്തരാണോ എന്നത് പരിഗണിക്കാതെ ഓരോ റാഗിങ് പരാതിയിലും എഫ്‌.ഐ.ആർ ഫയൽ ചെയ്യണം. എഫ്‌.ഐ.ആർ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെടുന്നതോ സ്ഥാപന അധികാരികളുടെ മനഃപൂർവമായ കാലതാമസമോ കുറ്റകരമായ അനാസ്ഥയായി കണക്കാക്കപ്പെടുമെന്ന് കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു അഭിഭാഷകൻ പറഞ്ഞു. ഭാവിയിലെ സംഭവങ്ങൾ തടയാൻ മാതൃകാപരവും കഠിനവുമായ ശിക്ഷകൾ വേണമെന്ന് സുപ്രീംകോടതി ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ ചുറ്റുമുള്ളവർ അധിക്ഷേപവുമായി ഒറ്റപ്പെടുത്തിയെന്നും സ്ഥാപനത്തിലുള്ളവർ ഭീഷണിപ്പെടുത്തിയെന്നും ആ സമയത്ത് തന്റെ സൂപ്പർവൈസർ മൗനം പാലിക്കുക മാത്രമല്ല, പീഡിപ്പിക്കുന്നയാളെ പിന്താങ്ങുകയും ചെയ്തുവെന്നും തുറന്നെഴുതിയായിരുന്നു ബയോളജിക്കൽ സയൻസസ് ഗവേഷകനും 25കാരനുമായ അനമിത്ര റോയിയുടെ ആത്മഹത്യ.

വ്യാഴാഴ്ച രാത്രി കല്യാണി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബയോളജി ലാബിൽ സ്വന്തം ന്യൂറോളജിക്കൽ മരുന്നുകൾ അമിതമായി കഴിച്ച നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ സുഹൃത്തുക്കൾ അദ്ദേഹത്തെ കല്യാണിയിലെ എയിംസിലേക്കു കൊണ്ടുപോയി. അവിടെ വെച്ചായിരുന്നു മരണം.

നോർത്ത് 24പർഗാനാസിലെ ശ്യാംനഗറിൽ നിന്നുള്ള ഈ യുവാവ് വ്യാഴാഴ്ച പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക്ക് പോസ്റ്റിൽ, തന്നെ പീഡിപ്പിക്കുന്നവരായി ആരോപിച്ച് സൗരഭ് ബിശ്വാസിന്റെയും സൂപ്പർവൈസർ അനിന്ദിത ഭദ്രയുടെയും പേര് പരാമർശിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ മാതാപിതാക്കളിൽ നിന്ന് ആവർത്തിച്ചുള്ള ശാരീരികവും മാനസികവുമായ പീഡനം നേരിടേണ്ടിവന്നതായും അതിൽ പറയുന്നു. തുടർന്ന് താൻ ജീവിതകാലം മുഴുവൻ അനുഭവിച്ച പ്രശ്‌നങ്ങളും പീഡനങ്ങളും അദ്ദേഹം വിശദീകരിച്ചു. ഐ.ഐ.എസ്.ഇ.ആർ കൊൽക്കത്തയുടെ ആന്റി റാഗിങ് സെല്ലും തന്നെ പരാജയപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ പോസ്റ്റ് സൂചിപ്പിക്കുന്നു.

അനമിത്രയുടെ അച്ഛൻ തപസ് കുമാർ റോയ് വിരമിച്ച പോസ്റ്റ് മാസ്റ്ററാണ്. അമ്മ അഞ്ജന ഒരു വീട്ടമ്മയാണ്. 


Tags:    
News Summary - IISER students seek probe against anti-ragging committee members over scholar's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.