ന്യൂഡൽഹി: ശനിയാഴ്ച ഡൽഹിയിൽ പെയ്ത കനത്ത മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെടുത്തുകയും 300 ലധികം വിമാനങ്ങൾ വൈകുകയും ചെയ്തു. ഡൽഹി-എൻ.സി.ആറിന്റെ മിക്ക ഭാഗങ്ങളിലും കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി) റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മിക്ക സ്ഥലങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്.
പ്രതികൂല കാലാവസ്ഥ കാരണം ശനിയാഴ്ച ഡൽഹി വിമാനത്താവളത്തിൽ 300 ലധികം വിമാനങ്ങൾ വൈകി. യമുനാ നദിയിൽ ജലനിരപ്പ് ഉയർന്നു. പ്രളയം മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് നദിയുടെ തീരങ്ങളിൽ താമസിക്കുന്ന ജനങ്ങൾ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച മഴ ശനിയാഴ്ച വരെ തുടർന്നു. ചില പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണു. ആളപായമില്ല. മഴ മൂലം ഡൽഹിയിൽ താപനില 26.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 14 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഇതിന് മുമ്പ് ഏറ്റവും കുറഞ്ഞ പരമാവധി താപനില 2012 ലായിരുന്നു.
1969 ന് ശേഷം സഫ്ദർജങ് സ്റ്റേഷനിൽ ഏറ്റവും കുറഞ്ഞ 10 പരമാവധി താപനിലകളിൽ ഒന്നാണിത്. നിലവിൽ മഴയുടെ തീവ്രത കുറഞ്ഞു. ഞായറാഴ്ച നേരിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.
കനത്ത മഴയെ തുടർന്ന് ഇന്നലെ ജയ്ത്പൂരിലെ ഹരി നഗറിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നതായി ഡൽഹി പൊലീസ് സ്ഥിരീകരിച്ചു. മരിച്ച രണ്ട് പെൺകുട്ടികൾക്കും ഏഴ് വയസ്സാണ് പ്രായം. ര
വി ബുൾ (27), റുബീന (25), സഫികുൽ (27), മുട്ടൂസ് (50), ഡോളി (28) എന്നിവരാണ് മറ്റുള്ളവർ. 25കാരനായ ഹസിബുൾ എന്നയാൾക്ക് പരിക്കേറ്റു. രാത്രിയിൽ ഉണ്ടായ കനത്ത മഴയിൽ തകർന്ന മതിലിനടിയിൽ എട്ട് പേരും കുടുങ്ങി പോകുകയായിരുന്നു.
എട്ടുപേരെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് ഏഴ് പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രദേശത്തെ പഴയ ക്ഷേത്രത്തിനടുത്ത് ആക്രി കച്ചവടം നടത്തുന്നവർ താമസിക്കുന്ന ഇടത്താണ് അപകടമുണ്ടായത്. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ ബാക്കിയുള്ളവരെ ഒഴിപ്പിച്ചു.
ഡല്‍ഹിയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായികനത്ത മഴ തുടരുകയാണ്. വസന്ത് കുഞ്ച്, ആർ.കെ. പുരം, കൊണാട്ട് പ്ലേസ്, മിന്റോ ബ്രിഡ്ജ് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഉണ്ടായി. ശനിയാഴ്ച ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ആഗസ്റ്റ് 12 വരെ മഴ തുടരുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.