ടിപ്പു സുൽത്താനെയും ആംഗ്ലോ-മൈസൂർ യുദ്ധങ്ങളെയും പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി എൻ.സി.ഇ.ആർ.ടി

ന്യൂഡൽഹി: ടിപ്പു സുൽത്താൻ, പിതാവ് ഹൈദരലി, 1700ൽ നടന്ന ആംഗ്ലോ മൈസൂർ യുദ്ധങ്ങൾ തുടങ്ങിയ പാഠഭാഗങ്ങൾ ഒഴുവാക്കി എൻ.സി.ഇ.ആർ.ടി. എട്ടാം ക്ലാസ് സോഷ്യൽ സയൻസ് ടെക്‌സ്റ്റ് ബുക്കിൽ നിന്നാണ് ഈ ചരിത്ര ഭാഗങ്ങൾ ഒഴിവാക്കിയതെന്ന് പിന്നീട് എൻ.സി.ഇ.ആർ.ടി. അറിയിച്ചിരുന്നു. സംസ്ഥാനങ്ങൾക്ക് അവരുടെ പാഠപുസ്തകങ്ങളിൽ പ്രാദേശിക വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താം എന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് പാർലമെന്റിൽ കേന്ദ്രത്തിന്റെ മറുപടി.

ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ് വിദ്യാഭ്യാസം. അതിനാൽ മിക്ക സ്കൂളുകളും സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിലായതിനാലും, അതത് സംസ്ഥാന സർക്കാരുകൾക്ക് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ സ്വീകരിക്കുകയോ അല്ലെങ്കിൽ ദേശീയ പാഠ്യപദ്ധതി അടിസ്ഥാനമാക്കി സ്വന്തം പാഠപുസ്തകങ്ങൾ വികസിപ്പിക്കുകയോ ചെയ്യാം. പ്രാദേശിക വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും കുറിച്ച് കൂടുതൽ ഉൾപെടുത്താൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി ജയന്ത് ചൗധരി പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് എം.പി ഋതബ്രത ബാനർജിയാണ് ഇന്ത്യയുടെ കൊളോണിയൽ കാലഘട്ടത്തെ കുറിച്ചുള്ള അധ്യായത്തിൽ ടിപ്പു സുൽത്താൻ, ഹൈദരാലി, ആംഗ്ലോ മൈസൂർ യുദ്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കുന്നതിനെ കുറിച്ച് പാർലമെന്റിൽ ചോദ്യം ഉന്നയിച്ചത്.

2020ലെ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ പി), 2023ലെ സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് (എൻ.സി.എഫ്.എസ.ഇ) കീഴിലുള്ള പാഠ്യപദ്ധതി, ലക്ഷ്യങ്ങൾക്കും കഴിവുകൾക്കും അനുസൃതമായാണ് പുതിയ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിന്റെ ഒന്നാം ഭാഗം വികസിപ്പിച്ചെടുത്തതെന്ന് ചൗധരി മറുപടിയായി പറഞ്ഞു. എൻ.സി.ഇ.ആർ.ടി എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകം കഴിഞ്ഞ മാസം പുറത്തിറങ്ങിയിരുന്നു.

Tags:    
News Summary - NCERT removes Tipu Sultan and Anglo-Mysore Wars from textbook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.