ന്യൂഡൽഹി: കഴിഞ്ഞ ദിവസം രാജിവെച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് പ്രധാനമന്ത്രിയുടെ ആശംസ. ഉപരാഷ്ട്രപതിയെന്ന നിലയിൽ ഉൾപ്പടെ രാജ്യത്തെ സേവിക്കാൻ ജഗ്ദീപ് ധൻകറിന് നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു. ജഗ്ദീപ് ധൻകർ ആരോഗ്യത്തോടെയിരിക്കാൻ ആശംസകൾ നേരികയാണെന്നും മോദി പറഞ്ഞു.
തീർത്തും അപ്രതീക്ഷിതവും അസാധാണവുമായ നീക്കത്തിൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജിവെച്ചിരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കമിട്ട് രാജ്യസഭ നിയന്ത്രിച്ച ശേഷമാണ് ധൻഖർ രാജിവെച്ചത്. 2022 ഓഗസ്റ്റ് ആറിന് ഉപരാഷ്ട്രപതിയായി അധികാരമേറ്റ ധൻഖറിന് രണ്ട് വർഷം ഇനിയും ബാക്കിയിരിക്കേയാണ് രാജി.
ആരോഗ്യപരിരക്ഷക്ക് മുൻഗണന നൽകിയും വൈദ്യോപദേശം കണക്കിലെടുത്തും ഭരണഘടനയുടെ 67(എ) അനുഛേദം അനുസരിച്ച് ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവെക്കുകയാണെന്ന് ധൻഖർ രാജിക്കത്തിൽ വ്യക്തമാക്കി. തന്റെ കാലയളവിൽ മികച്ച പിന്തുണ നൽകിയതിന് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും ധൻഖർ നന്ദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ സഹകരണവും പിന്തുണവും വിലയേറിയതായിരുന്നുവെന്നും ധൻഖർ പറഞ്ഞു. എന്നാൽ ആരോഗ്യകാരണങ്ങൾക്കപ്പുറം മറ്റു വല്ലതും കൊണ്ടാകാം രാജിയെന്നാണ് ചില പ്രതിപക്ഷ എം.പിമാർ സംശയം പ്രകടിപ്പിക്കുന്നത്. കാരണം ഉപരാഷ്ട്രപതി എന്ന നിലക്ക് 23ന് ജയ്പൂരിൽ പരിപാടിയിൽ സംബന്ധിക്കുമെന്ന് രാജ്യസഭാ സെക്രട്ടേറിയേറ്റ് അറിയിച്ച ശേഷമാണ് അപ്രതീക്ഷിത രാജിക്കത്ത്.
രാജ്യസഭാ ചെയർമാൻ എന്ന നിലയിൽ പ്രതിപക്ഷവുമായും പ്രതിപക്ഷ നേതാവുമായും നിരന്തരം കൊമ്പുകോർത്ത ധൻഖർ തന്റെ പദവിയിൽ മൂന്ന് വർഷം തികക്കുന്നതിന് മുമ്പാണ് പൊടുന്നനെ പടിയിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.