‘അമേരിക്കൻ പ്രസിഡന്റിനു മുന്നിൽ ഉയരം 5 അടിയായും നെഞ്ചളവ് 56ൽ നിന്ന് 36 ഇഞ്ചായും കുറയുന്നു’; ഓപറേഷൻ സിന്ദൂറിൽ മോദിയെ കടന്നാക്രമിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചുവെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളും അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടുവെന്ന വാദവും ഓപറേഷൻ സിന്ദൂർ ചർച്ചയിൽ ഏറ്റെടുത്ത് മോദി സർക്കാറിനെ കുടഞ്ഞ് പ്രതിപക്ഷം. പഹൽഗാം ഭീകരാക്രമണം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് അവർ സർക്കാറിനെ വിമർശിച്ചു. എന്തുകൊണ്ടാണ് നമ്മൾ യുദ്ധം നിർത്തിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ ചോദിച്ചു.

‘താരതമ്യേന ചെറിയ വിഷയങ്ങൾ’ അവഗണിക്കണമെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അഭ്യർഥനയും ‘ദേശീയ വികാരങ്ങളിൽ’ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണവും തള്ളിക്കളഞ്ഞ്, ട്രംപിന്റെ അവകാശവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം പ്രതിപക്ഷം ആവർത്തിച്ച് ചൂണ്ടിക്കാട്ടി.

ട്രംപിന്റെ വാദങ്ങളെ നേരിട്ട് പരാമർശിച്ചില്ലെങ്കിലും ബാഹ്യ സമ്മർദ്ദത്തിനു കീഴിൽ ഇന്ത്യ സൈനിക നടപടി നിർത്തുന്നതിനെക്കുറിച്ചുള്ള ഏതൊരു സംസാരവും ‘പൂർണമായും അടിസ്ഥാനരഹിതമാണെ’ന്ന് രാജ്നാഥ് സിങ് പറഞ്ഞു. ‘നമ്മുടെ എത്ര വിമാനങ്ങളെ വെടിവെച്ചു വീഴ്ത്തി? എന്ന് ചില പ്രതിപക്ഷ അംഗങ്ങൾ ചോദിക്കുന്നുണ്ട്. അവരുടെ ചോദ്യം നമ്മുടെ ദേശീയ വികാരങ്ങളെ വേണ്ടത്ര പ്രതിനിധീകരിക്കുന്നില്ലെന്ന്’ തനിക്ക് തോന്നുന്നുവെന്ന് സിങ് സഭയെ അറിയിച്ചു.

എന്നാൽ, രാജ്‌നാഥിനുശേഷം സംസാരിച്ച കോൺഗ്രസിന്റെ ഗൗരവ് ഗൊഗോയ് ചോദ്യങ്ങൾ ഉന്നയിച്ചത് ട്രഷറി ബെഞ്ചുകളെ നിശബ്ദരാക്കി. ‘എന്തുകൊണ്ടാണ് പെട്ടെന്ന് വെടിനിർത്തൽ പ്രഖ്യാപിച്ചത്? പാകിസ്താനെ മുട്ടുകുത്തിച്ചിരുന്നെങ്കിൽ പിന്നെ എന്തിനാണ് നമ്മൾ നിർത്തിയത്? ആരുടെ സമ്മർദ്ദത്തിലാണ് നമ്മൾ കീഴടങ്ങിയത്?’- ഗൊഗോയ് ചോദിച്ചു. മോദി സഭയിൽ ഉണ്ടായിരുന്നില്ല. കോൺഗ്രസ് നേതാവ് സംസാരിക്കുമ്പോൾ രാജ്‌നാഥും ആഭ്യന്തരമന്ത്രി അമിത് ഷായും നിശബ്ദരായിരുന്നു.

‘ഇന്ത്യയെയും പാകിസ്താനെയും വെടിനിർത്തൽ പ്രഖ്യാപിക്കാൻ നിർബന്ധിക്കാൻ വ്യാപാരം ഉപയോഗിച്ചതായി യു.എസ് പ്രസിഡന്റ് 26 തവണ അവകാശപ്പെട്ടിട്ടുണ്ട്....നമ്മുടെ എത്ര ജെറ്റുകൾ വെടിവച്ചിട്ടുവെന്ന് പ്രതിരോധ മന്ത്രിയിൽ നിന്ന് അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു? ഇന്ത്യയിൽ 35 റാഫേൽ ജെറ്റുകൾ മാത്രമേയുള്ളൂ. അവയിൽ ഒരെണ്ണമെങ്കിലും വെടിവെച്ചിട്ടിട്ടുണ്ടെങ്കിൽ അത് വലിയ നഷ്ടമാണെന്ന് ഞാൻ കരുതുന്നു’-ഗൊഗോയ് പറഞ്ഞു. ജനങ്ങളും സായുധ സേനയും സത്യം അറിയേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

‘മെയ് 10ന് ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചു.  ജെറ്റ് വെടിവച്ചിട്ടതല്ല. എന്തുകൊണ്ടാണ് അവ സംഭവിച്ചത് എന്നതാണ് പ്രധാനമെന്ന്’ മെയ് മാസത്തിൽ സിംഗപ്പൂരിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ നടത്തിയ പരാമർശത്തെ ഗൊഗോയ് പരാമർശിച്ചു. സായുധ സേനാ ഉദ്യോഗസ്ഥർക്ക് അത്തരമൊരു വിഷയത്തിൽ രാജ്യത്തിന് പുറത്ത് സംസാരിക്കാൻ കഴിയുമെങ്കിൽ സർക്കാറിന് എന്തുകൊണ്ട് കഴിയില്ല എന്നും ഗൊഗോയ് ചോദിച്ചു.

ട്രംപിന്റെ അവകാശവാദത്തിൽ മോദിയുടെ മൗനത്തെ തൃണമൂലിന്റെ കല്യാൺ ബാനർജിയും ചോദ്യം ചെയ്തു. ‘പ്രധാനമന്ത്രി മോദി, അമേരിക്കൻ പ്രസിഡന്റ് പറഞ്ഞതെല്ലാം തെറ്റാണെന്ന് നിങ്ങൾക്ക് എന്തുകൊണ്ട് പോസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല? മോദി ട്രംപിനെ ഭയപ്പെടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിങ്ങൾ അമേരിക്കൻ പ്രസിഡന്റിന്റെ മുന്നിൽ നിൽക്കുമ്പോൾ നിങ്ങളുടെ ഉയരം 5 അടിയായി കുറയുകയും നിങ്ങളുടെ നെഞ്ച് 56 ഇഞ്ചിൽ നിന്ന് 36 ഇഞ്ചായി കുറയുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് നിങ്ങൾ അമേരിക്കൻ പ്രസിഡന്റിനെ ഇത്രയധികം ഭയപ്പെടുന്നത്?- ബാനർജി ചോദിച്ചു. 

ട്രംപിന്റെ പേരെടുത്ത് പറഞ്ഞത് അദ്ദേഹത്തിന്റെ അവകാശവാദം നിഷേധിക്കാൻ സർക്കാർ ഒരു പ്രസ്താവന നടത്താത്തത് എന്തുകൊണ്ടെന്നും സൈനിക നടപടി നിർത്തിവച്ചതിലൂടെ പാക്കധീന കശ്മീർ തിരിച്ചുപിടിക്കാനുള്ള അവസരം സർക്കാർ എന്തുകൊണ്ട് നിഷേധിച്ചുവെന്നും ശിവസേന (യു.ബി.ടി) എം.പി അരവിന്ദ് സാവന്ത് ചോദിച്ചു. 

‘പാക് അധീന കശ്മീർ തിരിച്ചുപിടിക്കുമെന്ന് സർക്കാർ വീമ്പിളക്കിയിരുന്നു. ഇപ്പോൾ ഇന്ത്യ ബുദ്ധനിൽ വിശ്വസിക്കുന്നുവെന്നും യുദ്ധത്തിലല്ലെന്നും പറയുന്നു. പി.ഒ.കെ തിരിച്ചുപിടിക്കാൻ ഇതാണ് ഏറ്റവും നല്ല സമയം. എന്തുകൊണ്ടാണ് നമുക്ക് ഈ അവസരം നഷ്ടമായത്?- സാവന്ത് ചോദിച്ചു.

പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ആഭ്യന്തരമന്ത്രി ഷാക്ക് ഒളിച്ചോടാൻ കഴിയില്ലെന്ന് ഗൊഗോയ് പറഞ്ഞു. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് പഹൽഗാം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അടുത്തിടെ ഇന്റലിജൻസ് പരാജയം സമ്മതിച്ചത്. ‘ആർട്ടിക്കിൾ 370 റദ്ദാക്കിയത് തീവ്രവാദികളുടെ മുനയൊടിച്ചുവെന്നും ജമ്മു കശ്മീർ സാധാരണ നിലയിലാണെന്നും ആഭ്യന്തരമന്ത്രി ആവർത്തിച്ച് അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ അവകാശവാദങ്ങൾക്കിടയിലും ഉറി, പുൽവാമ, ഇപ്പോൾ പഹൽഗാം എന്നിവിടങ്ങളിലേത് പോലുള്ള ഭീകരാക്രമണങ്ങൾ നടന്നിട്ടുണ്ട്’- ഗൊഗോയ് പറഞ്ഞു. 

‘ഇപ്പോൾ, പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുന്നത്? ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറാണോ? അല്ല. ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നാൽ, അത് ആഭ്യന്തരമന്ത്രിയായ താങ്കളാണ്. ലെഫ്റ്റനന്റ് ഗവർണറുടെ പിന്നിൽ ആഭ്യന്തരമന്ത്രിക്ക് ഒളിക്കാൻ കഴിയില്ല -ഷായുടെ രാജിയാവശ്യപ്പെട്ട് അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പ്രതിരോധമന്ത്രി ദീർഘനേരം സംസാരിച്ചിരുന്നുവെന്നും എന്നാൽ, തീവ്രവാദികൾ പഹൽഗാമിലെത്തി ഏറ്റവും മോശമായ ആക്രമണങ്ങളിലൊന്ന് എങ്ങനെ അഴിച്ചുവിട്ടുവെന്നതിനെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നും ഗൊഗോയ് പറഞ്ഞു. എന്നാൽ, ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ പാകിസ്താനെതിരെ യുദ്ധം നടത്തുക എന്നതല്ല ഭീകര ക്യാമ്പുകൾ നശിപ്പിക്കുകയും പഹൽഗാം ആക്രമണത്തിന് പ്രതികാരം ചെയ്യുക എന്നതായിരുന്നു ഓപ്പറേഷൻ സിന്ദൂറിന് പിന്നിലെ ഇന്ത്യയുടെ ഉദ്ദേശ്യമെന്ന് രാജ്‌നാഥ് പറഞ്ഞു.

Tags:    
News Summary - ‘In front of US President your height reduced to 5ft and chest reduced to 36 inches from 56 inches; Opposite attack Modi Govt. on operation Sindoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.