ന്യൂഡൽഹി: തടവുശിക്ഷ പൂർത്തിയാക്കിയ തടവുകാർ ജയിലിൽ തുടരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഈ കുറ്റവാളികളെ ഉടൻ വിട്ടയക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു. 2002ലെ നിതീഷ് കട്ടാര കൊലപാതക കേസിൽ സുഖ്‌ദേവ് യാദവ് എന്ന പെഹൽവാനെ മോചിപ്പിക്കാൻ ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഈ വർഷം മാർച്ചിൽ യാദവ് തന്‍റെ 20 വർഷത്തെ തടവ് ശിക്ഷ ഇളവ് കൂടാതെ പൂർത്തിയാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്. ഈ ഉത്തരവിന്‍റെ പകർപ്പ് രജിസ്ട്രി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആഭ്യന്തര സെക്രട്ടറിമാർക്ക് വിതരണം ചെയ്ത് ഏതെങ്കിലും പ്രതിയോ കുറ്റവാളിയോ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തുടരുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും ബെഞ്ച് പറഞ്ഞു. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തുടരുന്നുണ്ടെങ്കിൽ അത്തരം കുറ്റവാളികളെ മോചിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും കോടതി പറഞ്ഞു.
ജൂലൈ 29ന് സുഖ്‌ദേവിനെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പുന:പരിശോധനാ ബോർഡ് പ്രതിയുടെ പെരുമാറ്റം ചൂണ്ടിക്കാട്ടി ഇത് തടഞ്ഞു. തുടർന്ന് 20 വർഷത്തെ തടവുശിക്ഷ മാർച്ചിൽ പൂർത്തിയാക്കിയ യാദവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസ് തീർപ്പാക്കുന്നത് വരെ യാദവിന് മൂന്ന് മാസത്തെ താൽക്കാലിക മോചനം അനുവദിച്ചിരുന്നു. വിധിന്യായത്തിൽ പുനഃപരിശോധനാ ബോർഡിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.
മാർച്ച് ഒമ്പതിന് ശിക്ഷാ കാലാവധി പൂർത്തിയാക്കിയ യാദവിനെ മാർച്ച് 10ന് മോചിപ്പിക്കേണ്ടതായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. 2002 ഫെബ്രുവരിയിൽ ഒരു വിവാഹ പാർട്ടിയിൽ നിന്ന് കട്ടാരയെ തട്ടിക്കൊണ്ടുപോയി വികാസിന്റെ സഹോദരി ഭാരതി യാദവുമായുള്ള ബന്ധത്തിന്റെ പേരിൽ കൊലപ്പെടുത്തിയതിനാണ് സുഖ്‌ദേവ് ശിക്ഷ അനുഭവിക്കുന്നത്. ഉത്തർപ്രദേശ് രാഷ്ട്രീയക്കാരനായ ഡി.പി യാദവിന്റെ മകളാണ് ഭാരതി. വ്യത്യസ്ത ജാതിക്കാരായതിനാൽ ബന്ധം അംഗീകരിക്കാത്തതിനാലാണ് കട്ടാരയെ കൊലപ്പെടുത്തിയതെന്ന് വിചാരണ കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.