ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ ദീർഘകാലമായ കാത്തിരിപ്പിന് വിരാമമിട്ട് എ.എച്ച്- 64 ഇ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളിൽ മൂന്നെണ്ണം ഇന്ത്യയിലെത്തി. ഹിൻഡൻ വ്യോമതാവളത്തിലാണ് വിമാനങ്ങൾ എത്തിയത്. ഇന്ത്യൻ കരസേനയുടെ വ്യോമ വിഭാഗത്തിന് വ്യോമാക്രമണ ശേഷി ശക്തിപ്പെടുത്തുന്നതിൽ ഇവ നിർണായക നാഴികക്കല്ലാണ്. യു.എസ് സൈനിക ഗതാഗത വിമാനത്തിലാണ് ഇവ ഇന്ത്യയിലെത്തിച്ചത്.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 2020 ലെ ഇന്ത്യാ സന്ദർശന വേളയിൽ ഒപ്പുവച്ച 600 മില്യൺ ഡോളറിന്റെ കരാറിന്റെ ഭാഗമായിരുന്നു ആറ് എ.എച്ച്- 64 ഇ വിതരണം. കരാർ പ്രകാരം അപാച്ചെകൾ2024 മെയ് മാസത്തില്‍ ലഭിക്കേണ്ടിയിരുന്നു. എന്നാൽ ഹെലികോപ്റ്ററുകള്‍ വിതരണ ശൃംഖലയിലെ തകരാറുകളും സാങ്കേതിക കാരണങ്ങളും മൂലം 15 മാസത്തോളമാണ് വൈകിയത്. ശേഷിക്കുന്ന മൂന്ന് അപ്പാച്ചെകൾ 2025 അവസാനത്തോടെ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സുപ്രധാന പ്രതിരോധ ഇടപാടുകളിൽ വരുന്ന കാലതാമസത്തിന് മോദി സർക്കാരിന് നേരെ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്.
പടിഞ്ഞാറൻ മേഖലകളിൽ ഇന്ത്യയുടെ കരുത്ത് കാണിക്കുക എന്നതാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ അറ്റാക്ക് ഹെലികോപ്ടറാണ് എ.എച്ച് 64 ഇ അപ്പാച്ചെ എന്നാണ് ബോയിങ് വിശേഷിപ്പിക്കുന്നത്.
അപ്പാച്ചെയിൽ ശക്തമായ ആയുധങ്ങളുണ്ട്. 30 എം.എം എം230 ചെയിൻ ഗൺ, 70 എം.എം ഹൈഡ്ര റോക്കറ്റുകൾ, ആറ് കിലോമീറ്ററിലധികം അകലെ നിന്ന് കവചിത വാഹനങ്ങളെയും ടാങ്കുകളെയും തകർക്കാൻ കഴിവുള്ള എ.ജി.എം-114 ഹെൽഫയർ മിസൈലുകൾ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. അതിനാൽ സംഘര്‍ഷമേഖലയില്‍ അതിശക്തമായ ആക്രമണം നടത്താന്‍ ഇവ പ്രാപ്തമാണ്.
ജോധ്പൂരിലെ ആര്‍മി ഏവിയേഷന്‍ കോറിലായിരിക്കും ഇവയെ വിന്യസിക്കുക. ‘ഇന്ത്യന്‍ സൈന്യത്തിന് ഇതൊരു നാഴികക്കല്ലാണ്. ഈ അത്യാധുനിക സംവിധാനങ്ങള്‍ സൈന്യത്തിന്റെ പോരാട്ടശേഷി ഗണ്യമായി വർധിപ്പിക്കും'. സൈന്യം എക്സില്‍ കുറിച്ചു.
കരസേനക്ക് വേണ്ടിയുള്ള കരാര്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചയാണ് ഈ കാലതാമസം വ്യക്തമാക്കുന്നതെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ യു.എസ്, യു.കെ, ഇസ്രയേല്‍, ഈജിപ്ത് എന്നീ രാജ്യങ്ങൾക്കാണ് എ.എച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളുള്ളത്. ആദ്യ ബാച്ച് ഇന്ത്യയിലെത്തിയതോടെ പട്ടികയില്‍ ഇന്ത്യയുടെപേരും ചേർക്കപെട്ടിരിക്കുകയാണ്.
22 അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കായി 2015 സെപ്റ്റംബറിൽ യു.എസ് ഗവൺമെന്‍റുമായും ബോയിങ് ലിമിറ്റഡുമായും ഇന്ത്യൻ വ്യോമസേന കരാറിൽ ഒപ്പുവച്ചിരുന്നു. 2020 ൽ ബോയിങ് ഇന്ത്യൻ വ്യോമസേനക്ക് 22 ഇ-മോഡൽ അപ്പാച്ചെകളുടെ വിതരണം പൂർത്തിയാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.