‘ഞെട്ടിപ്പിക്കുന്നതും വേദനാജനകവും...’; ഗസ്സയിൽ മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയ ഇസ്രായേൽ നടപടിയെ അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: ഗസ്സയിൽ ആശുപത്രി ആക്രമിച്ച് അഞ്ച് മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയ ഇസ്രായേൽ സൈന്യത്തിന്‍റെ നടപടി ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് ഇന്ത്യ. ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.

റോയിട്ടേഴ്സ് വാർത്ത ഏജൻസിയുടെ ഫോട്ടോ ജേണലിസ്റ്റ് ഹുസ്സാം അൽ മസ്‍രി, അൽ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ, അസോസിയേറ്റഡ് അടക്കം പ്രസ് വിവിധ മാധ്യമസ്ഥാപനങ്ങൾക്ക് വാർത്ത നൽകിയിരുന്ന മറിയം അബൂ ദഖ, എൻ.ബി.സി നെറ്റ്‍വർക്ക് മാധ്യമപ്രവർത്തകൻ മുആസ് അബൂതാഹ, ഖുദ്സ് ഫീഡ് റിപ്പോർട്ടർ അഹ്മദ് അബൂ അസീസ് എന്നീ മാധ്യമപ്രവർത്തകർ ഉൾപ്പെടെ 20 പേരാണ് അൽ നാസർ ആശുപത്രി ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

‘മാധ്യമപ്രവർത്തകരുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം ഹൃദയഭേദകവുമാണ്. സംഘർഷങ്ങളിൽ സാധാരണക്കാർക്ക് ജീവൻ നഷ്ടമാകുന്നതിനെ ഇന്ത്യ എപ്പോഴും അപലപിച്ചിട്ടുണ്ട്’ -വിദേശകാര്യ മന്ത്രാലയം വക്താവ് രൺദീർ ജയ്സ്വാൽ പറഞ്ഞു. സംഭവത്തിൽ ഇസ്രായേൽ അധികൃതർ അന്വേഷണത്തിന് നിർദേശം നൽകിയതായാണ് അറിവെന്നും അദ്ദേഹം പ്രതികരിച്ചു. ഗസ്സയിലെ ആശുപത്രികളിലെ മരുന്നിന്റെയും ചികിത്സ ഉപകരണങ്ങളുടെയും ക്ഷാമവും പ്രയാസങ്ങളും റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തരാണ് കൊല്ലപ്പെട്ടത്.

ആശുപത്രിക്കുമേൽ ഇസ്രായേൽ സൈന്യം നേരിട്ട് ബോംബിടുകയായിരുന്നു. ആശുപത്രി ആക്രമണത്തിൽ നാലു ആരോഗ്യ പ്രവർത്തകരും കൊല്ലപ്പെട്ടതായി ലോക ആരോഗ്യ സംഘടന തലവൻ പറഞ്ഞിരുന്നു. ആക്രമണത്തെ യു.എന്നും വിവിധ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും അപലപിച്ച് രംഗത്തുവന്നിരുന്നു. യുദ്ധം ആരംഭിച്ചശേഷം ഗസ്സയിൽ 274 മാധ്യമപ്രവർത്തകരെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്.

Tags:    
News Summary - India reacts to killing of journalists in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.