ജമ്മുവിലെ മഴക്കെടുതി

ജമ്മുവിലെ മിന്നൽ പ്രളയം; മരണം 31 ആയി

ജമ്മു: ജമ്മു കശ്മീരിൽ ചൊവ്വാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ ഉയരുന്നു. വൈഷ്‍ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർഥാടകർ സഞ്ചരിച്ച പാതയിലുണ്ടായ അപകടത്തിൽ മരണ സംഖ്യ 31 ആയി ഉയർന്നു. 23ൽ ഏറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. കൂടുതൽ പേർ അപകടത്തിൽ പെട്ടതായി അധികൃതർ അറിയിച്ചു.

ജമ്മു കശ്മീരിലെ കത്രയിൽ അർധകുമാരി മേഖലയിലാണ് മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർഥാടകർ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലുമായി അപകടത്തിൽ പെട്ടത്. മേഖലയിൽ കുടങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ശക്തമായ മഴക്കു പിന്നാലെ മിന്നൽ പ്രളയ മുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്തു നിന്നും 3500ഓളം പേരെ അധികൃതർ ഒഴിപ്പിച്ചിരുന്നു.

മൂന്നു ദിവസങ്ങളിലായി തുടർന്ന ശക്തമായ മഴക്കു പിന്നാലെ ചൊവ്വാഴ്ചയാണ് ജമ്മു കശ്മീരിലെ ദോഡ, കത്വ, കിഷ്ത്വാർ തുടങ്ങിയ ജില്ലകളിൽ മിന്നൽ പ്രളയമുണ്ടായത്. ഒമ്പതുപേർ പേർ മരിച്ചുവെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ​ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായി തുടർന്ന തിരച്ചിലിലാണ് കൂടുതൽ പേർ മരിച്ചതായി തിരിച്ചറിഞ്ഞത്. മൊബൈൽ ഫോണും ഇന്റർനെറ്റും ഉൾപ്പെടെ സംവിധാനങ്ങൾ താറുമാറായതോടെ ദുരന്ത മേഖലയിലെ ആശയവിനിമയം ​പൂർണമായും നഷ്ടമായിട്ടുണ്ട്.

ജമ്മു കശ്മീർ പൊലീസ്, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, സൈന്യം എന്നിവരുടെ നേതൃത്വത്തിലാണ് മേഖലയിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്.

നദികൾ കവിഞ്ഞൊഴുകിയും, മലയിടിഞ്ഞ് ഉരുൾപൊട്ടിയുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങളുണ്ടായത്. ദേശീയ, സംസ്ഥാന പാതകളിലെ ഗതാഗതം താറുമാറായി.

കത്ര, ഉധംപൂർ, ജമ്മു റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള 22ഓളം ട്രെയിനുകൾ റദ്ദാക്കിയതായി വടക്കൻ റെയിൽവേ അറിയിച്ചു. ജമ്മു മേഖലയിലെ മുഴുവൻ സ്കൂളുകൾക്കും ബുധനാഴ്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ പരീക്ഷകളും മറ്റും റദ്ദാക്കി.

മേഖലയിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയും അപകട നിലയിലെത്തുകയും ചെയ്തതിട്ടുണ്ട്.

ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ 250 കിലോമീറ്ററോളം ​ചൊവ്വാഴ്ച രാവിലെ മുതൽ ഗതാഗത നിരോധനം ഏർപ്പെടുത്തി. ഉരൂൾ​പൊട്ടൽ, മണ്ണിടിച്ചൽ മുന്നറിയിപ്പിനെ തുടർന്നാണ് ഗതാഗത വിലക്കേർപ്പെടുത്തിയത്. നിരവധി പാലങ്ങളും റോഡുകളും തകർന്നതായും റിപ്പോർട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 11.30നും വൈകുന്നേരം 5.30നുമിടയിൽ റെക്കോഡ് മഴയാണ് ജമ്മുവിൽ പെയ്തത്. ആറു മണിക്കൂറിനുള്ളിൽ 22 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി.

സംസ്ഥാനത്തെ സാഹചര്യങ്ങൾ ഗുരുതരമാണെന്ന് അറിയിച്ചി മുഖ്യമന്ത്രി ഒമർ അബ്ദുല്ല വൈഫൈ, ഇൻറർനെറ്റ്, മൊബൈൽ സംവിധാനങ്ങൾ തകരാറിയിലായതായും, ആശയവിനിമയ സംവിധാനങ്ങൾ പുനസ്ഥാപിക്കാൻ ശ്രമം തുടരുകയാണെന്നും അറിയിച്ചു.

Tags:    
News Summary - Jammu rain fury leaves at least 31 dead: Vaishno Devi yatra halted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.