മോളിക്കുലാർ ടെസ്ററ്
ന്യൂഡൽഹി: സിക്കിൾ സെൽ അനീമിയ (അരിവാൾ രോഗം), ഹെപ്പറ്റെറ്റിസ് ബി, ടി.ബി തുടങ്ങിയ പരിശോധനകൾ സാധാരണക്കാർക്ക് പ്രാപ്തമായ ആശുപത്രികളിലേക്ക് കൊണ്ടുവരാൻ ഐ.സി.എം.ആറിന്റെ പുതിയ ലിസ്റ്റ്. അത്യാവശ്യ പരിശോധനകളുടെ ലിസ്റ്റിൽ ഇത്തരത്തിലുള്ള രോഗങ്ങളെകൂടി ഐ.സി.എം.ആർ ഉൾപ്പെടുത്തുകയാണ്.
ആരോഗ്യ ഉപകേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് കൂടുതൽ പരിശോധനകൾ എത്തിക്കുകയാണ് ലക്ഷ്യം. ഇവിടങ്ങളിൽ അപ്രാപ്യമായിരുന്ന ബയോ കെമിക്കൽ ടെസ്റ്റുകൾ, തലാസീമിയ, അരിവാൾ രോഗം, ഹെപ്പറ്റൈറ്റിസ് ബി, സിഫിലിസ് തുടങ്ങിയവക്കുള്ള ഡയഗണോസ്റ്റിക് ടെസ്റ്റുകൾ എന്നിവ ഉൾപ്പെടുന്നു.
ഡെങ്കുവിന്റെ സാമ്പിൾ ശേഖരിക്കലിനും പ്രാധാന്യം നൽകുന്നു. കൊതുകിന്റെ വ്യാപനത്തോടെ രാജ്യത്ത് എല്ലായിടത്തും ഡെങ്കു ആശങ്ക പരത്തുന്നതോടെയാണ് ഈ തീരുമാനം. രക്തത്തിലെ ഗ്ലൂക്കോസ്, കൊളസ്ട്രോൾ പരിശോധന, കരളിലെ എൻസൈം പരിശോധന, തൊലിപ്പുറത്തെ ടി.ബി പരിശോധന, ഡെന്റൽ എ്ക്സ് റേ എന്നിവയും താഴേത്തട്ടിലേക്ക് വരും.
ചില രോഗങ്ങൾക്കെതിരായ ദേശീയ കാമ്പയിന്റെ ഭാഗമായിട്ടുകൂടിയാണ് ഇത്തരം പരിഷ്കാരങ്ങളെന്ന് വിദഗ്ധർ പറയുന്നു. 2047ഓടെ അരിവാൾ രോഗം നിർമാർജനം ചെയ്യുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. അതിനായി കൂടുതൽ ആളുകളിലേക്ക് പരിശോധനയും ഫലപ്രദവും നിലവാരമുള്ളതുമായ ചികിൽസയും എത്തിക്കേണ്ടതുണ്ട്. കൂടാതെ ദേശീയ വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണവും ലക്ഷ്യമാണ്.
സബ്സെന്റർ തലത്തിൽ നിന്നുതന്നെ മോളിക്കുലാർ ടി.ബി പരിശോധനക്കുള്ള സാമ്പിൾ ലഭിക്കുക, ഇവിടെ നിന്നുതന്നെ മ്യൂക്കസ് സാമ്പിളുകളും മറ്റും ശേഖരിക്കുക തുടങ്ങിയവക്കായി ചെലവു കുറഞ്ഞ മോളിക്കുലാർ ടെസ്റ്റിങ് ഉപകരണങ്ങൾ ലഭ്യമാക്കുക എന്നതും ലക്ഷ്യമാണ്.
രാജ്യത്തു നിന്ന് ടി.ബി നർമാർജനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യവും ഇതാണെന്ന് വിദഗ്ധർ പറയുന്നു. മോളിക്കുലാർ ടെസ്റ്റിന് പല രോഗങ്ങളും നേരത്തെ കണ്ടുപിടിക്കാൻ കഴിയും. ആദ്യം ലിസ്റ്റ് തയ്യാറാക്കിയ 2019 മുതൽ ആരോഗ്യമേഖലയിൽ കാര്യമായ മാറ്റം കണ്ടുതുടങ്ങിയതായി ഐ.സി.എം.ആർ സീനിയർ സയന്റിസ്ററ് കാമിനി വാലിയ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.