ചെന്നൈ: ശിവഗംഗ മണ്ഡപുരം ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരന് അജിത് കുമാര്‍(27) പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ 25 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈകോടതി. അന്വേഷണത്തിൽ സംസ്ഥാനത്തിന്റെ സഹകരണം കോടതി നിരീക്ഷിച്ച് ഇതിനകം നൽകിയ ഇടക്കാല നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് നിർദേശിച്ചു. ഹൈകോടതിയുടെ മധുര ബെഞ്ചാണ് തമിഴ്നാട് സർക്കാരിനോട് ഉത്തരവിട്ടത്.
കസ്റ്റഡി മരണ കേസിൽ സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് ഉത്തരവ്. അജിത് കുമാറിന്റെ സഹോദരന് മൂന്ന് സെന്റ് ഭൂമിയും സർക്കാർ ജോലിയും അനുവദിച്ചതിനൊപ്പം ഇടക്കാല നഷ്ടപരിഹാരമായി 7.5 ലക്ഷം രൂപ ഇതിനകം നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ കണക്കിലെടുക്കുമ്പോൾ തുക അപര്യാപ്തമാണെന്ന് കോടതി കണ്ടെത്തിയെതിനെ തുടർന്നാണ് ഇടക്കാല നഷ്ടപരിഹാരം ഉയർത്തിയത്. കേസ് ജൂലൈ 28 ലേക്ക് മാറ്റിവെച്ചു.
സ്വർണാഭരണ മോഷണക്കേസിൽ അറസ്റ്റിലായ അജിത് കുമാർ ജൂൺ 27നാണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. ക്ഷേത്രദർശനത്തിനെത്തിയ നികിതയും അമ്മ ശിവഗാമിയും കാറിൽ സൂക്ഷിച്ചിരുന്ന 10 പവൻ ആഭരണവും പണവും നഷ്ടപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അജിത്കുമാർ, സഹോദരൻ നവീൻകുമാർ ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടുത്ത ദിവസം അജിത് കുമാറിന്റെ ആരോഗ്യനില വഷളായതായും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ മരിച്ചെന്നുമാണ് പൊലീസ് പറയുന്നത്.
എന്നാൽ കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് അജിത്കുമാറിന്റെ കുടുംബം പ്രതിഷേധവുമായി എത്തിയതോടെ പ്രഭു, ആനന്ദൻ, കണ്ണൻ, ശങ്കരമണികണ്ഠൻ, രാജ എന്നീ പൊലീസുകാരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റ്ചെയ്യുകയായിരുന്നു. മോഷണവുമായി തനിക്ക് ബന്ധമില്ലെന്ന് അജിത്കുമാർ മൊഴി നൽകിയിട്ടും പൊലീസ് വാനിൽ വെച്ച് ക്രൂരമായി മർദിച്ചെന്നും സ്റ്റേഷനിലെത്തും മുമ്പ് മരണം സംഭവിച്ചതായുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
അതിനിടെ അജിത്കുമാറിനെ പൊലീസുകാർ ക്രൂരമായി മർദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. നിലത്ത് ഇരിക്കുന്ന അജിത് കുമാറിനെ ചുറ്റും നിൽക്കുന്ന യൂനിഫോം ധരിക്കാത്ത പൊലീസുകാർ പൈപ്പുകളും മുളവടികളും ഉപയോഗിച്ച് അടിക്കുന്നതാണ് വിഡിയോയിലുള്ളത്. അജിത് കുമാറിന്റെ ശരീരത്തിൽ 18 ഇടങ്ങളിൽ പരിക്കുകളും 30 ഇടങ്ങളിൽ ചതവുകളുമുണ്ടെന്നും മർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.