കോൺഗ്രസിന് നികുതിയിളവില്ല; സംഭാവനയായി കിട്ടിയ 199 കോടി പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് ട്രൈബ്യൂണൽ

ന്യൂഡൽഹി: 2017-18 വർഷത്തെ നികുതി അടയ്ക്കണമെന്ന് കാണിച്ച് ആദായനികുതി വകുപ്പ് നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ അപ്പീൽ തള്ളി. ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്‍റേതാണ് നടപടി. 199 കോടി രൂപ സംഭാവനയായി ലഭിച്ചതാണെന്ന് പാർട്ടി അറിയിച്ചെങ്കിലും നിശ്ചിത സമയപരിധിക്കുള്ളിൽ ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയാതിരുന്നതോടെയാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്.

2019 ഫെബ്രുവരി രണ്ടിന് കോൺഗ്രസ് പാർട്ടി ഫയൽ ചെയ്ത ടാക്സ് റിട്ടേണിൽ, 199.15 കോടി രൂപ ആദായ നികുതി നിയമത്തിലെ സെക്ഷൻ 13എ പ്രകാരം നികുതി രഹിതമാണെന്നായിരുന്നു അവകാശപ്പെട്ടത്. എന്നാൽ 2018 ഡിസംബർ 31 ആയിരുന്നു റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി. 2019ൽ, 14.49 ലക്ഷം രൂപ അനധികൃതമായി കോൺഗ്രസ് സ്വീകരിച്ചെന്ന് അസസിങ് ഓഫിസർ കണ്ടെത്തി. വ്യക്തികളിൽനിന്ന് പരമാവധി 2000 രൂപ മാത്രമേ സംഭാവന സ്വീകരിക്കാവൂ എന്ന ചട്ടം പാർട്ടി ലംഘിച്ചെന്നും പരിശോധനയിൽ വ്യക്തമായി.

ഇതോടെ മുഴുവൻ തുകയ്ക്കുമായി നികുതി അടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. ഇതിനെതിരെ പാർട്ടി ആദ്യം ഇൻകം ടാക്സ് കമീഷണറെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അപ്പലേറ്റ് അതോറിറ്റിക്ക് നൽകിയ അപ്പീൽ പ്രകാരം കഴിഞ്ഞ വർഷം ഇടക്കാല ആശ്വാസം ലഭിച്ചിരുന്നു. എന്നാൽ പുതിയ വിധിയിൽ ഇടക്കാല ആശ്വാസം പിൻവലിച്ചതിനൊപ്പം പാർട്ടിയുടെ അപ്പീൽ തള്ളുകയും ചെയ്തു. 

Tags:    
News Summary - Congress' Appeal Against Tax Demand Of Rs 199 Crore Dismissed By Tribunal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.