ഗീത ഗോപിനാഥ്
വാഷിങ്ടൺ: അന്തർദേശീയ നാണയനിധിയുടെ ഏറ്റവും ഉയർന്ന രണ്ടാം പദവിയിൽ നിന്ന് മലയാളിയായ ഗീതാ ഗോപിനാഥ് പടിയിറങ്ങുന്നു. തന്റെ തട്ടകമായ ഹാർവാഡ് യൂനിവേഴ്സിറ്റിയിലേക്കാണ് മടക്കം. അടുത്ത മാസം അവസാനത്തോടെയായിരിക്കും ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) ഏറ്റവും ഉയർന്ന പദവിയിലെത്തിയ ഇന്ത്യക്കാരിയും വനിതയും മലയാളിയും എന്ന ബഹുമതി നേടിയ ഗീതയുടെ പടിയിറക്കം. 2019 ൽ ഐ.എം.എഫിന്റെ ചീഫ് ഇക്കണോമിസ്ററ് പദവിയിലെത്തുന്ന ആദ്യ വനിതയായിരുന്നു ഗീത. തുടർന്ന് 2022ൽ ഡെപ്യൂട്ടി മാനേജിങ് ഡയകറക്ടറാകുമ്പോൾ ഇന്ത്യക്കും മലയാളികൾക്കും വലിയ അഭിമാനമായിരുന്നു.
ഒന്നാം പിണറായി സർക്കാറിന്റെ തുടക്കത്തിൽ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു ഗീത ഗോപിനാഥ് എന്ന പ്രത്യേകതയുമുണ്ട്. കണ്ണൂർ സ്വദേശികളുടെ മകളായി കൊൽക്കത്തയിലാണ് ഗീത ഗോപിനാഥ് ജനിച്ചത്. ഇന്ന് അമേരിക്കൻ വനിതയുമാണ്.
ഐ.എം.എഫിൽ നിർണായക സ്വാധീനമുള്ള അമേരിക്കയിൽ നിന്ന് ഇതു സംബന്ധിച്ച പ്രതികരണമൊന്നും ലഭിക്കുന്നില്ലെന്ന് വാർത്താ ഏജൻസികൾറിപ്പോർട്ട് ചെയ്യുന്നു. ഒരാൾക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഐ.എംഎ.എഫിൽ ജോലി ചെയ്യാനുള്ള അവസരത്തിൽ താൻ അഭിമാനിക്കുന്നതായി ഗീത പ്രതികരിച്ചു. തന്നെ ചീഫ് ഇക്കണോമിസ്റ്റായി അംഗീകരിച്ച മുൻ ഐ.എം.എഫ് ചീഫ് ജോർജീവക്കും ക്രിസ്റ്റൈൻ ലഗാർഡിനും അവർ നന്ദി പറഞ്ഞു.
അക്കാദമിക രംഗത്തെ തന്റെ വേരുകളിലേക്ക് തന്നെയാണ് മടക്കമെന്നും അടുത്ത തലമുറയെ ആഗോള സാമ്പത്തിക വെല്ലുവിളകളെ നേരിടാൻ പ്രാപ്തയാക്കുക എന്നതാണ് തന്റെ ദൗത്യമെന്നും അവർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.