ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മയുടെ യഥാർഥ ചിത്രവും കേന്ദ്ര സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കും തമ്മിലുള്ള വലിയ അന്തരം ചൂണ്ടിക്കാണിച്ച് റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ട്. സ്വതന്ത്രരായ സാമ്പത്തിക വിദഗ്ധർ നടത്തിയ സർവെയാണ് റിപ്പോർട്ടിന്റെ ആധാരം. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുകയാണെന്ന ഇന്ത്യയുടെ അവകാശവാദം പൊളിക്കുന്നതാണ് സർവെ. സാമ്പത്തിക വളർച്ചയുണ്ടെന്ന് പറയുമ്പോഴും ദശലക്ഷങ്ങൾക്ക് ഗുണനിലവാരമുള്ള മതിയായ തൊഴിൽ നൽകുന്നതിൽ രാജ്യം പരാജയപ്പെട്ടുവെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു.
പ്രബലമായ മുൻകാല ഭൂരിപക്ഷം നഷ്ടപ്പെട്ട് മൂന്നാം തവണയും അധികാരത്തിൽവന്ന് ഒരു വർഷത്തിലേറെയായി തുടരുന്ന നരേന്ദ്ര മോദി സർക്കാർ, തൊഴിൽ സാധ്യതകൾ മങ്ങുന്നതിനെ തുടർന്ന് യുവാക്കളുടെ വർധിച്ചുവരുന്ന അസംതൃപ്തി നേരിടുന്ന ഘട്ടത്തിലാണ് ഈ റിപ്പോർട്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ റോയിട്ടേഴ്‌സ് സർവേ പ്രകാരം, 50 സ്വതന്ത്ര സാമ്പത്തിക വിദഗ്ധരിൽ 37 പേർ ജൂണിൽ പുറത്തുവിട്ട ഔദ്യോഗിക തൊഴിലില്ലായ്മ നിരക്ക് 5.6 ശതമാനം എന്നത് യഥാർത്ഥ സ്ഥിതിയെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് കരുതുന്നവരാണ്. കഴിഞ്ഞ വർഷം റോയിട്ടേഴ്‌സ് നടത്തിയ സമാനമായ ഒരു പോളിൽ, മിക്ക സാമ്പത്തിക വിദഗ്ധരും സർക്കാറിന്റെ ഏറ്റവും വലിയ വെല്ലുവിളിയായി വിട്ടുമാറാത്ത തൊഴിലില്ലായ്മയെ തിരിച്ചറിയുന്നു.
കാലഹരണപ്പെട്ട തൊഴിൽ നിർവചനങ്ങളാണ് പ്രധാന പ്രശ്‌നമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 140കോടിയിലധികം ആളുകൾ വസിക്കുന്ന രാജ്യത്ത് ഈ നിർവചനങ്ങൾ തൊഴിലില്ലായ്മയുടെ യഥാർഥ വ്യാപ്തിയെ തെറ്റായി കാണിക്കുന്നുവെന്ന് അവർ പറയുന്നു. ‘മുഴുവൻ കാര്യവും നിങ്ങളുടെ കണ്ണിൽ പൊടിയിടുന്നതാണ്. ഇതാണ് തൊഴിലില്ലായ്മ നിരക്ക്, വളർച്ചാ നിരക്ക് എന്ന് നിങ്ങളോടു പറയുന്നു. പലപ്പോഴും അവക്ക് വലിയ അർത്ഥമില്ല. നമുക്ക് ഒരു വലിയ തൊഴിൽ പ്രശ്‌നമുണ്ട്. അത് ഡാറ്റയിൽ പ്രതിഫലിക്കുന്നില്ല’- ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസർ എമെറിറ്റസ് പ്രണബ് ബർദൻ പറഞ്ഞു.
തൊഴിലില്ലായ്മ എങ്ങനെ അവഗണിക്കപ്പെടുന്നുവെന്ന് ബർദൻ എടുത്തു പറയുകയും ചെയ്തു. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ വഴി സൃഷ്ടിക്കപ്പെട്ട ഇന്ത്യയുടെ ഔദ്യോഗിക ഡാറ്റയിൽ ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും ജോലി ചെയ്യുന്ന ഏതൊരാളെയും തൊഴിലുള്ളവരായി കണക്കാക്കുന്നു. കമ്പ്യൂട്ടർ സഹായത്തോടെയുള്ള വ്യക്തിഗത അഭിമുഖങ്ങൾ ഉദ്ധരിച്ചും അന്താരാഷ്ട്ര തലത്തിൽ റിപ്പോർട്ടുകളെ ആശ്രയിക്കുന്നുവെന്ന് കാണിച്ചും ‘സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ’ മന്ത്രാലയം അതിന്റെ തൊഴിൽ ഡാറ്റയുടെ വിശ്വാസ്യതയെ ന്യായീകരിച്ചു.
വർഷങ്ങളായി ഇന്ത്യയുടെ ഔദ്യോഗിക തൊഴിലില്ലായ്മ നിരക്ക് 4 ശതമാനത്തിൽ തന്നെ തുടരുകയാണ്. കാരണം ശമ്പളമില്ലാത്ത കുടുംബ ജോലിയും ഉപജീവനത്തിന് മാത്രമായ പ്രവർത്തനങ്ങളും തൊഴിലായി കണക്കാക്കപ്പെടുന്നു. ഇത് അന്താരാഷ്ട്ര രീതികളിൽ നിന്ന് വ്യതിചലിക്കുകയും രാജ്യങ്ങൾ തമ്മിലുള്ള താരതമ്യങ്ങളെ വിശ്വസനീയമല്ലാതാക്കുകയും ചെയ്തു. മറ്റ് ജി 20 രാജ്യങ്ങളിൽ കാണുന്ന സ്ത്രീ തൊഴിൽ ശക്തി പങ്കാളിത്ത നിരക്കുകളുമായി പൊരുത്തപ്പെടാൻ ഇന്ത്യ കുറഞ്ഞത് രണ്ട് പതിറ്റാണ്ടുകൾ കൂടി എടുക്കുമെന്ന് സർവേ സൂചിപ്പിക്കുന്നു.
എന്നാൽ, ഇത്തരം ആശങ്കകൾ അക്കാദമിക് വിദഗ്ധരിൽ മാത്രം ഒതുങ്ങുന്നില്ല. തൊഴിലില്ലായ്മ നമ്മുടെ വലിയ വെല്ലുവിളികളിൽ ഒന്നാണെന്നും സർക്കാർ ഡാറ്റ യഥാർഥ സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് വിശ്വസിക്കുന്നില്ലെന്നും മുൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ദുവ്വൂരി സുബ്ബറാവു പറയുന്നു. വളർച്ചയെ നയിക്കുന്ന മേഖലകളായ ഐ.ടി, ധനകാര്യം എന്നിവ കുറഞ്ഞ തൊഴിൽ പ്രാധാന്യമുള്ളതാണെന്നും വിശാലമായ തൊഴിൽ സൃഷ്ടിക്കുന്നതിനായി ഉൽപാദനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം വാദിച്ചു.
വേതന സ്തംഭനാവസ്ഥ തൊഴിൽ പ്രതിസന്ധിയെ കൂടുതൽ അടിവരയിടുന്നു. രാജ്യം ഏതാനും വലിയ ഡോളർ ശതകോടീശ്വരന്മാരുടെ വാസസ്ഥലമാണ്. കഴിഞ്ഞ ദശകത്തിൽ ചില ഉന്നതരുടെ സമ്പത്ത് നാടകീയമായി വളർന്നുവരികയാണ്. എന്നാൽ, യഥാർത്ഥ വേതനം വളരുന്നില്ല. തൊഴിലാളികളിൽ പകുതി പേർക്കും 10 വർഷം മുമ്പ് ലഭിച്ചതിനേക്കാൾ കുറവാണ് കിട്ടുന്നത്. ഇവ ആരോഗ്യകരമായ ഒരു സമ്പദ്‌വ്യവസ്ഥയുടെ ലക്ഷണങ്ങളല്ല -മസാച്യുസെറ്റ്സ് ആംഹെർസ്റ്റ് സർവകലാശാലയിലെ പ്രഫസർ ജയതി ഘോഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.