മുണ്ടുമുറുക്കിയുടുക്കേണ്ടി വന്നാലും യു.എസ് ഭീഷണിക്ക് മുന്നിൽ തലകുനിക്കില്ല: സ്വാതന്ത്ര്യസമരം ഓർമപ്പെടുത്തി മനീഷ് തിവാരി

ന്യൂഡല്‍ഹി: മുണ്ടുമുറുക്കിയുടുക്കേണ്ടി വന്നാലും ഇന്ത്യ യു.എസ് ഭീഷണിക്ക് മുന്നിൽ തലകുനിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. വിഷയം തീരുവയല്ലെന്നും മറിച്ച് ആത്മാഭിമാനവും അന്തസും ബഹുമാനവുമാണെന്നും മനീഷ് തിവാരി പറഞ്ഞു. ഇന്ത്യയും റഷ്യയും ‘ഇരുണ്ട, നിഗൂഢ ചൈന’യുടെ പക്ഷത്തെത്തിയെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു തിവാരിയുടെ പ്രതികരണം.

ഇന്ത്യ റൊട്ടി കഴിക്കുന്നത് കുറച്ചേക്കാം. പക്ഷേ, ഭീഷണിയ്ക്ക് മുന്‍പില്‍ ഒരിക്കലും മുട്ടുമടക്കില്ല-തിവാരി എക്സിൽ കുറിച്ചു.

സ്വാതന്ത്ര്യസമരം ഉള്‍പ്പെടെ ഇന്ത്യയുടെ മുന്‍ പോരാട്ടങ്ങളുമായി നിലവിലെ സാഹചര്യവും താരതമ്യപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസ് നേതാവിൻറെ പരാമർ​ശം. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടി ഇന്ത്യ വിജയം നേടി. കഴിക്കുന്നതിൽ ഒരു റൊട്ടി കുറക്കേണ്ടി വന്നേക്കാം, എന്നിരുന്നാലും ഒരുതരത്തിലുള്ള ഭീഷണിക്കും രാജ്യം വഴങ്ങില്ലെന്നും തിവാരി പറഞ്ഞു.

ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ, ഇന്ത്യയും റഷ്യയും ഏറ്റവും ഇരുണ്ട ചൈനയുടെ പക്ഷത്തായെന്നും അവര്‍ക്ക് ഒരുമിച്ച് ദീര്‍ഘകാലത്തേക്ക് മികച്ച ഭാവിയുണ്ടാകട്ടെയെന്നുമായിരുന്നു ട്രംപിന്റെ പരിഹാസം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങുമൊരുമിച്ചുള്ള ചിത്രവും പങ്കുവെച്ചിരുന്നു.

ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) യോഗത്തില്‍ ഇന്ത്യയും റഷ്യയും ചൈനയും ഒരുമിച്ച് പങ്കെടുത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം. അതേസമയം, വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലെ തന്റെ പോസ്റ്റിന് മറുപടിയുമായി ട്രംപ് വീണ്ടുമെത്തി. ‘ഇന്ത്യയെയും റഷ്യയെയും ചൈനക്ക് നഷ്ടപ്പെട്ടു’ എന്ന പരാമര്‍ശത്തെക്കുറിച്ച്, അങ്ങനെ സംഭവിച്ചതായി താന്‍ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ റഷ്യയില്‍ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതില്‍ എനിക്ക് വലിയ നിരാശയുണ്ട്. ഞാനത് അവരെ അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇന്ത്യക്ക് മേല്‍ വളരെ വലിയ തീരുവ ചുമത്തി. എനിക്ക് മോദിയുമായി വളരെ നല്ല ബന്ധമാണുള്ളത്, നിങ്ങള്‍ക്കറിയാമല്ലോ. അദ്ദേഹം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെയുണ്ടായിരുന്നു, ഞങ്ങള്‍ ഒരുമിച്ച് റോസ് ഗാര്‍ഡനില്‍ ഒരുവാർത്തസമ്മേളനം നടത്തിയിരുന്നുവെന്നും ട്രംപ് കുറിച്ചു.

Tags:    
News Summary - "India Will Eat A Roti Less But Never Succumb": Manish Tewari On Trump's 'Lost India'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.